Wednesday, August 12, 2009

ആ അമ്മക്കൊരു സഹായം

ബൂലോകകാരുണ്യത്തില്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ചവറയിലെ പ്രസാദിന്റെ ചികല്‍സാസഹായത്തിനെ കുറിച്ചന്യോഷിക്കുമ്പോള്‍ അമ്യതാ ആശുപത്രിയിലെ ക്യാന്‍സര്‍ വിഭാഗത്തിലെ സ്റ്റാഫ് ആണ് റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, തിരുവനന്തപുരത്തിന്റെ കൊല്ലത്തെ പെയിന്‍ & പാലിയേറ്റീവ് കെയര്‍ യൂണിറ്റായ ക്യാന്‍സര്‍ കെയര്‍ സെന്റരിലെ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോക്ടര്‍ പ്രവീണ്‍ ജി പൈ പരിചയപ്പെടുത്തിയത്. ക്യാന്‍സര്‍ രോഗികളെ വീടുകളില്‍ ചെന്നു കണ്ട് ചികല്‍സ നല്‍കുന്ന ഒരു യൂണിറ്റ് അദ്ദേഹത്തിന്റെ ആര്‍ സീ സി യുടെ ഭാഗമായി കൊല്ലത്ത് ചവറയില്‍ പ്രവര്‍ത്തിക്കുന്നു.

കഴിഞ്ഞ ദിവസം അദ്ദേഹം ഒരു സഹായം ആവശ്യപ്പെട്ട് ഒരു മെയില്‍ അയച്ചിരുന്നു. ഒരു അറുപതുകാരി അമ്മയേയും അവരുടെ പന്ത്രണ്ടു വയസ്സുള്ള മകനെയും കഴിയുമെങ്കില്‍ സഹായിക്കാന്‍ സുഹൃത്തുക്കള്‍ക്കളോടും അഭ്യര്‍ഥിക്കാമോ എന്നദ്ദേഹം ചോദിച്ചിരിക്കുന്നു.

ക്ലീനിക്കില്‍ ചികല്‍സയില്‍ ഉണ്ടായിരുന്ന അറുപതിനു മേല്‍ പ്രായമുള്ള, എപ്പൊഴും പ്രസന്നവദനയായ താമര എന്നു പേരുള്ള അമ്മയെ, ആ മുഖഭാവം കാരണം തന്നെ ഡോക്ടര്‍ ശ്രദ്ധിച്ചത്. അസുഖം മിക്കവാറും മാറിയതായതിനാല്‍ ആ അമ്മയെ കൂടുതല്‍ പരിചയപ്പെടാന്‍ ഇട ഇല്ലായിരുന്നു. എങ്കിലും അടുത്തൊരു ദിവസം അദ്ദേഹം നേരിട്ട് ചെന്നു പരിചയപ്പെടുകയും കാര്യങ്ങള്‍ അന്യോഷിക്കുകയും ചെയ്തു. പിന്നീട് കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍, ആ അമ്മയെ കുറിച്ച് അറിഞ്ഞപ്പോള്‍,അവരുടെ മനശക്തിയിലും ജീവിതത്തോടുള്ള പോസിറ്റീവ് കാഴ്ചപ്പാടിലും ആ അമ്മയോട് വളരെ ബഹുമാനം തോന്നി.

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ഒരു ഭിക്ഷാംദേഹി ആണു ആ അമ്മ. മുപ്പത്തിനാലു കൊല്ലം മുന്‍പെ വിധവയായ അവര്‍ എകമകനുമൊത്ത് ആ ക്ഷേത്രത്തില്‍ എത്തിയതാണ്. പക്ഷെ ആ മകന്‍ അവരോട് പറയാതെ എവിടേക്കോ പോയി. മകനെ നഷ്ടപ്പെട്ടതിനു ശേഷവും ആ അമ്മ അമ്പലത്തിലും മറ്റും തന്നെ കഴിയുകയായിരുന്നു. പിന്നീട് സര്‍ക്കാരിന്റെ ലക്ഷം വീട് പദ്ധതിയില്‍ കൂടി അമ്മക്കും ഭൂമി ലഭിച്ചു.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നേ ഓച്ചിറ അമ്പലത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കൈകുഞ്ഞിനെ അവര്‍ സ്വമേധയാ ആണ് ഏറ്റെടുത്ത് വളര്‍ത്താന്‍ തുടങ്ങി. ബാലാരിഷ്ടത വളരെ ഉണ്ടായിരുന്ന കണ്ണനെ tuberculosis തുടങ്ങിയ രോഗങ്ങളില്‍ നിന്നു ചികല്‍സിച്ച് ജീവന്‍ രക്ഷിക്കാന്‍ സഹായത്തിനധികം ആരും ഇല്ലാത്ത ആ അമ്മക്ക് ഏറെ പാടുപെടേണ്ടി വന്നു. മെഡിക്കല്‍ കോളേജിലെ നീണ്ട ചികല്‍സക്കു ചെറിയ സമ്പാദ്യവും അമ്പലത്തില്‍ നിന്നു കിട്ടുന്ന സഹായവും പലരില്‍ നിന്നു വാങ്ങിയ ചെറിയ ചെറിയ കടങ്ങളും ഒക്കെ വേണ്ടി വന്നു.

കൂട്ടത്തില്‍ ആണു ആ അമ്മക്ക് uterine cervix cancer പിടിപെട്ടതും അതിന്റെ ചികല്‍സയും വേണ്ടി വന്നത്. അസുഖം മാറി എങ്കിലും സ്ഥിരം തുടര്‍ പരിശോധന ആവശ്യമാണ്. അതിനാണ് ഡോക്ടര്‍ പ്രവീണിന്റെ ക്ലീനിക്കില്‍ വരുന്നത്.

എന്തൊക്കെ ആയാലും കണ്ണന്‍ ആരോഗ്യത്തോടെ ഇരിക്കുന്നു എന്ന സന്തോഷം എല്ലാത്തിനും മീതെ ആ അമ്മക്കുണ്ട്. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കണ്ണന്‍ പഠനത്തിലും മുന്നില്‍ ആണ്. അധ്യാപകരും ആവും വിധം പിന്തുണയും സഹായവും അവന് നല്‍കുന്നു. നന്നായി പഠിച്ച്, വലുതാകുമ്പോള്‍ പട്ടാളത്തില്‍ ചേരുമെന്നു അഗ്രഹിക്കുന്ന ആ കുട്ടി സ്കൂളിലെ scouts ലും അംഗമാണ്. താമര അമ്മയും ആഗ്രഹിക്കുന്നത് അതു തന്നെയാണ്. സ്വന്തം കഴിവിന്റെ പരമാവധി മകനായി ചെയ്യാന്‍ ആ അമ്മ ശ്രമിക്കുന്നുണ്ട്. അവന്റെ കുഞ്ഞു കുഞ്ഞു ആവശ്യങ്ങളെ അവര്‍ അത്രക്കും പ്രാധാന്യത്തോടെ കാണുന്നു. പക്ഷെ പലപ്പോഴും അവര്‍ നിസ്സഹായ ആകുന്നു. ഇല്ലായ്മയും വല്ലായ്മയും എല്ലാം അറിഞ്ഞ് വളരുന്ന കണ്ണന്‍ തന്നെയാണ് എപ്പോഴും അമ്മയെ സമാധാനിപ്പിക്കുന്നതും. നല്ല നല്ല ആഹാരങ്ങളും മറ്റും നല്‍കാന്‍ ആ അമ്മക്ക് ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും കഴിയാറില്ല. അമ്പലത്തില്‍ നിന്നു പ്രസാദം ആയി കിട്ടുന്ന ആഹാരം സന്തോഷത്തോടെ തന്നെ കഴിക്കുന്ന കണ്ണന്‍ അമ്മക്ക് ഒത്തിരി ആശ്വാസമേകുന്നു.

ഡോക്ടര്‍ പ്രവീണ്‍ പറയുകയായിരുന്നു ആ അമ്മയുടെയും മകന്റെയും പരസ്പരസ്നേഹത്തിലും സ്വാന്തനത്തിലും പണമില്ലാതെ തന്നെ അവരുടെ ജീവിതം ധന്യമാണ്, ആ സ്നേഹവും വാല്‍സല്യവും അദ്ദേഹത്തിനെ വളരെ ആകര്‍ഷിച്ചു എന്നു.

പക്ഷെ പണത്തിനു അതു തന്നെ വേണ്ടുന്ന സാഹചര്യങ്ങള്‍ ഉണ്ട്. ആ അമ്മയുടേയും മകന്റെയും ചികല്‍സക്കായി വാങ്ങിയ കടങ്ങളില്‍ അന്‍പതിനായിരത്തോളം വരുന്ന ഒന്നിനായി അവര്‍ അവര്‍ക്കു ഉള്ള ആ ഭൂമി ഈടു നല്‍കിയിരുന്നു.അത്യാവശ്യസമയത്ത് കടം തന്നു സഹായിച്ച് വ്യക്തിക്ക് പണം തിരിച്ച് കൊടുക്കേണ്‍ട സാഹചര്യത്തില്‍ അതു നല്‍കാന്‍ ആവാത്തതിനാല്‍ ചിലപ്പോള്‍ ആ ഭൂമി കൈവിട്ടു പോയെക്കാം എന്ന അവസ്ഥയില്‍ ആണു. ഉണ്ടായിരുന്ന വീട് നശിച്ച് പോയതിനാല്‍ താല്‍ക്കാലിക ഷെഡ്ഡിലാണ് ഇപ്പോള്‍ കണ്ണനും അമ്മയും. പക്ഷെ ആ സ്ഥലം തന്നെ നഷ്ടപ്പെട്ടാല്‍ എന്ന ചിന്ത അവരെ അലട്ടുന്നു. അറുപതില്‍ എത്തിയ ആരോഗ്യം അത്ര പോരാത്ത ആ അമ്മക്ക് , സ്വന്തമെന്നു പറയാന്‍ ആരും ഇല്ലാത്ത ഇനിയും ബാല്യം കഴിയാത്ത ആ മകനു ആകെ കൊടുക്കാന്‍ ഉള്ളതാണ് ആ ഭൂമി.

കണ്ണന്റെ വിദ്യാഭ്യാസം, താമസിക്കാന്‍ ഒരു വീട് എന്നതിനൊപ്പം ‍ ഇപ്പോള്‍ ആ ഭൂമി നഷ്ടപ്പെടാതിരുന്നെങ്കില്‍ എന്നു കൂടി ആ അമ്മ പ്രാര്‍ഥിക്കുന്നു. ആ ആശങ്ക ഒരു അമ്മയുടെ മനസ്സിനെ എത്രമാത്രം തളര്‍ത്തുന്നുണ്ട് എന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.

ഡോക്ടറുടെയോ സുഹൃത്തുക്കളുടെയോ മാത്രം സഹായം കൊണ്ട് മാത്രം കാര്യങ്ങള്‍ നടന്നില്ലെങ്കിലോ എന്ന ചിന്തയാല്‍ ആണ് ബൂലോഗകാരുണ്യത്തിന്റെയും ബ്ലോഗര്‍മാരുടെയും ശ്രദ്ധയിലേക്ക് ഈ കാര്യം കൊണ്ട് വരാന്‍ ഞാന്‍ ശ്രമിക്കുന്നത്. പല പല തുള്ളികള്‍ ചേര്‍ത്ത് ഒരു വലിയ ആശ്വാസക്കടലാക്കി മാറ്റാന്‍ നമുക്ക് കഴിഞ്ഞാല്‍ അതു ആ അമ്മക്കും കണ്ണനും വലിയൊരനുഗ്രഹമായിരിക്കും.

നമുക്കവരെ സഹായിക്കാനാകില്ലേ?
----------------------------------------------------------------------
ഡോക്ടര്‍മാരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും ഒരു സംഘടനയായ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ട്രസ്റ്റ് കൊല്ലത്ത് പ്രവര്‍ത്തിക്കുന്നു. എഴുനൂറിലധികം രോഗികള്‍ക്ക് തികച്ചും സൌജന്യമായി കണ്‍സള്‍ട്ടേഷനും മരുന്നുകളും വീടുകളില്‍ ചെന്നുള്ള പരിചരണവും ബോധവല്‍ക്കരണവും നല്‍കാന്‍ ശ്രമിക്കുന്ന ആ സംഘടനയില്‍ തന്റെ സമയം വിനിയോഗിക്കുന്ന ഡോക്ടര്‍ പ്രവീണ്‍ കഴിഞ്ഞ മൂന്നു വര്‍ഷം ആയി ആഴ്ചയില്‍ മൂന്നു ഓ. പി. ക്ലീനിക് നടത്തി വരുന്നുണ്ട്. ഡോക്ടര്‍ പ്രവീണിന്റെ ഈമെയില്‍ praveengpai at gmail dot com ആണ് . http://palliativecarekollam.org/ (വെബ്സൈറ്റ് പൂര്‍ണ്ണമായും അപ്ഡേറ്റഡ് അല്ല). ആവശ്യമെങ്കില്‍ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പറ് കൂടി നല്‍കിക്കോളാന്‍ ഡോക്ടര്‍ പ്രവീണ്‍ പറഞ്ഞിരിക്കുന്നു. എന്തെങ്കിലും സഹായമോ അന്യോഷണമോ ആവശ്യമെങ്കില്‍ ചെയ്തുതരാം എന്നു ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്.
--------------------------------------------------------------------
ബൂലോകം ഓണ്‍ലൈന്‍ ഈ പോസ്റ്റിനെ കുറിച്ച് പ്രസിദ്ധികരിച്ച ആ അമ്മയ്ക്കൊരു സഹായം എന്ന റിപ്പോര്‍ട്ടില്‍ ഡോ. പ്രവീണ്‍ നല്‍കിയ കമന്റ് ആ അമ്മയെ കുറിച്ച് നേരിട്ടറിയുന്ന അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍...ആ അമ്മ എന്തു കൊണ്ടാണ് അദ്ദേഹത്തിനു ഇത്രയധികം important ആകുന്നതെന്നും എന്തു കൊണ്ടാണ് അവര്‍ക്കായ് ഈ സഹായം നല്‍കാന്‍ വേണ്ടി ഇത്രക്കധികം ശ്രമിക്കുന്നതെന്നും വളരെ ഹ്രദയസ്പര്‍ശിയായ വാക്കുകളില്‍ പറഞ്ഞിരിക്കുന്നു.
ps: i have added that words as the 27th comment in this post.
--------------------------------------------------------------------
കണ്ണന്‍റെ പേരില്‍ ഒരു ബാങ്ക് അക്കൗണ്ട്‌ ഉണ്ട് -
Master Kannan, A/c no. 4528001500005174 -
Punjab National Bank, Oachira branch.
IFSC Code : PUNB0452800
1st floor, Temple Shopping Complex Oachira,
District Kollam, Kerala 690526
--------------------------------------------------------------------
29 Aug 2009
ref Comment # 37
By Dr. Praveen

സഹായിക്കാന്‍ സന്മനസ്സ് കാണിച്ച എല്ലാ ബൂലോകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
ഡോക്ടര്‍ പ്രവീണിന്റെ അഭിപ്രായം ഇനി തല്‍ക്കാലം കൂടുതല്‍ പണം നല്‍കണ്ട എന്നാണ്. കാരണം ആദ്യം ലക്ഷമിട്ടിരുന്ന ആ കിടപ്പാടത്തിലുള്ള കടം വീട്ടി പ്രമാണം ഇന്നു തിരിച്ച് കിട്ടും. അതിനു ശേഷം കണ്ണന്റെ സ്കൂളിംഗിനെ കുറിച്ചും തലചായ്ക്കാനായുള്ള വീടിനെ കുറിച്ചും കൂടുതല്‍ ചര്‍ച്ച ചെയ്തതിനു ശേഷം തീരുമാനിക്കുന്നതാവും നന്ന് എന്നാണദ്ദേഹത്തിന്റെ അഭിപ്രായം.

ദുബായില്‍ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടന സഹായം നല്‍കുന്നതിനൊപ്പം കണ്ണന്റെ പഠനവും അനുബന്ധകാര്യങ്ങളും ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ( അവരെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അവരുടെ സമ്മതം വാങ്ങിയതിനു ശേഷം ബൂലൊകകാരുണ്യത്തില്‍ അറിയിക്കുന്നതാണ്.) അതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍, ആ സംഘടനയുടെ, നാട്ടിലുള്ള ഒരു ബഹുമാന്യനായ വ്യക്തി ഡോക്ടര്‍ പ്രവീണിനെ പരിചയപെട്ടിരുന്നു. അതിന്റെ കാര്യങ്ങളും പുരോഗതിക്കനുസരിച്ച് മാത്രം അറിയിക്കുന്നതാവും നന്ന് എന്നു കരുതുന്നു.


.....................................
എല്ലാവര്‍ക്കും നന്ദി.ബൂലോഗകാരുണ്യത്തിനും നന്ദി :)