Monday, December 13, 2010

അനഘ ഹൃദയശസ്ത്രക്രിയ : അപ്ഡേറ്റ്


അനഘയുടെ ഹൃദയശസ്ത്രക്രിയ
(Details here)
ഡിസംബര് 20ന് നടത്താന് ശ്രീചിത്തിരയിലെ ഡോക്ടര്മാര് തീരുമാനിച്ചിരിക്കുന്നതായി അറിയിച്ചിട്ടുണ്ട്.

ശസ്ത്രക്രിയക്കാവശ്യമായ തുകയുടെ ഒരു ശതമാനം സുമനസ്സുകളുടെ സഹായത്താല് സമാഹരിക്കുവാന് കഴിഞ്ഞിട്ടുണ്ട്.
ബൂലോഗകാരുണ്യം സുഹൃത്തുക്കള് കാരുണ്യം അക്കൌണ്ടില് അനഘക്കായി നല്കിയതും വാര്ഷികസംഭാവനയില് നിന്നും നമുക്ക് നല്കാന് കഴിയുന്ന ഒരു വിഹിതവും ചേര്ത്തുള്ള തുക ഉടനെ തന്നെ അനഘയെ ഏല്പ്പിക്കുന്നതാണ്.(സഹകരിച്ചവര്ക്കായി വിശദവിവരങ്ങള് നമ്മുടെ കാരുണ്യം ഗ്രൂപ്പില് നല്കിയിരിക്കുന്നു. ചെക്ക് ചെയ്യുമല്ലോ. ചില സുഹൃത്തുക്കള് അനഘയുടെ അച്ഛന്റെ അക്കൌണ്ടിലേക്ക് സഹായം എത്തിച്ചിരുന്നു. ഇനി സഹകരിക്കാന് കഴിയുന്നവര് ദയവായി എത്രയും പെട്ടെന്ന് അറിയിക്കുമല്ലോ)
അനഘയുടെ സര്ജ്ജറി, ബുദ്ധിമുട്ടൊന്നും ഉണ്ടാകാതെ എത്രയും പെട്ടെന്ന് നടക്കട്ടെ, അവള് പൂര്ണ്ണആരോഗ്യവതിയാവട്ടെ.

Tuesday, December 7, 2010

കുട്ടികള്‍ക്കുള്ള യൂണിഫോം - ഒരു അപ്‌ഡേറ്റ്

സുഹൃത്തുക്കളേ

വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്കായി സ്കൂള്‍ യൂണിഫോം നല്‍കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നു എന്ന് സസന്തോഷം അറിയിക്കട്ടെ. ഈ പ്രവര്‍ത്തനത്തിന്റെ  ഇതുവരെയുള്ള വിവരങ്ങള്‍ താഴെ കുറിക്കുന്നു.

യൂണിഫോം വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സെര്‍വ് ഇന്ത്യാ ആദിവാസി സ്കൂളിലെ അദ്ധ്യാപകന്‍ സാമുവല്‍ സാര്‍, മറ്റ് 2 അദ്ധ്യാപകര്‍ എന്നിവരുമായി നവംബര്‍ 30ന് വയനാട്ടിലെ മാനന്തവാടിയില്‍ വെച്ച് ബൂലോക കാരുണ്യത്തിന്റെ പ്രതിനിധി ചര്‍ച്ച നടത്തി. ഡിസംബര്‍ 3ന് അദ്ധ്യാപകര്‍ ഇക്കാര്യം ഔര്‍ദ്യോഗികമായി സ്കൂള്‍ പി.ടി.എ. മീറ്റിങ്ങില്‍ അവതരിപ്പിച്ചു. ഈ അദ്ധ്യയന വര്‍ഷം അവസാനിക്കാന്‍ ഇനി 4 മാസത്തില്‍ താഴെ മാത്രമേ സമയം ഉള്ളൂ എന്നതിനാലും, യൂണിഫോം തുന്നിയെടുക്കാന്‍ 2 മാസത്തിലധികം സമയം എടുക്കുമെന്നതിനാലും ഇക്കൊല്ലത്തിന് പകരം അടുത്ത അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ യൂണിഫോം വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

ആദിവാസികളില്‍ സഹായം എത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നമ്മള്‍ക്കൊപ്പം നില്‍ക്കുന്ന സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ചെതലയം എന്ന സ്ഥലത്തുള്ള ശ്രീ.കുഞ്ഞഹമ്മദിക്കയുടെ രണ്ട് പെണ്‍മക്കള്‍ അടക്കമുള്ള 4 യുവതികളും, മനോജ് എന്ന പേരുള്ള യുവാവുമാണ് കുട്ടികള്‍ക്ക് വേണ്ട യൂണിഫോം തുന്നുന്ന ജോലി ഏറ്റെടുത്തിരിക്കുന്നത്.

06 ഡിസംബര്‍ 2010ന് അവര്‍ സ്കൂളില്‍ ചെന്ന് കുട്ടികളുടെ അളവുകള്‍ എടുത്തുകഴിഞ്ഞു. 3 കുട്ടികള്‍ മാത്രമാണ് അന്നേ ദിവസം സ്ക്കൂളില്‍ വരാതിരുന്നത്. അവരുടെ അളവെടുക്കല്‍ സൌകര്യം പോലെ മറ്റൊരു ദിവസം ചെയ്യുന്നതാണ്. 1 മുതല്‍ 6 ക്ലാസ്സ് വരെയുള്ള കുട്ടികളുടെ അളവാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. മൊത്തം 289 കുട്ടികളാണ് ക്ലാസ്സ് 1- 6 വരെയുള്ളത്.  ഇതിലേക്ക് അടുത്ത കൊല്ലത്തെ ക്ലാസ്സ് 1ലെ കുട്ടികള്‍ കൂടെ ചേര്‍ക്കപ്പെടും. അതും 40 ന് മുകളില്‍ കുട്ടികള്‍ കാണുമെന്ന് പ്രതീക്ഷിച്ചാല്‍, ഏകദേശം 329 കുട്ടികള്‍ എന്ന് കണക്കാക്കാം.

അടുത്ത അദ്ധ്യയന വര്‍ഷമാകുമ്പോള്‍ ഇക്കൊല്ലത്തെ ക്ലാസ്സ് 7 ലെ കുട്ടികള്‍ സ്കൂള്‍ വിട്ടുപോകുകയും, അതോടൊപ്പം അടുത്ത കൊല്ലം പുതിയ ക്ലാസ്സ് 1 ലേക്ക് കുട്ടികള്‍ വരുമെന്നുമിരിക്കെ, അടുത്ത കൊല്ലം ജൂണ്‍ ആദ്യവാരത്തില്‍ അപ്പോഴത്തെ ക്ലാസ്സ് 1ന്റെ അളവ് കൂടെ എടുത്ത് അത്രയും കുട്ടികള്‍ക്കുള്ള തുണികള്‍ കൂടെ തുന്നിയാല്‍ മതിയല്ലോ. അതിനകം തന്നെ ഇപ്പോള്‍ എടുത്ത അളവ് പ്രകാരമുള്ള യൂണിഫോമുകള്‍ തുന്നി തീര്‍ന്നിട്ടുമുണ്ടാകും.

മൊത്തം ആവശ്യം വരുന്ന തുണിയുടെ കൊട്ടേഷന്‍ രണ്ടോ മൂന്നോ സ്ഥലങ്ങളില്‍ നിന്ന് എടുത്ത് അതില്‍ വിലക്കുറവ് മാത്രം നോക്കാതെ നിലവാരം കൂടെ ഉറപ്പ് വരുത്തി തുണി വാങ്ങി, ഉടനെ തന്നെ തുന്നല്‍ ജോലികള്‍ ആരംഭിക്കുന്നതാണ്.

യൂണിഫോം തുണിയുടെ സാമ്പിളിന്റെ ചിത്രം താഴെ നോക്കൂ. നീല നിറത്തിലുള്ളത് പാന്റ് / പാവാടയും, നീലയും വെള്ളയും കലര്‍ന്ന തുണി ഷര്‍ട്ടിന്റേതുമാണ്.


ജൂണ്‍ ആദ്യവാരത്തിലോ രണ്ടാമത്തെ വാരത്തിലോ സ്കൂളില്‍ ചെന്ന് വസ്ത്രങ്ങള്‍ വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അതെന്നാണ് ചെയ്യാനാകുന്നതെന്നും മറ്റുമുള്ള കാര്യങ്ങള്‍ ബൂലോക കാരുണ്യം വഴി എല്ലാവരേയും അറിയിക്കുന്നതാണ്. താല്‍പ്പര്യമുള്ളവര്‍ക്ക് അന്നേ ദിവസം സ്കൂളില്‍ എത്തി ഈ പ്രവര്‍ത്തനങ്ങളില്‍ നേരിട്ടുള്ള പങ്കാളിത്തവും നല്‍കാവുന്നതാണ്.

സഹായ സഹകരങ്ങള്‍ക്ക് എല്ലാവരോടും നന്ദി അറിയിക്കുന്നു. തുടര്‍ന്നും സഹായങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.

Monday, November 22, 2010

അനഘയ്ക്കായ് ഒരു കൈ സഹായം


ഇടുക്കി ജില്ലയിലെ നെടുംങ്കണ്ടത്തിനടുത്ത് ചക്കക്കാനം എന്ന ഗ്രാമത്തിൽ
താമസിക്കുന്ന അനഖ എന്ന അഞ്ചുവയസുകാരിയുടെ ഹൃദയത്തിന്റെ വാൽ‌വിലെ ദ്വാരം
ഉടനടി ഓപ്പറേറ്റ് ചെയ്യേണ്ടതുണ്ട്. കൂലിപ്പണിക്കാരനായ അച്ഛൻ റെജിയ്ക്കും
കുടുംബാംഗങ്ങൾക്കും
ഒന്നരലക്ഷം രൂപ എന്നത് താങ്ങാവുന്നതിലേറെയാണ്. ചികിത്സയും യാത്രാ
ആവശ്യങ്ങൾക്കുമുള്ള പണം സുഹൃത്തുക്കളും നാട്ടുകാരും കഴിവിനൊത്ത് ഇതുവരെ
സഹായം ചെയ്തുകൊടുക്കുകയായിരുന്നു. ഒരു രൂപപോലും സ്വീകരിക്കുവാൻ തയ്യാറാണ്
എന്ന റെജിയുടെ

നിർദ്ധനകുടുംബത്തിന്റെ അപേക്ഷ ആരും തള്ളിക്കളയരുതേ.

നിങ്ങളാലാവുന്നത് എത്ര ചെറിയ തുകയായാലും നൽകി സഹായിക്കണമെന്ന്
യാചിക്കുന്നു.


REJI RAJAN
KUNNUMPURATH HOUSE
09961422793
STATE BANK OF TRAVANCORE
NEDUMKANDAM BRANCH (IDUKKI DIST)
Br. No.: 70216

Ac. No. : 67133686625
SWIFT CODE : SBTRINBBFED
IFS : SBTR0000216

നിരാലംബയായ ആ കുരുന്നിനെ കൈവിടരുതേ. ഇതൊരു ഫോർവ്വേ‌ഡ് മെസേജ് അല്ല.
വ്യക്തിപരമായി അടുത്തറിയാവുന്നതുകൊണ്ടാണ് നിങ്ങളോട് അഭ്യർത്ഥിക്കുന്നത്.
ഞാൻ അറിയാത്ത പലർക്കും ഈ മെയിൽ അയച്ചിട്ടുണ്ട്. സദുദ്ദേശത്തെക്കരുതി
സഹായിക്കുക.


സാല്‍ജോ അയച്ചു തന്ന മേയിലാണ്
saljo joseph
0091-8800640815

Sunday, November 7, 2010

ഒരു അഭ്യര്‍ത്ഥന : വസ്ത്രശേഖരണം

വയനാട്ടിലെ ചെതലയം എന്ന സ്ഥലത്തെ ആദിവാസി കോളനികള്‍ നമ്മള്‍ ബ്ലോഗ് സുഹൃത്തുക്കള്‍ നടത്തിയ ചില ചെറിയ പ്രവര്‍ത്തനങ്ങള്‍ എല്ലാവരും അറിഞ്ഞ് കാണുമല്ലോ ? നാട്ടുകാര്‍ ചെന്നെത്താത്ത കൊമ്മഞ്ചേരി ആദിവാസി കോളനികള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ വസ്ത്രവിതരണമാണ് പ്രധാനമായും നടത്തിയത്. കൂട്ടത്തില്‍ കുറച്ച് കളിപ്പാട്ടങ്ങള്‍, പായ, കമ്പളി എന്നതൊക്കെയും വിതരണം ചെയ്തു. ആ വിവരങ്ങള്‍ അറിയാത്തവര്‍ ദയവായി ഈ ലിങ്കുകള്‍ നോക്കൂ.

വയനാട്ടിലെ ആദിവാസികള്‍ക്കായി അഹോരാത്രം കഷ്ടപ്പെടുന്ന കുഞ്ഞഹമ്മദിക്ക എന്ന സന്മനസ്സിന്റെ നേതൃത്വത്തിലാണ് ആ പ്രവര്‍ത്തനങ്ങള്‍ എല്ലാം നടത്തിയത്. (കുഞ്ഞഹമ്മദിക്കയെ പറ്റിയുള്ള വിശദവിവരങ്ങള്‍ ഇവിടെയുണ്ട്.) അതിന്റെ ചില പത്രവാര്‍ത്തകള്‍ കണ്ട്, വയനാട്ടിലെ തന്നെ തിരുനെല്ലി എന്ന സ്ഥലത്തെ ഒരു സ്ക്കൂള്‍ അദ്ധ്യാപകന്‍ കുഞ്ഞഹമ്മദിക്കയെ സമീപിച്ചു. അദ്ദേഹത്തിന്റെ സ്ക്കൂളിലാണ് പോലും ഏറ്റവും കൂടുതല്‍ അവിവാഹിതരായ ആദിവാസി അമ്മമാരുടെ കുട്ടികള്‍ പഠിക്കുന്നത്. ആ കുട്ടികള്‍ വസ്ത്രങ്ങള്‍ ഇല്ലാതെ കഷ്ടപ്പെടുന്നു. അവര്‍ക്കായി കുറച്ച് തുണികള്‍ കൊടുക്കാമോ എന്നാണ് അദ്ധ്യാപകന്‍ കുഞ്ഞഹമ്മദിക്കയോട് ചോദിച്ചത്.

ഇന്റര്‍നെറ്റ് വഴിയുള്ള കുറേ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് തുണികള്‍ എത്തിച്ചത്. അവരുമായി സംസാരിച്ച് വിവരം അറിയിക്കാം എന്നാണ് കുഞ്ഞഹമ്മദിക്ക മറുപടി കൊടുത്തത്.

നമുക്കിനിയും വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ ആവില്ലേ ? അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമാണോ ?
കൂട്ടത്തില്‍ അല്പം തുക സമാഹരിച്ച് ഒരു ജോഡി പുതിയ യൂണിഫോം തന്നെ ഈ കുട്ടികള്‍ക്കായി നല്‍കാന്‍ നമുക്കാവില്ലേ ?

ബൂലോഗകാരുണ്യത്തിലൂടെ നമുക്കതിന് കഴിയില്ലേ. എല്ലാവരും തുണികള്‍ ശേഖരിക്കൂ. കളക്ട് ചെയ്യാന് കഴിയുന്നവര് മുന്നോട്ട് വരൂ.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം എന്നീ സ്ഥലങ്ങളില്‍ വസ്ത്രങ്ങള്‍ ആരെ ഏല്‍പ്പിക്കണമെന്ന് വഴിയെ (കമന്റ് വഴി) അറിയിക്കാം. മറ്റ് ജില്ലകളില്‍ ഉള്ളവരും ശേഖരിക്കൂ. എന്നിട്ട് അറിയിക്കൂ.. കളക്‍റ്റ് ചെയ്യാനുള്ള ഏര്‍പ്പാട് നമുക്ക് ചെയ്യാം.

വിദേശരാജ്യങ്ങളില്‍ നിന്ന് പാഴ്സല്‍ ആയി അയക്കുന്നത് അന്വേഷിച്ചിരുന്നതാണ് . അത് ഒട്ടും എക്കണോമിക്കല്‍ അല്ല. അതുകൊണ്ട് സന്മനസ്സുള്ളവര്‍ 5 -10 കിലോ തുണികള്‍ സ്വന്തം ലഗ്ഗേജില്‍ തന്നെ നാട്ടില്‍ എത്തിക്കാന്‍ ശ്രമിക്കൂ. അതും കളക്‍റ്റ് ചെയ്യാം.


വസ്ത്രങ്ങള്‍ തരുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.
1) മുഷിഞ്ഞത്, പിന്നിപ്പറിഞ്ഞത്, കീറിയത്, നരച്ചത്, കീറാനായത്, തുന്നല്‍ വിട്ടത്, ബട്ടന്‍സുകളും സിബ്ബുകളും ചീത്തയായത്, കറ പിടിച്ചത് ഇത്തരം തുണികള്‍ ഒഴിവാക്കുക. നമ്മള്‍ ഒന്നോ രണ്ടോ പ്രാവശ്യം ഇട്ട് ഫാഷന്‍ മാറിയതുകൊണ്ടും സൈസ് ചെറുതായതുകൊണ്ടുമൊക്കെ മാറ്റിവെച്ചിരിക്കുന്ന നല്ല വസ്ത്രങ്ങളാണ് പ്രതീക്ഷിക്കുന്നത്. ചീത്തയായ തുണിത്തരങ്ങള്‍ നമ്മള് ഒഴിവാക്കുകയല്ല മറിച്ച് അവര്ക്ക് തികച്ചും ഉപയോഗപ്രദമാകും എന്ന് നമുക്കുറപ്പുള്ളവ നാം നല്കുകയാണ്.
2) കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉള്ള തുണികള്‍ക്ക് കൂടുതല്‍ മുന്‍‌തൂക്കം കൊടുക്കാം. പാന്റ്, ജീന്‍സ് മുതലായവ തരുകയാണെങ്കില്‍ നമ്മുടെ ശരീരപ്രകൃതിക്കനുസരിച്ചുള്ള പാന്റ്സും ജീന്സും മറ്റും അവര്ക്ക് മിക്കവാറും പാകമാവാത്തതാവാന് സാധ്യത ഉള്ളതിനാല് അസാമാന്യ വലിപ്പം ഉള്ളത് ഒഴിവാക്കുന്നതാവും നന്ന്

കൂട്ടത്തില്‍ അല്‍പ്പം സാമ്പത്തിക സഹായവും ചെയ്യാനായാല്‍....
ഈ കുട്ടികള്‍ക്ക് ആവശ്യമായ പുതിയ സ്ക്കൂള്‍ യൂണിഫോം വാങ്ങിക്കൊടുക്കാന്‍ നമുക്കാവും.
എല്ലാവരും പെട്ടെന്ന് തന്നെ വേണ്ടത് ചെയ്യുമല്ലോ ?
എത്രയും പെട്ടെന്ന് ശേഖരിച്ച് ഈ മാസം അവസാനത്തോടെ തന്നെ ഈ വസ്ത്രങ്ങള്‍ വിതരണം ചെയ്യാമെന്നാണ് ആഗ്രഹിക്കുന്നത്.

---
നിരക്ഷരന്‍ | Manoj Ravindran

Related Buzz :
06/11/2010 : Ashly A K അപ്പൊ, നമ്മള്‍ മുന്പോട്ട് പൂവ്വല്ലേ...
07/11/2010 : Nishad Kaippally കൈപ്പള്ളി - 1 ലക്ഷം രൂപ പിരിച്ചു ആദിവാസി കുട്ടികള്‍ക്ക് യൂണിഫോം ...

08/11/2010 : Boologakarunyam bank Account : Please provide details of your contributions here

Friday, October 15, 2010

ബൂലോഗകാരുണ്യം അഭ്യുദയകാംക്ഷികളുടെ ശ്രദ്ധയ്ക്ക്

ബൂലോഗ കാരുണ്യം അക്കൗണ്ട്‌ലേക്ക് തുക അയക്കുന്നവര്‍ അത് വാര്‍ഷിക സംഭാവന ആണോ അതോ പൊതുവായ ഏതെങ്കിലും കാര്യത്തിനുള്ള സംഭാവന ആണോ എന്ന് ഉടന്‍ മെയില്‍ വഴിയോ കമന്റ് വഴിയോ ദയവായി അറിയിക്കുക

ഗ്രൂപ്പില്‍ സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിയിക്കുമല്ലോ .

---------------------------------------------------------------------------------

Note: അനീഷിനെ സഹായിക്കാന് അഗ്രഹിക്കുന്നവര് അനീഷിന്റെ അമ്മയുടെ പേരിലുള്ള അക്കൌണ്ടില് നല്കാന് താല്പര്യപ്പെടുന്നു
A/C : 854610110001465
Name-Rajasree M
Bank-Bank of India, Ottappalam, ( Phone : 04662344150)
Dist- Palakkad District, Kerala

---------------------------------------------------------------------------------

Tuesday, March 30, 2010

വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ - സഹായ അഭ്യര്‍ഥന

ഏഴെട്ട് മാസങ്ങളായി കുടുംബാംഗത്തിന്റെ അസുഖവും മറ്റ് ചില അസ്വസ്ഥതയും കാരണം,കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലെ നെഫ്രോളജി വാര്‍ഡും, വീടുമായിട്ടാണു ദിനങ്ങള്‍ കടന്ന് പോയികൊണ്ടിരിയ്ക്കുന്നത്. അന്ന് അഗ്രു ഗ്രൂപ്പ് മെയിലില്‍ എന്നെ കുറിച്ച് പറഞ തിരക്കിനും നെറ്റില്‍ കാണായ്മയ്ക്കും ഇത് തന്നെ കാരണം.

ഇനി പറയുന്നത് വിദ്യ എന്ന വീട്ടമ്മയേ കുറിച്ച്, അവിടെ വൈകുന്നേരങ്ങളില്‍ സ്ക്കൂള്‍ വിട്ട് യൂണിഫോമില്‍ തന്നെ എത്തുന്ന രണ്ട് കുഞുങളെയും കുറിച്ചാണു.

പരിചയപെട്ടിട്ട് മാസങ്ങളാവുന്നു വിദ്യയയേ. ഭര്‍ത്താവ് - ശ്രീ വെങ്കിടാചലം.(വെങ്കി) പന്ത്രണ്ട് വയസ്സുള്ള ഒരു ആണ്‍കുട്ടിയും, ഏഴ് വയസ്സുള്ള ഒരു പെണ്‍കുട്ടിയുമാണു മക്കള്‍. വെങ്കി എറണാകുളം ബ്രാഹ്മണ സമൂഹത്തില്‍ പാചക വിഭാഗത്തില്‍ ചെറിയ ഏതോ ജോലിക‌ള്‍ ചെയ്ത് വരുകയായിരുന്നു. വിദ്യ ഇപ്പോ‌‌ള്‍ ചില വീടുകളില്‍ അടുക്കള പണിയ്ക്ക് പോകുന്നു. ഏതാണ്ട് രണ്ടായിരും രുപ വരുമാനമുണ്ട്. ശ്രീ വെങ്കിടാചലം രണ്ട് കൊല്ലമായിട്ട് വൃക്കയ്ക്ക് വന്നിട്ടുള്ള ഗുരുതരമായ നാശം കാരണം മാസത്തില് മെഡിക്കല്‍ ട്രസ്റ്റില്‍ ഡയാലിസിസ് നടത്തി കൊണ്ടിരിയ്ക്കുകയാണു. ഇത് വരെ ഒന്നര ലക്ഷത്തോളം രൂപ ചെലവായി കഴിഞ്ഞു. ഇതൊക്കെ തന്നെയും, ബ്രാഹ്മണ ട്രസ്റ്റ് വ്കയും, ആസ്പത്രിയില്‍ തന്നെ കാണുന്ന (ഡയാലിസിസ് യൂണിറ്റിന്റെ വരാന്ത തന്നെ ഒരു ട്രസ്റ്റായിട്ട് പ്രവര്‍ത്തിയ്ക്കുന്നു, ഈ സ്ത്രീയ്ക്ക് വേണ്ടി, അത്രയ്ക്ക് പരിതാപകരമായ അവസ്ഥയിലാണിവര്‍, വെങ്കി എറണാകുളം ബ്രാഹ്മണ സമൂഹത്തില്‍ പാചക വിഭാഗത്തില്‍ ചെറിയ ഏതോ ജോലിക‌ള്‍ ചെയ്ത് വരുകയായിരുന്നു. വിദ്യ ഇപ്പോ‌‌ള്‍ ചില വീടുകളില്‍ അടുക്കള പണിയ്ക്ക് പോകുന്നു. ഏതാണ്ട് രണ്ടായിരും രുപ വരുമാനമുണ്ട്, മാസത്തില്‍ മരുന്നിനും ചികത്സയ്ക്കും മാത്രമായിട്ട് തന്നെ, ഇരുപതിനായിരം രൂപയോളം വേണ്ടി വരുന്നുണ്ട്!)

സ്ഥിതി ഇങ്ങനെ ഇരിയ്ക്കുമ്പോ‌-ള്‍ ചികിത്സിയ്ക്കുന്ന ഡോ. ഇക്ബാല്‍, (DR.PH MOHAMMED IQUBAL, CONSULTANT NEPHROLOGIST, MEDICAL TRUST HOSPITAL) വൃക്ക മാറ്റി വയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനായിട്ട് ആസ്പ്റ്റത്രി വക കണക്കിനു, അഞ്ച് ലക്ഷം രുപയും, അത് കൂടാതെ, ഡോണര്‍ റീലേറ്റ്ഡ് ചിലവുകള്‍ക്ക് മറ്റ് ഒരു അഞ്ച് ലക്ഷം രൂപയും വരും. അതിന്റെ ഒക്കെ സ്ക്കാന്‍ഡ് ഡീറ്റേയിത്സ് ഇതിനോടൊപ്പം ചേര്‍ക്കുന്നു. ഇത്രയും വേഗം ഒരു ഓപറേഷനിലൂടെ ഈ നരക തുല്യമായ അസുഖത്തി^ല്‍ നിന്ന് കരകേറാനാവുമോ എന്ന ഒരു സ്വപ്നത്തിലാണു വിദ്യ ഇപ്പോ^ള്‍. ഇതിനായിട്ട് ഇത്രയും തുക എങ്ങനെ സ്വരുക്കൂട്ടാനാവും എന്നത് മറ്റൊരു സ്വപ്നം.

ബൂലോക കാരുണ്യത്തിലൂടെ ഇതിലേയ്ക്ക് എന്തെങ്കിലും ഒരു സഹായം അപേക്ഷിച്ച് കൊണ്ട് ഇതിവിടെ പോസ്റ്റുന്നു. സ്കാനര്‍ വര്‍ക് ചെയ്യാത്തത് കൊണ്ട്, വെബ് ക്യാമിലാണു പേപ്പര്‍ സ്കാന്‍ ചെയ്തത് രണ്ട് കഷ്ണമായിട്ട്. കൊച്ചിയിലുള്ളവര്‍, ബൂലോക കാരുണ്യത്തിലല്ലാത്തവര്‍, നേരിട്ട് കൊണ്ട് കൊടുക്കുവാന്‍, കാണുവാന്‍ താല്പര്യമുള്ളവര്‍, എന്നേയോ, അല്ലെങ്കില്ല്, എനിക്ക് മെയിലായിട്ടയച്ചാല്‍ അവരുടെ അഡ്രസ്സും, ഫോണ്‍ നമ്പ്രും ഒക്കെ എത്തിയ്ക്കാം. ബൂലോകകാരുണ്യമല്ലാതെ, നേരിട്ട് ആര്‍ക്കെങ്കിലും പൈസ എത്തിയ്ക്കണമെന്നുണ്ടെങ്കില്‍,

Mrs Vidya Venkitachalam,
Canara Bank South Branch,
Account No. 0806101068363.
IFSC CODE nUMBER CNRB 0000 806









































Tuesday, March 23, 2010

ബൂലോഗകാരുണ്യം - ബാങ്ക് അക്കൗണ്ട് തുറന്നു

പ്രിയസുഹൃത്തുക്കളെ,

ബൂലോഗകാരുണ്യം ബ്ലോഗിനെ കൂടുതൽ സജീവമാക്കാൻ ലക്ഷ്യമിട്ട് നാം ചർച്ച ചെയ്ത വാർഷികസംഭാവന എന്ന ആശയത്തിനു ജീവൻ വെക്കുകയാണ്...

ലോകത്തിന്റെ പലഭാഗങ്ങളിലുള്ള മലയാളം ബ്ലോഗർമാരുടേയും മറ്റു സഹായമനസ്കരുടേയും സഹായങ്ങൾ ഒരുമിച്ച് ശേഖരിക്കാനായി കേരളത്തില്‍ രണ്ട് ബ്ലോഗർമാരുടെ പേരിലായി ഒരു ജോയിന്റ് ബാങ്ക് അക്കൌണ്ട് തുടങ്ങുകയും ആ അക്കൌണ്ട് വാർഷികസംഭാവന എന്ന ആശയത്തിനോട് അനുകൂലനിലപാട് സ്വീകരിച്ച സഹകാരികളോട് പങ്കുവക്കുകയും ചെയ്യുകയാണ്.

മാർച്ച് മാസത്തിനുള്ളിൽ തന്നെ ആവശ്യമായ നടപടികള്‍ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെ ആയിരുന്നു അന്ന് ഒരു മാറ്റം മുന്നോട്ട് വച്ചത്. അത് പ്രാവർത്തികമാക്കാൻ നമുക്ക് കഴിയുന്നു എന്നത് തീർച്ചയായും സന്തോഷം നൽകുന്ന കാര്യമാണ്.

ബൂലോഗകാരുണ്യത്തിന്റെ പ്രവർത്തനത്തിനാവശ്യമായ ചർച്ചകള്‍ തുടങ്ങിവെക്കാനായും സമയബന്ധിതമായി തീരുമാനങ്ങളിലെത്തിച്ചേരുന്നതിനും വേണ്ടി ഒരു ഗൂഗിൾ ഗ്രൂപ്പ് തുടങ്ങുകയും ബൂലോഗകാരുണ്യത്തിന്റെ വാർഷികസംഭാവന എന്ന ആശയത്തോട് ഒത്തുചേരാൻ മുന്നോട്ട് വന്ന ബ്ലോഗർമാരിൽ നല്ലൊരു വിഭാഗം ആ ഗ്രൂപ്പിൽ അംഗമാവുകയും ചെയ്തിട്ടുണ്ട്. സാങ്കേതികമായ എന്തെങ്കിലും കാരണത്താൽ ആ ഗൂഗിൾ ഗ്രൂപ്പിൽ അംഗമാവാത്തവർ ഉണ്ടെങ്കിൽ അവരെയും ഉൾപെടുത്തി എല്ലാ സഹകാരികൾക്കും ഈ കോമൺ അക്കൌണ്ടിന്റെ വിവരങ്ങൾ അറിയിക്കുന്നതായിരിക്കും.

ഈയൊരു ശ്രമത്തിന് ഒപ്പം നിന്ന് സഹകരണവും പ്രോത്സാഹനവും നല്‍കിയ എല്ലാ സുഹൃത്തുക്കളോടും ബൂലോഗകാരുണ്യം പ്രവര്‍ത്തകര്‍ക്കുള്ള ഹൃദയം നിറഞ്ഞ നന്ദി അറിയുക്കുകയാണ്.
ഇനിയും കൂടുതല്‍ ആളുകളുടെ സഹകരണം ഈയൊരു കാര്യത്തിനുണ്ടാവണം എന്നപേക്ഷിക്കുന്നു.

അതുല്യ, എഴുത്തുകാരി എന്നീ ബ്ലോഗര്‍മാരുടെ പേരില്‍ എറണാകുളത്താണ് 16 മാര്‍ച്ച് 2010ന് അക്കൌണ്ട് തുടങ്ങിയിരിക്കുന്നത്. എല്ലാവരും ഈ അക്കൌണ്ടിലേക്ക് അവരവുടെ വാര്‍ഷിക സംഭാവനയായ 1200 രൂപ അയക്കാന്‍ താല്‍‌പ്പര്യപ്പെടുന്നു [അംഗങ്ങള്‍ക്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ ഗൂഗിള്‍ ഗ്രൂപ്പ് വഴി അറിയിക്കുന്നതായിരിക്കും]

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി...

Monday, January 25, 2010

കാരുണ്യത്തിനു മെംബർഷിപ്പോ !!

ഏകദേശം മൂന്നുവർഷം മുമ്പ്, ബൂലോക കാരുണ്യം എന്നൊരു ബ്ലോഗ് കുറുമാൻ ആരംഭിച്ച് ഒരു മെംബർഷിപ് ഇൻ‌വിറ്റേഷൻ എനിക്ക് അയച്ചുതരുമ്പോൾ ബ്ലോഗ് എന്താണെന്നും ബ്ലോഗർ എന്താണെന്നും ഞാൻ പഠിച്ചുവരുന്നതേയുള്ളായിരുന്നു. അതുകഴിഞ്ഞ് അതിൽ ഒരു മെംബർ ആയിക്കഴിഞ്ഞപ്പോഴാണ് ബ്ലോഗില്‍ പലപ്പോഴായി വരുന്ന സഹായാഭ്യർത്ഥനകളിൽ ഭാഗഭാക്കാവാനും അങ്ങനെ എളിയതെങ്കിലും, എന്തെങ്കിലും ഒരു സഹായം ഇടയ്ക്കൊക്കെ ഞാനും മറ്റുള്ളവർക്ക് ചെയ്യുന്നുണ്ടെന്ന് സ്വയം തൃപ്തിയടയാനും ഇടയായത്.

അന്നൊക്കെ ഒരു റിക്വസ്റ്റ് വന്നുകഴിഞ്ഞാൽ ബൂലോക കാരുണ്യത്തിൽ സ്ഥിരം കാണാറുള്ള ചില കമന്റുകൾ ഉണ്ടായിരുന്നു. “തമനുവും അഗ്രജനും കൂടി അടുത്ത വെള്ളിയാഴ്ച സംഭാവനകൾ സ്വീകരിക്കുവാനായി വരാൻ ആഗ്രഹിക്കുന്നു. സംഭാവന കൊടുക്കാൻ ആഗ്രഹമുള്ളവർ (ദുബായ് ഷാർജ ഭാഗങ്ങളിലുള്ളവർ) അവരെ ഫോണിൽ ബന്ധപ്പെടേണ്ടതാണ്” അങ്ങനെ ചില വെള്ളിയാഴ്ചകളിൽ അവർ ഒരു കവറുമായി വന്നു. ഞാൻ കൊടുക്കുന്ന സംഭവാനയെത്രയെന്ന് അവരോ മറ്റാരുമോ മനസ്സിലാക്കാതിരിക്കാനായി ഒരു പ്ലെയിൻ കവറ് തന്ന് അതിൽ തുകയിട്ട് തരാനാണ് അന്ന് ആവശ്യപ്പെട്ടിരുന്നത്. അതിനാൽ തന്നെ ചമ്മലൊന്നുമില്ലാതെ ചെറിയ തുക അതിൽ നിക്ഷേപിക്കുവാനും സാധിച്ചിരുന്നു. പക്ഷേ പിരിവിന്റെ അവസാനം ദുബായിയിൽ നിന്ന് ഇരുപതിനായിരമോ ഇരുപത്തായിരമോ രൂപ മിക്കവാറൂം ഒരു സഹായാഭ്യർത്ഥനയ്ക്ക് പോയെന്നും, ഒപ്പം ലോകത്തിന്റെ മറ്റുപലഭാഗങ്ങളിലുള്ള സുമനസുകളും ആ പിരിവുകളിൽ പലതിലും പങ്കുചേർന്നുവെന്നും കേൾക്കുമ്പോൾ സന്തോഷം തോന്നിയിട്ടുണ്ട്. പലതുള്ളി പെരുവെള്ളം - എത്ര ശരി!

മറ്റ് ഒന്നുരണ്ടവസരങ്ങളിൽ ഞാനും തമനുവിനേയും അഗ്രജനേയും സംഭാവന പിരിക്കുവാനുള്ള യാത്രയിൽ അനുഗമിച്ചിട്ടുണ്ട്. അപ്പോഴല്ലേ അതിന്റെ പങ്കപ്പാടുകൾ മനസ്സിലാവുന്നത്! ഷാർജയിലേയും ദുബായിയിലേയും ട്രാഫിക്കാണ് താരം! അതും വെള്ളിയാഴ്ച (ഇവിടെ ആഴ്ചാവസാനത്തെ അവധി ദിവസം വെള്ളിയാഴ്ചയാണ്). ആദ്യം റോളയിലെത്തി അഗ്രജനെ കൂട്ടണം, അവിടെനിന്ന് രാധേയന്റെയോ ഇടിവാളിന്റെയോ വീട്ടിലേക്ക്, അവിടെ നിന്ന് അഞ്ചാറു കിലോമീറ്റർ മാറി സുല്ലിന്റെ വീട്ടിൽ, അവിടെനിന്ന് പത്തുകിലോമീറ്റർ അപ്പുറത്ത് ഖിസൈസിൽ, പിന്നെ വേറെ ഒരു പത്തുകിലോമീറ്റർ അപ്പുറം കരാമയിലെ കുറുമാന്റെ വീട്ടിൽ, അവിടെനിന്ന് ബർദുബായിയിലെ ട്രാഫിക്കുമായി മല്ലിട്ട് ശശിയേട്ടന്റെ വീട്ടിൽ... ഹാവൂ........ എല്ലാം കഴിയുമ്പോഴേക്ക് ഒരു പരുവം! ഇത്രയും പേരുകള്‍ പെട്ടന്ന് ഓര്‍ത്തതില്‍ നിന്നു പറഞ്ഞു എന്നുമാത്രം, അതിലൊക്കെ സഹകരിച്ചവര്‍ ഇതിലും എത്രയോ അധികമായിരുന്നു. ദൂരെ സ്ഥലങ്ങളില്‍ ഉള്ളവര്‍ ഞങ്ങളില്‍ ആരുടെയെങ്കിലും ബാങ്കുകളിലേക്ക് അവരുടെ സംഭാവനകള്‍ ട്രാന്‍സ്ഫര്‍ ചെയ്തുതന്നു. അതിനും അവര്‍ അവരവരുടെ ബാങ്കുകളില്‍ പോവുകയും കുറച്ചു സമയമെങ്കിലും ചെലവഴിക്കുകയും വേണം എന്നുമനസ്സിലാക്കുമല്ലോ. അതിനുശേഷം യു.എ.ഇ എക്സ്ചേഞ്ചിൽ എത്തി നാട്ടിലെ അക്കൌണ്ടിലേക്ക് പൈസ ട്രാൻസ്ഫർ ചെയ്തുകഴിയുമ്പോഴാണ് ഒരു “പ്രോജക്റ്റ്” തൽക്കാലത്തേക്ക് അവസാനിക്കുന്നത്. അപ്പോഴേക്കും അടുത്ത സഹായാഭ്യർത്ഥന ഉണ്ടായിട്ടുണ്ടാവും.. വീണ്ടും ചക്രം തിരിയുന്നു.

ഈ രീതിയിലുള്ള സംഭാവന പിരിവുകൾ ഒന്നൊഴിവാക്കി സന്മനസുള്ളവരെ ഒന്നിച്ചു കൂട്ടി ഒരു സ്ഥിരം സംവിധാനം എങ്ങനെ ബൂലോക കാരുണ്യം എന്ന പ്ലാറ്റ് ഫോമിൽ ഉണ്ടാക്കാം എന്ന ചർച്ചയാണ് ഇപ്പോൾ ഏറെ തെറ്റിദ്ധരിക്കപ്പെട്ടുപോയ മെംബർഷിപ് എന്ന വിഷയത്തിലേക്ക് എത്തിയിരിക്കുന്നത്. എന്താണ് ബൂലോക കാരുണ്യം മെംബർഷിപ്? ഇത് ഒരു പാർട്ടി മെംബർഷിപ്പോ ക്ലബ് മെംബർഷിപ്പോ പോലെയാണോ? അല്ലേയല്ല! ഒരല്പം ലളിതമായി ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ പറയാൻ ശ്രമിക്കാം.

ബൂലോക കാരുണ്യം എന്ന ഈ പ്ലാറ്റ്ഫോമിൽ, ബ്ലോഗ് എന്ന മാധ്യമം വഴി പരിചയപ്പെട്ടവരും അവരുടെ സുഹൃത്തുക്കളും ചേർന്ന കുറേപ്പേർ ഒന്നിച്ചു നിൽക്കുന്നു. ഇവരെല്ലാം പാവങ്ങളെ തങ്ങളാൽ കഴിയുംവിധം സഹായിക്കുക്ക എന്ന ഒരു ലക്ഷ്യത്തിൽ ഒരേ മനസ്സുള്ളവരും പരസ്പരം ഈ കൂട്ടായ്മയിലൂടെ പരിചയപ്പെട്ടവരുമാണ്. പ്ലാറ്റ് ഫോമിന്റെ നടുക്കായി ബൂലോക കാരുണ്യം എന്നെഴുതിയ ഒരു വഞ്ചിപ്പെട്ടി വച്ചിട്ടുണ്ട്. അതിലേക്ക് ഈ നിൽക്കുന്നവരെല്ലാവരും 1200 രൂപ വീതം (അല്ലെങ്കിൽ അതിനു തുല്യമായ ഒരു ഫോറിൻ കറൻസി) ഇട്ടുവയ്ക്കുന്നു. ഒരുവർഷത്തേക്ക് വരാൻ പോകുന്ന സഹായാഭ്യർത്ഥനകൾക്കായി അവർ സ്വരുക്കൂട്ടിയ തുകയാണത്. ഓരോ സഹായം വരുമ്പോഴും പിരിക്കാൻ പോവുക, നാട്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുക മുകളിൽ പറഞ്ഞ പണപ്പിരിവു രംഗത്തിൽ അൽ‌പ്പമെങ്കിലും ബുദ്ധിമുട്ടുകളുണ്ട് എന്നു തോന്നിയവർക്ക് ആ ബുദ്ധിമുട്ടുകൾ ഒഴിവാക്കുക എന്നതാണ് ഈ വഞ്ചിയിൽ ഒരു തുക നിക്ഷേപിക്കുന്നതുവഴി ഇതിലെഅംഗങ്ങളാവാൻ ആഗ്രഹിക്കുന്നവർ ഉദ്ദേശിക്കുന്നത്. അതോടൊപ്പം നിലവിലുള്ള അംഗങ്ങളിൽ ‘നിസംഗത’ പാലിക്കുന്ന ചിലർക്കെങ്കിലും ഉള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ഉദ്ദേശിക്കുന്നു. ചുരുക്കത്തിൽ മെംബർഷിപ് എന്ന വാക്കുമാറ്റി “വാർഷികസംഭാവന” എന്നുവിളിച്ചാൽ പ്രശ്നം തീർന്നു!

ഈ പണം എങ്ങനെ കൈകാര്യം ചെയ്യും എന്നതാണല്ലോ അടുത്തചോദ്യം. അതിനാണ് ഇന്റർനെറ്റിന്റെ സൌകര്യങ്ങൾ നമ്മളെ സഹായിക്കാനെത്തുന്നത്. ഗ്രൂപ് മെയിൽ - ബൂലോക കാരുണ്യത്തിന് ഒരു ഗൂഗിൾ ഗ്രൂപ് മെയിൽ സംവിധാനം ഉണ്ട്. ഒരു സഹായാഭ്യർത്ഥന ബൂലോക കാരുണ്യത്തിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ അതിന്റെ അംഗങ്ങളെത്തേടി ഒരു മെയിൽ എത്തും. മേൽ‌പ്പറഞ്ഞ സഹായാഭ്യർത്ഥനയിലേക്ക് നിങ്ങൾ കാരുണ്യവഞ്ചിയിൽ ഇട്ടുവച്ചിരിക്കുന്ന 1200 രൂപയിൽ നിന്നും ഒരുഭാഗം കൊടുക്കുവാൻ മനസ്സാണോ എന്ന്. അതിൽ “അതെ” എന്നു മറുപടിയയ്ക്കുന്നവരുടെ എണ്ണം 60% എങ്കിലും ഉണ്ടെങ്കിൽ നമ്മൾ ഒരു തുക (1200 x 100 മെംബർ = 120000 രൂപ; അത് 20000 രൂപവീതമുള്ള ആറു സഹായങ്ങൾ എന്നാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്) അത് ആവശ്യപ്പെട്ടവർക്ക് നമ്മൾ നൽകുന്നു.

മേൽ‌പ്പറഞ്ഞ വഞ്ചിപ്പെട്ടിക്കുപകരം ഒരു ജോയിന്റ് ബാങ്ക് അക്കൌണ്ട് അതേയുള്ളൂ വ്യത്യാസം. ആ അക്കൌണ്ടിന്റെ ഉടമകൾ ഈ ഗ്രൂപ്പിൽ ഉള്ളവർക്ക് അറിയാവുന്നവർ തന്നെയായിരിക്കും. അവരെ വിശ്വാസമുള്ളവർ മാത്രം 1200 രൂപ നൽകിയാൽ മതി എന്ന ഓപ്ഷനും ഉണ്ട്. അല്ലാത്തവർക്ക് സഹായം നേരിൽ എത്തിക്കാം, കൂടുതൽ തുകകൾ കൊടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതും നേരിൽ കൊടുക്കാം... ഇത്രമാത്രമേ ഈ മെംബർഷിപ് എന്ന ആശയത്തിനു പിന്നിലുള്ളൂ. ഇതൊരു ആശയം മാത്രമാണ്. ഇതല്ലാതെ ബൂലോക കാരുണ്യത്തെ ഒരു രജിസ്റ്റേർഡ് സംഘടനായാക്കുക, അതിൽ ഒരു മെംബർഷിപ് ഫീ ഏർപ്പെടുത്തി അംഗങ്ങളെ ചേർക്കുക, അതിനു വർഷംവർഷം ഭാരവാഹികളെ കണ്ടെത്തുക എന്നതൊന്നും പ്രായോഗികമായി എത്രത്തോളം ശരിയാവും എന്നെനിക്കറിയില്ല. ഒരു സംഘടനയും അതിനു വിവിധരാജ്യങ്ങളിലായി ഓഫീസുകളും തുറക്കുന്നതിനേക്കാൾ പ്രായോഗികം കിട്ടുന്ന റിക്വസ്റ്റുകളിൽ അർഹമായ എല്ലാത്തിനും എന്തെങ്കിലും ഒരു ചെറിയ തുകയെങ്കിലും നൽകുക എന്നതല്ലേ ?

ഞാൻ ഏതായാലും 1200 രൂപ കൊടുക്കുവാൻ തീരുമാനിച്ചു.. അധികമൊന്നുമില്ലെങ്കിലും കൂടെക്കൂടെ പിരിവിനു പോകാനും പൈസ സംഭാവന ചെയ്യാനും പോകേണ്ടതില്ലല്ലോ. അത്രതന്നെ. !


==============
ഒരു അപ്ഡേറ്റ്
==============
കമന്റ് സെക്ഷനിൽ അനിൽശ്രീയുടെ ചോദ്യത്തിനു ഞാൻ എഴുതിയ മറുപടിയും ഇവിടെ പ്രസക്തമാണെന്നു തോന്നിയതുകൊണ്ട് അത് ഇവിടെ പേസ്റ്റ് ചെയ്യുന്നു.

ഇതിനു തൊട്ടുമുമ്പ് കുറുമാൻ പബ്ലിഷ് ചെയ്ത “അനിവാര്യമായ ചില മാറ്റങ്ങൾ” എന്ന പോസ്റ്റിൽ പറഞ്ഞ ഒന്നുരണ്ടുകാര്യങ്ങളായ “മെംബർഷിപ്” എന്ന ആശയവും “ഫെബ്രുവരി 1, 2010 നു മുന്‍പായി ഇവിടെ കമന്റായി അഭിപ്രായം അറിയിക്കാത്ത നിലവിലുള്ള അംഗങ്ങളെ ഈ പുതിയ നീക്കങ്ങളോട് താത്പര്യമില്ലാത്തവര്‍ എന്നു കണക്കാക്കി - എല്ലാവിധ സ്നേഹബഹുമാനങ്ങളോടു കൂടി തന്നെ - അംഗത്വത്തില്‍ നിന്നും നീക്കം ചെയ്യുന്നതായിരിക്കും.“ എന്ന വാചകവും ഇവിടെയുണ്ടായിരുന്ന ചില അംഗങ്ങൾക്കെങ്കിലും പ്രയാസമുണ്ടാക്കി എന്നു മനസ്സിലാ‍ക്കിയതുകൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് എഴുതേണ്ടിവന്നത്.

ഈ ബൂലോക കാരുണ്യം ബ്ലോഗിൽ വന്ന റിക്വസ്റ്റുകൾ ആർക്കൈവ്സിൽ നിന്ന് എടുത്ത് ഒന്നു പരിശോധിച്ചാൽ അറിയാം നമ്മൾ ആരും ഒരു സഹായവും ചെയ്യാഞ്ഞ ചില റിക്വസ്റ്റുകളും, അല്ലെങ്കിൽ വളരെ കുറച്ച് ആളുകൾ മാത്രം സഹകരിച്ച പണപ്പിരിവുകളും ഉണ്ടായിട്ടുണ്ട്. അതേ സമയം ഈ ബ്ലോഗിന്റെ സൈഡ് ബാറീൽ ഒന്നു നോക്കൂ. ഞാനുൾപ്പടെ 79 മെംബർ ആണ് ഈ ഗ്രൂ‍പ്പ് ബ്ലോഗിൽ ഉള്ളത്. ഓരോ പുതിയ പോസ്റ്റ് ഇതിൽ വരുമ്പോഴും ഈ 79 ആളുകൾക്കും ഓട്ടോമാറ്റിക് ആയി നോട്ടിഫിക്കേഷൻ പോകുന്നുണ്ട്, പുതിയ പോസ്റ്റ് പൂർണ്ണമായും. ഇതുപോലെതന്നെ കമന്റ്കളും നോട്ടിഫിക്കേഷനായി പോകുന്നുണ്ട്. പക്ഷേ എത്രപേർ പ്രതികരിക്കുന്നു? എത്രപേർ ഇനിഷ്യേറ്റീവുകൾ എടുക്കുന്നുണ്ട്? വളരെ കുറച്ചുപേർ മാത്രം. ആരെയും കുറ്റപ്പെടുത്തുകയല്ല, പ്രതികരിക്കാത്തതിന് ഓരോരുത്തർക്കും അവരവരുടേതായ കാരണങ്ങൾ ഉണ്ടാവാം, അസൌകര്യങ്ങൾ ഉണ്ടാവാം..

പക്ഷേ ഈ രീതിയിൽ ഇങ്ങനെ ഒരു ഗ്രൂപ്പ്ബ്ലോഗും ഗ്രൂപ്പ് മെയിലും എത്രനാൾ കൊണ്ടുനടക്കും? അല്ലെങ്കിൽ ഇങ്ങനെയുള്ള ഒരു ലിസ്റ്റ്കൊണ്ട് ഉള്ള പ്രയോജനമെന്താണ്? സാഹിത്യവും ലേഖനവും എഴുതാനുള്ള ഒരു ഗ്രൂപ്പ് ബ്ലോഗ് അല്ലല്ലോ ഇത്, ഇവിടെ പ്രവർത്തിയാണു കാര്യം.

അതുകൊണ്ടാണ് മേൽ‌പ്പറഞ്ഞ പോസ്റ്റിൽ ഫെബ്രുവരി 1, 2010 നു മുന്‍പായി ഇവിടെ കമന്റായി അഭിപ്രായം അറിയിക്കാത്ത നിലവിലുള്ള അംഗങ്ങളെ ഈ പുതിയ നീക്കങ്ങളോട് താത്പര്യമില്ലാത്തവര്‍ എന്നു കണക്കാക്കി - എല്ലാവിധ സ്നേഹബഹുമാനങ്ങളോടു കൂടി തന്നെ - അംഗത്വത്തില്‍ നിന്നും നീക്കം ചെയ്യുന്നതായിരിക്കും എന്ന് ഇതിന്റെ ചുമതലപ്പെട്ടവർ എഴുതിയതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതല്ലാതെ ആരോടുമുള്ള സ്നേഹബഹുമാനക്കുറവുകൊണ്ടല്ല
.

Sunday, January 17, 2010

"ബൂലോഗ കാരുണ്യം ബ്ലോഗ് - അനിവാര്യമായ ചില മാറ്റങ്ങള്‍"

പ്രിയ സുഹൃത്തുക്കളെ,

ബൂലോകകാരുണ്യം ഒത്തിരി വിശാലമായ കാഴ്ചപ്പാടുകളോടെ ആരംഭിച്ച ബ്ലോഗ് ആണെന്നത് നമുക്കെല്ലാം അറിയാം. അത് അതിന്റെ ലക്ഷ്യം ഒരുവിധം ഭംഗിയായി തന്നെ നിറവേറ്റുകയും ചെയ്യുന്നുണ്ടായിരുന്നു. ബൂലോഗകാരുണ്യം അംഗങ്ങള്‍ തങ്ങളെകൊണ്ടാവുന്ന സഹായങ്ങള്‍ അര്‍ഹിക്കുന്നവര്‍ക്കു തന്നെ എത്തിച്ചുകൊടുത്തിട്ടുമുണ്ട്. അതു നിങ്ങള്‍ക്കെല്ലാവര്‍ക്കും വ്യക്തമായി അറിയാവുന്ന കാര്യം ആണ്.

പല കാര്യങ്ങളിലും അനുഭവപ്പെട്ട ഒരു സന്തോഷം ഒരു നിശ്ചിത തുകയെങ്കിലും ഒരു സഹായത്തിനായ് നമുക്കെത്തിക്കന്‍ കഴിഞ്ഞാല്‍ പിന്നീട് പല മാര്‍ഗ്ഗങ്ങളിലൂടെയും ആ സഹായം തുടര്‍ന്ന് കൊണ്ട് പോകാന്‍ പല വഴികളും തെളിയുന്നു എന്നതാണ്. മുസ്തഫയുടെ കാര്യത്തില്‍ മൈന ഉമൈബാന്‍ തുടങ്ങിവച്ച ആ സഹായം ഇന്നു ഒരു സ്വപ്നം പോലെ പൂവണിയുന്നു.

കാലം മാറുമ്പോള്‍ നമ്മുടെ ജീവിതസാഹചര്യങ്ങള്‍ മാറും. സ്വാഭാവികമായും മുന്‍പ് ഉള്‍പ്പെട്ടിരുന്നത് പോലെ പല കാരുണ്യപ്രവര്‍ത്തനത്തിലും പങ്കാളിയാകാന്‍ നമ്മുടെ നിലവിലെ സാഹചര്യങ്ങള്‍ നമ്മെ അനുവദിക്കാതെ വന്നേക്കാം. പക്ഷെ അതേ സമയം തന്നെ നാം തുടങ്ങി വച്ച പ്രവര്‍ത്തനങ്ങളെ ഏറ്റെടുത്ത് അതിനെ പിന്നെയും മുന്നോട്ട് നയിക്കാന്‍ മറ്റു പലരും എത്തും. അതൊരു ദീപശിഖ പോലെ അണയാതെ കൈമാറി കൈമാറി അതിന്റെ പ്രയാണം തുടര്‍ന്നു കൊണ്ടിരിക്കും

അങ്ങനെയൊരു അവസ്ഥയില്‍ തന്നെയാണിന്ന് ബൂലോഗകാരുണ്യവും. സഹായമനസ്കരായ നമ്മുടെ പലപ്രവര്‍ത്തകരും ജീവിതത്തിന്റെ തിരക്കില്‍ മനഃപൂര്‍‌വ്വമല്ലെങ്കിലും ഈ ബ്ലോഗിന്റെ സജീവമായ പ്രവര്‍ത്തനത്തില്‍ നിന്നും അകന്ന് പോയിരിക്കുന്നു. അടുത്തിടെയുള്ള പല പോസ്റ്റുകളിലും അതിന്റെ കുറവ് നമ്മള്‍ കണ്ടു. അതിനാല്‍ നമുക്ക് സുഗമമായി മുന്നോട്ട് പോകാനായി ബൂലോഗകാരുണ്യത്തില്‍ അംഗങ്ങളുടെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ അത്യാവശ്യമായിരിക്കുന്നു എന്നാണ് പൊതുവേയുള്ള അഭിപ്രായം.

അതിനായി തീര്‍ത്തും പ്രായോഗികമെന്ന് പറയാവുന്ന നിര്‍ദ്ദേശം ഓരോ സഹായഭ്യാര്‍ത്ഥനകള്‍ വരുമ്പോഴും അതിനായി കുറഞ്ഞ സമയത്തിനുള്ളില്‍ സംഭാവന ശേഖരിക്കുന്നതിനു പകരം സ്ഥിരമായി ഒരു മെമ്പര്‍ഷിപ്പ് സംവിധാനം ഏര്‍പ്പെടുത്തുക എന്നതാണ്. ഒരു നിശ്ചിതസംഖ്യ എല്ലാ വര്‍ഷവും ഉറപ്പായും കിട്ടുമെങ്കില്‍ നമുക്ക് നല്‍കാവുന്ന ഓരോ സഹായങ്ങളെയും നമുക്ക് അതിന്റെ സമയത്തില്‍, അത്യാവശ്യത്തില്‍ പരിഗണിക്കാം. അതിനു മുകളില്‍ ആവശ്യമായി വരുന്ന തുകകള്‍ അംഗങ്ങളോ മറ്റു സഹായമനസ്ക്കരോ ആ കാര്യത്തിനായി പ്രത്യേകം തരുന്ന തുകകള്‍ കൂട്ടിച്ചേര്‍ത്ത് നമുക്കു നല്‍കാന്‍ കഴിയുകയും ചെയ്യും.

ഒരു ബ്ലോഗില്‍ മെമ്പര്‍ഷിപ്പ് തുക വയ്ക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിക്കാതെയല്ല ഈ നിര്‍ദ്ദേശം. പക്ഷെ മുന്നോട്ട് പോകണം എങ്കില്‍ അങ്ങനെ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന നിലയില്‍ ആണ് കഴിഞ്ഞ കുറച്ച് നാളുകളായി നമ്മുടെ പ്രവര്‍ത്തനം.വളരെ ചുരുക്കം ചില അംഗങ്ങളില്‍ നിന്നുള്ള സഹായം മാത്രം കൊണ്ട് നിരന്തരം നമുക്കു മുന്നില്‍ വരുന്ന സഹായാവശ്യങ്ങളെ നമുക്ക് പൂര്‍ത്തീകരിക്കാനാവില്ല. ആ ചുരുക്കം അംഗങ്ങള്‍ക്ക് പലപ്രാവശ്യം സഹായിക്കാനാവില്ല എന്നത് സ്വാഭാവികം ആണ്. അതെല്ലാവര്‍ക്കും മനസ്സിലാക്കാവുന്ന കാര്യം തന്നെയാണ്.


ഇങ്ങിനെയൊരു കൂട്ടായ്മ ഇവിടെ നിലവിലുണ്ടെന്നറിഞ്ഞ് സഹായം അഭ്യാര്‍ത്ഥിക്കുന്നവരെ നമുക്ക് നിരാശപ്പെടുത്താനാവില്ല. അതിനാല്‍ താഴെ പറയുന്ന രീതിയില്‍ ബൂലോക കാരുണ്യത്തിന്റെ അംഗത്വം പുനഃസംഘടിപ്പിക്കാനായി തീരുമാനിക്കേണ്ടി വന്നിരിക്കുന്നു.

1. ബൂലോഗകാരുണ്യം മാസവരിസംഖ്യ Rs. 100 (ഇന്ത്യന്‍ രൂപ) ആയി നിശ്ചയിച്ചിരിക്കുന്നു. ഈ തുക ഒന്നിച്ച് വാര്‍ഷിക വരിസംഖ്യയായി കണക്കാക്കി ഓരോ അംഗവും Rs. 1,200/- രൂപ അടയ്ക്കേണ്ടതാകുന്നു.

2. ഈ തുക ഇതിനായി രണ്ട് അംഗങ്ങളുടെ പേരില്‍ തുടങ്ങുന്ന ജോയിന്റ്‌അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കാം. അതിനു ശേഷം ബൂലോഗകാരുണ്യത്തില്‍ കൂടി അറിയിക്കുക. അക്കൌണ്ട് ആരുടെയൊക്കെ പേരിലാണെന്നും അക്കൌണ്ട് നമ്പര്‍ എത്രയാണെന്നും അംഗങ്ങളാവാന്‍ താല്പര്യമുള്ളവരെ ഉടനെ അറിയിക്കുന്നതാണ്.

3. ഇന്ത്യക്ക് വെളിയില്‍ ഉള്ള അംഗങ്ങള്‍ സൗകര്യപ്രദമായ രീതിയില്‍, സഹായതുക കളക്ട് ചെയ്യുന്ന അതേ രീതിയില്‍ തന്നെ വരിസംഖ്യ ഒരുമിച്ചു ശേഖരിച്ച് ആ അക്കൗണ്ടില്‍ അടക്കുകയോ അല്ലെങ്കില്‍ നാട്ടില്‍ പോകുന്നവര്‍ വഴി ആ സമയത്ത് നല്‍കുകയോ ചെയ്യാവുന്നതാണ്.

4. മാസം 100 രൂപ എന്നത് ഒത്തിരി വലിയ തുക അല്ലെങ്കിലും നമ്മുടെ പരിചയങ്ങള്‍ വച്ച് കൂടുതല്‍ അംഗങ്ങളെ ബൂലോഗകാരുണ്യത്തില്‍ ചേര്‍ക്കാനായാല്‍ തീര്‍ച്ചയായും ഒരു വലിയ തുക നമുക്ക് കണ്ടെത്താനാവും. അങ്ങനെ ഇന്ത്യയിലും ലോകത്തിന്റെ ഓരോ കോണിലുമുള്ള മലയാളി ബ്ലോഗര്‍മാര്‍ വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന തുക ആര്‍ക്കും വലിയ ഒരു ഭാരമാകാതെ പല മനസ്സുകളുടേയും ഭാരം കുറയ്ക്കാന്‍ നമുക്കുപയോഗിക്കാനാകും.

5. ബ്ലോഗര്‍മാരല്ലാത്ത പലരും നമുക്ക് സ്ഥിരമായി സഹായം നല്‍കിവരുന്നുണ്ട്. അങ്ങനെയുള്ളവര്‍ക്കും ബ്ലോഗര്‍മാരുടെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ആര്‍ക്കും അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് അംഗത്വം നല്‍കാവുന്നതാണ്. ബ്ലോഗേഴ്സ് അല്ലാത്തവര്‍ക്ക് ആര്‍ക്കെങ്കിലും ബൂലോകകാരുണ്യത്തില്‍ അംഗമാകണമെങ്കില്‍ നമ്മളതിനെയും നന്ദിയോടെ സ്വാഗതം ചെയ്യുന്നു.

6. മൊത്തം നൂറ് അംഗങ്ങളെ മാത്രമേ നമുക്ക് ചേര്‍ക്കാനാകുന്നുള്ളൂ എങ്കില്‍ കൂടി Rs. 1,20,000/- ഉപയോഗിച്ച് വര്‍ഷം തോറും ആറ് സഹായങ്ങള്‍ (ഓരോന്നും കുറഞ്ഞത് Rs.20,000/-) നമുക്ക് നല്‍കാനാകും.

7. ഇനി പറയേണ്ടത് സഹായം ആര്‍ക്കൊക്കെ നല്‍കാനാകും എന്നതാണ്. നേരിട്ടോ ബൂലോഗാംഗങ്ങള്‍ വഴിയോ വരുന്ന സഹായാവശ്യങ്ങള്‍ അതിന്റെ നിജസ്ഥിതി അന്വേഷിച്ച് മനസ്സിലാക്കിയതിന് ശേഷം അത്യാവശ്യമായും വേണ്ടതാണെങ്കില്‍ (നേരിട്ട് ആരെങ്കിലും പോയി അന്വേഷിക്കുന്നതായിരിക്കും, അന്യോഷിക്കുന്നവരെ നമ്മള്‍ വിശ്വസിച്ചേ മതിയാകൂ) അതിനെ പറ്റി ബൂലോഗകാരുണ്യത്തില്‍ പോസ്റ്റിടുന്നതായിരിക്കും. മറിച്ച് ഒരു പത്രത്തില്‍ വാര്‍ത്തയായി വന്നു എന്ന പോലുള്ള ഉറപ്പ് നമ്മള്‍ മുഖവിലയ്ക്ക് എടുത്തെന്ന് വരില്ല.

8. അതിനു ശേഷം നമ്മുടെ മെംബര്‍ഷിപ്പ് തുകയില്‍ നിന്നുള്ള വിഹിതം ആ കാര്യത്തിനായി നല്‍കുന്നതായിരിക്കും. ഒപ്പം തന്നെ അംഗങ്ങളല്ലാത്തവരില്‍ നിന്നും മറ്റു സഹായമനസ്കരില്‍ നിന്നും നമുക്കു സ്വരൂപിക്കാനാകുന്ന തുക കൂടി പ്രസ്തുത ആവശ്യത്തിലേക്കായി പൂര്‍ണ്ണമായും നല്‍കുന്നതായിരിക്കും.

9. മുകളില്‍ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നവര്‍ അംഗങ്ങളാകുകയും ഇക്കൊല്ലത്തെ തുകയായ 1200 രൂപ ഉടനെ തന്നെ അടക്കുകയും ചെയ്യേണ്ടതാകുന്നു..

10. ഇതിനോട് യോജിക്കാന്‍ പറ്റാത്തവര്‍ ദയവായി വിട്ടുനില്‍ക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഫെബ്രുവരി 1, 2010 നു മുന്‍പായി ഇവിടെ കമന്റായി അഭിപ്രായം അറിയിക്കാത്ത നിലവിലുള്ള അംഗങ്ങളെ ഈ പുതിയ നീക്കങ്ങളോട് താത്പര്യമില്ലാത്തവര്‍ എന്നു കണക്കാക്കി - എല്ലാവിധ സ്നേഹബഹുമാനങ്ങളോടു കൂടി തന്നെ - അംഗത്വത്തില്‍ നിന്നും നീക്കം ചെയ്യുന്നതായിരിക്കും. നിലവിലുള്ള എല്ലാ അംഗങ്ങളും ഇതുവരെ നല്‍കി വന്ന എല്ലാ സഹായസഹകരണങ്ങളേയും നല്ല മനസ്സോടെ സ്മരിക്കുന്നു... ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.

ഒരിക്കലും ഒരു നിര്‍ബന്ധത്തിന്റെ സ്വരത്തിലല്ല ഈ വ്യവസ്ഥകള്‍ പറഞ്ഞിരിക്കുന്നത്. പക്ഷെ വിജയകരമായി പ്രവര്‍ത്തിച്ച് കൊണ്ട് മുന്നോട്ട് പോവാന്‍ ഇത് അനിവാര്യമായി വന്നിരിക്കുന്നു എന്നതിനാലാണ്.

അതിനാല്‍ ദയവായി സഹകരിക്കുക...

update (23 January 2010)
ബൂലോക കാരുണ്യം നടത്തുന്ന ക്രിയാത്മകമായ പുതിയ മാറ്റങ്ങളുടെ ഭാഗമായി നമ്മുടെ ശ്രമം എത്രയും പെട്ടന്ന് പ്രായോഗിക തലത്തിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ ചില തിയ്യതികള്‍ കണക്കാക്കേണ്ടി വരികയും അതനുസരിച്ച് മെമ്പര്‍ഷിപ്പ് ഫീ എന്ന ആശയത്തോട് ആരൊക്കെ അനുകൂലനിലപാട് എടുക്കും എന്ന് വ്യക്തമായി അറിയാന്‍ പരമാവധി പോകാവുന്ന ഒരു തിയ്യതി എന്ന നിലയ്ക്ക് ഫെബ്രുവരി 1, 2010 എന്ന് തീരുമാനിക്കുകയും ചെയ്യേണ്ടി വന്നു.

കാര്യങ്ങള്‍ പരമാവധി വേഗതയില്‍ പ്രാവര്‍ത്തികമാക്കുക എന്നുമാത്രം ഉദ്ദേശിച്ച് പറഞ്ഞ ആ ഡേറ്റ് ബാര്‍ നിലവിലുള്ള ചില അംഗങ്ങള്‍ക്കെങ്കിലും മനോവിഷമം ഉണ്ടാക്കിയിട്ടുണ്ടെന്ന് തോന്നിയതിനാല്‍ അതിനെ കൂടുതല്‍ വിശദീകരിക്കേണ്ടതുണ്ടെന്ന് കരുതുന്നു. വ്യക്തിപരമായ പല കാര്യങ്ങള്‍ കൊണ്ട് നമ്മുടെ പല അംഗങ്ങള്‍ക്കും വളരെക്കാലമായി ബൂലോഗകാരുണ്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ കഴിയാറില്ല എന്നത് കൊണ്ട് തുടര്‍ന്നുള്ള കാര്യങ്ങളില്‍ സഹകരിക്കാന്‍ താല്‍പ്പര്യം ഉള്ളവരെ ഉള്‍ക്കൊള്ളിക്കുകയും അവരോട് കൂടുതല്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുക എന്ന സദ്ദുദ്ദേശം മാത്രമേ അതിലുള്ളൂ എന്നു മനസ്സിലാക്കുമല്ലോ.

എന്നിരുന്നാലും ആ വരികള്‍ ബൂലോഗ കാരുണ്യത്തിന്റെ അംഗങ്ങളെ ഏതെങ്കിലും വിധത്തില്‍ വേദനിപ്പിച്ചുണ്ടെങ്കില്‍ ക്ഷമിക്കുക... പൊറുക്കുക. ഇത്തരം നല്ല കാര്യങ്ങളില് ‍തീരുമാനമെടുക്കുമ്പോള്‍ ഇതുപോലെ പറ്റിപ്പോകാവുന്ന മനുഷ്യസഹജമായ പാളീച്ചകള്‍ ക്ഷമിച്ച് അഭിപ്രായവ്യത്യാസമൊക്കെ മറന്ന് നിലവിലുള്ള അംഗങ്ങളില്‍ ബൂലോഗകാരുണ്യത്തില്‍ പങ്കാളിയാവാന്‍ കഴിയുന്നവര്‍, നമ്മുടെ പുതിയ അംഗത്വം അനുസരിച്ച് ഈ സംരംഭത്തില്‍ ഇനിയും ദയവായി സഹകരിക്കണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.

Saturday, January 16, 2010

താങ്ങും തണലും തേടി

2009 ജൂണ്‍ - ആഗസ്റ്റ് മാസങ്ങള്‍ ഗള്‍ഫില്‍ ചിക്കന്‍ പോക്സ് പടര്‍ന്ന് പിടിച്ച സമയം ആയിരുന്നു.ഈ ഞാനും അന്നു ചിക്കന്‍പോക്സിന്റെ പിടിയില്‍ ആയിരുന്നു. ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ചിലവില്‍ സുഖചികല്‍സയും അന്നദാതാവായ കമ്പനിയുടെ ചിലവില്‍ വിശ്രമവും ദൈവത്തിന്റെ ചെലവില്‍ ആരോഗ്യവും, അല്ലലില്ലാത്ത നല്ല രണ്ടാഴ്ച ,എനിക്കതായിരുന്നു ചിക്കന്‍പോക്സ് എഫക്ട്.

പക്ഷെ മറ്റു പലര്‍ക്കും അതല്ലാ എന്നതിന്റെ ഒരു തെളിവാണ് മുരളിച്ചേട്ടന്‍. ഇവിടെ അദ്ദേഹം ജോലിക്ക് വന്നതായിരുന്നു. സാമ്പത്തികപ്രയാസങ്ങളെ തരണം ചെയ്യാനായി ആണ് ഈ മരുഭൂമിയിലേക്ക് നുള്ളിപ്പെറുക്കിയ തുകയുമായെത്തിയത്. പക്ഷെ അതിലും വലിയ ദുരിതവും പേറി മടങ്ങാനായിരുന്നു വിധി. ജൂലായില്‍ ചിക്കന്‍പോക്സ് വന്നു സീരിയസ് ആയി നിവൃത്തിയില്ലാതെ തിരിച്ചു നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. പനിയുടെ സീരിയസ്നെസ് പക്ഷെ ശരീരം തളര്‍ത്തിയാണ് തീര്‍ന്നത്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികല്‍സയില്‍ ആയിരുന്നു. ഒരു മാസത്തോളം വേണ്ടി വന്നു സംസാരശേഷി എങ്കിലും വീണ്ടെടുക്കാന്‍. ഫിസിയോതെറാപ്പിക്കായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുണമെന്നും ഉണ്ടാവാത്തതിനാല്‍ പിന്നീട് വീടിനടുത്തുള്ള ആയുര്‌വേദആശുപത്രിയിലേക്ക് മാറ്റി. തിരുമ്മല്‍ കൊണ്ട് ശരീരം വീണ്ടും പഴയനിലയിലേക്ക് സുഖപ്പെടുത്തിയെടുക്കാം എന്ന പ്രതീക്ഷയില്‍ ആയിരുന്നു അവര്‍. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും സഹായത്തിനുണ്ടായിരുന്നു. അവരായിരുന്നു താങ്ങും തണലും.

പക്ഷെ ആറു മാസം കഴിഞ്ഞിട്ടും മുരളിച്ചേട്ടന്റെ അവസ്ഥ അങ്ങനെ തന്നെ തുടരുകയാണ് എന്നതിലാണ് ഇപ്പോഴത്തെ പ്രശ്നം. വാടകവീട്ടില്‍ താമസിക്കുന്ന അവര്‍ക്ക് ആകെയുണ്ടായിരുന്ന സമ്പാദ്യവും മുരളിച്ചേട്ടന്റെ ചികല്‍സക്കായി ഉപയോഗിച്ച് കഴിഞ്ഞു. സഹായിക്കുന്ന സുഹൃത്തുക്കള്‍ക്കും അകന്ന ബന്ധുക്കള്‍ക്കും നല്‍കാവുന്നതിനും ഒരു പരിമിതിയുണ്ടല്ലോ. മുരളിച്ചേട്ടന്റെ ഭാര്യ രോഹിണിച്ചേച്ചി തയ്യല്‍ജോലി ചെയ്ത് ജീവിതത്തിനെ തുന്നിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നെങ്കിലും പലപ്പോഴും കഴിയുന്നില്ല. മുരളിച്ചേട്ടനും രോഹിണിച്ചേച്ചിയും എഴാം ക്ലാസ്സുകാരന്‍ മകനും നാലാം ക്ലാസ്സുകാരി മകളും ജീവിതത്തിന്റെ മുന്നില്‍ പകച്ചുപോയിരിക്കുന്നു.

ബന്ധുക്കളും സുഹൃത്തുക്കളും നല്‍കുന്ന സഹായങ്ങള്‍ വിലപ്പെട്ടതാണെങ്കിലും ഇനിയും അത്രക്ക് തന്നെ സഹായിക്കാന്‍ അവര്‍ക്കും കഴിവില്ലാത്തതിനാല്‍ പുറം ലോകത്തിന്റെയും സഹായം തേടേണ്ടതായി വന്നിരിക്കുന്നു. അതിനായി കഴിഞ്ഞമാസം (ഡിസംബര്‍ 13) മനോരമയുടെയും മംഗളത്തിന്റെയും പത്തനംതിട്ട എഡീഷനിലൂടെ ഒരു ശ്രമം നടത്തി.
വായനക്കാര്‍ക്ക് പലതില്‍ ഒന്നു മാത്രമാണ് പലപ്പോഴും ഈ സഹായാഭ്യര്‍ഥന.പലതും വായിച്ച് സഹതപിച്ച് മറന്നേക്കാം. മറക്കേണ്ടി വന്നേക്കാം.

അതിനാല്‍ നാം നമ്മുടെ വഴിക്കും ശ്രമിക്കേണ്ടതായിരിക്കുന്നു.


നമുക്ക് നല്‍കാവുന്ന ചെറിയ ചെറിയ സഹായങ്ങള്‍
Rohini Muralidharan
A/c No 67073430260
S B T
Kozhanchery
എന്ന അക്കൗണ്ടില്‍ നല്‍കിയാല്‍,അല്ലെങ്കില്‍ ഒന്നിച്ച് സ്വരുക്കൂട്ടി അവര്‍ക്ക് നല്‍കുകയോ ചെയ്താല്‍ തളര്‍ന്ന മുരളിച്ചേട്ടനു ഒരു താങ്ങായി മാറും. അഞ്ചോ പത്തോ, എത്ര കുഞ്ഞുതുകയുമായിക്കൊള്ളട്ടെ പലതു ചേര്‍ന്ന് പെരുവെള്ളമല്ല, അവര്‍ക്കൊരു ജീവജലമാണ് ആകുന്നത്.

ദയവായി സഹായിക്കുക.

( ഇന്നു മൂന്നു മണിക്ക് മുസ്തഫക്ക് തലക്കു മീതെ ശൂന്യാകാശമല്ലാതാവുകയാണ്. കനിവുള്ള മനസ്സുകളുടെ നന്മ അവര്‍ക്കൊരു തണല്‍ നല്‍കുകയാണ്.നന്ദി പറയാം.അവനവനാകുന്ന ചെറിയ ചെറിയ സഹായം നീട്ടിക്കൊടുത്ത, വലിയ സഹായത്തിലേക്കുള്ള വഴി കാണിച്ചു കൊടുത്ത, ആ വലിയ സഹായം നല്‍കാന്‍ തയ്യാറായ വലിയമനസ്സുകളോട്. നന്ദി )