Monday, January 25, 2010

കാരുണ്യത്തിനു മെംബർഷിപ്പോ !!

ഏകദേശം മൂന്നുവർഷം മുമ്പ്, ബൂലോക കാരുണ്യം എന്നൊരു ബ്ലോഗ് കുറുമാൻ ആരംഭിച്ച് ഒരു മെംബർഷിപ് ഇൻ‌വിറ്റേഷൻ എനിക്ക് അയച്ചുതരുമ്പോൾ ബ്ലോഗ് എന്താണെന്നും ബ്ലോഗർ എന്താണെന്നും ഞാൻ പഠിച്ചുവരുന്നതേയുള്ളായിരുന്നു. അതുകഴിഞ്ഞ് അതിൽ ഒരു മെംബർ ആയിക്കഴിഞ്ഞപ്പോഴാണ് ബ്ലോഗില്‍ പലപ്പോഴായി വരുന്ന സഹായാഭ്യർത്ഥനകളിൽ ഭാഗഭാക്കാവാനും അങ്ങനെ എളിയതെങ്കിലും, എന്തെങ്കിലും ഒരു സഹായം ഇടയ്ക്കൊക്കെ ഞാനും മറ്റുള്ളവർക്ക് ചെയ്യുന്നുണ്ടെന്ന് സ്വയം തൃപ്തിയടയാനും ഇടയായത്.

അന്നൊക്കെ ഒരു റിക്വസ്റ്റ് വന്നുകഴിഞ്ഞാൽ ബൂലോക കാരുണ്യത്തിൽ സ്ഥിരം കാണാറുള്ള ചില കമന്റുകൾ ഉണ്ടായിരുന്നു. “തമനുവും അഗ്രജനും കൂടി അടുത്ത വെള്ളിയാഴ്ച സംഭാവനകൾ സ്വീകരിക്കുവാനായി വരാൻ ആഗ്രഹിക്കുന്നു. സംഭാവന കൊടുക്കാൻ ആഗ്രഹമുള്ളവർ (ദുബായ് ഷാർജ ഭാഗങ്ങളിലുള്ളവർ) അവരെ ഫോണിൽ ബന്ധപ്പെടേണ്ടതാണ്” അങ്ങനെ ചില വെള്ളിയാഴ്ചകളിൽ അവർ ഒരു കവറുമായി വന്നു. ഞാൻ കൊടുക്കുന്ന സംഭവാനയെത്രയെന്ന് അവരോ മറ്റാരുമോ മനസ്സിലാക്കാതിരിക്കാനായി ഒരു പ്ലെയിൻ കവറ് തന്ന് അതിൽ തുകയിട്ട് തരാനാണ് അന്ന് ആവശ്യപ്പെട്ടിരുന്നത്. അതിനാൽ തന്നെ ചമ്മലൊന്നുമില്ലാതെ ചെറിയ തുക അതിൽ നിക്ഷേപിക്കുവാനും സാധിച്ചിരുന്നു. പക്ഷേ പിരിവിന്റെ അവസാനം ദുബായിയിൽ നിന്ന് ഇരുപതിനായിരമോ ഇരുപത്തായിരമോ രൂപ മിക്കവാറൂം ഒരു സഹായാഭ്യർത്ഥനയ്ക്ക് പോയെന്നും, ഒപ്പം ലോകത്തിന്റെ മറ്റുപലഭാഗങ്ങളിലുള്ള സുമനസുകളും ആ പിരിവുകളിൽ പലതിലും പങ്കുചേർന്നുവെന്നും കേൾക്കുമ്പോൾ സന്തോഷം തോന്നിയിട്ടുണ്ട്. പലതുള്ളി പെരുവെള്ളം - എത്ര ശരി!

മറ്റ് ഒന്നുരണ്ടവസരങ്ങളിൽ ഞാനും തമനുവിനേയും അഗ്രജനേയും സംഭാവന പിരിക്കുവാനുള്ള യാത്രയിൽ അനുഗമിച്ചിട്ടുണ്ട്. അപ്പോഴല്ലേ അതിന്റെ പങ്കപ്പാടുകൾ മനസ്സിലാവുന്നത്! ഷാർജയിലേയും ദുബായിയിലേയും ട്രാഫിക്കാണ് താരം! അതും വെള്ളിയാഴ്ച (ഇവിടെ ആഴ്ചാവസാനത്തെ അവധി ദിവസം വെള്ളിയാഴ്ചയാണ്). ആദ്യം റോളയിലെത്തി അഗ്രജനെ കൂട്ടണം, അവിടെനിന്ന് രാധേയന്റെയോ ഇടിവാളിന്റെയോ വീട്ടിലേക്ക്, അവിടെ നിന്ന് അഞ്ചാറു കിലോമീറ്റർ മാറി സുല്ലിന്റെ വീട്ടിൽ, അവിടെനിന്ന് പത്തുകിലോമീറ്റർ അപ്പുറത്ത് ഖിസൈസിൽ, പിന്നെ വേറെ ഒരു പത്തുകിലോമീറ്റർ അപ്പുറം കരാമയിലെ കുറുമാന്റെ വീട്ടിൽ, അവിടെനിന്ന് ബർദുബായിയിലെ ട്രാഫിക്കുമായി മല്ലിട്ട് ശശിയേട്ടന്റെ വീട്ടിൽ... ഹാവൂ........ എല്ലാം കഴിയുമ്പോഴേക്ക് ഒരു പരുവം! ഇത്രയും പേരുകള്‍ പെട്ടന്ന് ഓര്‍ത്തതില്‍ നിന്നു പറഞ്ഞു എന്നുമാത്രം, അതിലൊക്കെ സഹകരിച്ചവര്‍ ഇതിലും എത്രയോ അധികമായിരുന്നു. ദൂരെ സ്ഥലങ്ങളില്‍ ഉള്ളവര്‍ ഞങ്ങളില്‍ ആരുടെയെങ്കിലും ബാങ്കുകളിലേക്ക് അവരുടെ സംഭാവനകള്‍ ട്രാന്‍സ്ഫര്‍ ചെയ്തുതന്നു. അതിനും അവര്‍ അവരവരുടെ ബാങ്കുകളില്‍ പോവുകയും കുറച്ചു സമയമെങ്കിലും ചെലവഴിക്കുകയും വേണം എന്നുമനസ്സിലാക്കുമല്ലോ. അതിനുശേഷം യു.എ.ഇ എക്സ്ചേഞ്ചിൽ എത്തി നാട്ടിലെ അക്കൌണ്ടിലേക്ക് പൈസ ട്രാൻസ്ഫർ ചെയ്തുകഴിയുമ്പോഴാണ് ഒരു “പ്രോജക്റ്റ്” തൽക്കാലത്തേക്ക് അവസാനിക്കുന്നത്. അപ്പോഴേക്കും അടുത്ത സഹായാഭ്യർത്ഥന ഉണ്ടായിട്ടുണ്ടാവും.. വീണ്ടും ചക്രം തിരിയുന്നു.

ഈ രീതിയിലുള്ള സംഭാവന പിരിവുകൾ ഒന്നൊഴിവാക്കി സന്മനസുള്ളവരെ ഒന്നിച്ചു കൂട്ടി ഒരു സ്ഥിരം സംവിധാനം എങ്ങനെ ബൂലോക കാരുണ്യം എന്ന പ്ലാറ്റ് ഫോമിൽ ഉണ്ടാക്കാം എന്ന ചർച്ചയാണ് ഇപ്പോൾ ഏറെ തെറ്റിദ്ധരിക്കപ്പെട്ടുപോയ മെംബർഷിപ് എന്ന വിഷയത്തിലേക്ക് എത്തിയിരിക്കുന്നത്. എന്താണ് ബൂലോക കാരുണ്യം മെംബർഷിപ്? ഇത് ഒരു പാർട്ടി മെംബർഷിപ്പോ ക്ലബ് മെംബർഷിപ്പോ പോലെയാണോ? അല്ലേയല്ല! ഒരല്പം ലളിതമായി ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ പറയാൻ ശ്രമിക്കാം.

ബൂലോക കാരുണ്യം എന്ന ഈ പ്ലാറ്റ്ഫോമിൽ, ബ്ലോഗ് എന്ന മാധ്യമം വഴി പരിചയപ്പെട്ടവരും അവരുടെ സുഹൃത്തുക്കളും ചേർന്ന കുറേപ്പേർ ഒന്നിച്ചു നിൽക്കുന്നു. ഇവരെല്ലാം പാവങ്ങളെ തങ്ങളാൽ കഴിയുംവിധം സഹായിക്കുക്ക എന്ന ഒരു ലക്ഷ്യത്തിൽ ഒരേ മനസ്സുള്ളവരും പരസ്പരം ഈ കൂട്ടായ്മയിലൂടെ പരിചയപ്പെട്ടവരുമാണ്. പ്ലാറ്റ് ഫോമിന്റെ നടുക്കായി ബൂലോക കാരുണ്യം എന്നെഴുതിയ ഒരു വഞ്ചിപ്പെട്ടി വച്ചിട്ടുണ്ട്. അതിലേക്ക് ഈ നിൽക്കുന്നവരെല്ലാവരും 1200 രൂപ വീതം (അല്ലെങ്കിൽ അതിനു തുല്യമായ ഒരു ഫോറിൻ കറൻസി) ഇട്ടുവയ്ക്കുന്നു. ഒരുവർഷത്തേക്ക് വരാൻ പോകുന്ന സഹായാഭ്യർത്ഥനകൾക്കായി അവർ സ്വരുക്കൂട്ടിയ തുകയാണത്. ഓരോ സഹായം വരുമ്പോഴും പിരിക്കാൻ പോവുക, നാട്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുക മുകളിൽ പറഞ്ഞ പണപ്പിരിവു രംഗത്തിൽ അൽ‌പ്പമെങ്കിലും ബുദ്ധിമുട്ടുകളുണ്ട് എന്നു തോന്നിയവർക്ക് ആ ബുദ്ധിമുട്ടുകൾ ഒഴിവാക്കുക എന്നതാണ് ഈ വഞ്ചിയിൽ ഒരു തുക നിക്ഷേപിക്കുന്നതുവഴി ഇതിലെഅംഗങ്ങളാവാൻ ആഗ്രഹിക്കുന്നവർ ഉദ്ദേശിക്കുന്നത്. അതോടൊപ്പം നിലവിലുള്ള അംഗങ്ങളിൽ ‘നിസംഗത’ പാലിക്കുന്ന ചിലർക്കെങ്കിലും ഉള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ഉദ്ദേശിക്കുന്നു. ചുരുക്കത്തിൽ മെംബർഷിപ് എന്ന വാക്കുമാറ്റി “വാർഷികസംഭാവന” എന്നുവിളിച്ചാൽ പ്രശ്നം തീർന്നു!

ഈ പണം എങ്ങനെ കൈകാര്യം ചെയ്യും എന്നതാണല്ലോ അടുത്തചോദ്യം. അതിനാണ് ഇന്റർനെറ്റിന്റെ സൌകര്യങ്ങൾ നമ്മളെ സഹായിക്കാനെത്തുന്നത്. ഗ്രൂപ് മെയിൽ - ബൂലോക കാരുണ്യത്തിന് ഒരു ഗൂഗിൾ ഗ്രൂപ് മെയിൽ സംവിധാനം ഉണ്ട്. ഒരു സഹായാഭ്യർത്ഥന ബൂലോക കാരുണ്യത്തിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ അതിന്റെ അംഗങ്ങളെത്തേടി ഒരു മെയിൽ എത്തും. മേൽ‌പ്പറഞ്ഞ സഹായാഭ്യർത്ഥനയിലേക്ക് നിങ്ങൾ കാരുണ്യവഞ്ചിയിൽ ഇട്ടുവച്ചിരിക്കുന്ന 1200 രൂപയിൽ നിന്നും ഒരുഭാഗം കൊടുക്കുവാൻ മനസ്സാണോ എന്ന്. അതിൽ “അതെ” എന്നു മറുപടിയയ്ക്കുന്നവരുടെ എണ്ണം 60% എങ്കിലും ഉണ്ടെങ്കിൽ നമ്മൾ ഒരു തുക (1200 x 100 മെംബർ = 120000 രൂപ; അത് 20000 രൂപവീതമുള്ള ആറു സഹായങ്ങൾ എന്നാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്) അത് ആവശ്യപ്പെട്ടവർക്ക് നമ്മൾ നൽകുന്നു.

മേൽ‌പ്പറഞ്ഞ വഞ്ചിപ്പെട്ടിക്കുപകരം ഒരു ജോയിന്റ് ബാങ്ക് അക്കൌണ്ട് അതേയുള്ളൂ വ്യത്യാസം. ആ അക്കൌണ്ടിന്റെ ഉടമകൾ ഈ ഗ്രൂപ്പിൽ ഉള്ളവർക്ക് അറിയാവുന്നവർ തന്നെയായിരിക്കും. അവരെ വിശ്വാസമുള്ളവർ മാത്രം 1200 രൂപ നൽകിയാൽ മതി എന്ന ഓപ്ഷനും ഉണ്ട്. അല്ലാത്തവർക്ക് സഹായം നേരിൽ എത്തിക്കാം, കൂടുതൽ തുകകൾ കൊടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതും നേരിൽ കൊടുക്കാം... ഇത്രമാത്രമേ ഈ മെംബർഷിപ് എന്ന ആശയത്തിനു പിന്നിലുള്ളൂ. ഇതൊരു ആശയം മാത്രമാണ്. ഇതല്ലാതെ ബൂലോക കാരുണ്യത്തെ ഒരു രജിസ്റ്റേർഡ് സംഘടനായാക്കുക, അതിൽ ഒരു മെംബർഷിപ് ഫീ ഏർപ്പെടുത്തി അംഗങ്ങളെ ചേർക്കുക, അതിനു വർഷംവർഷം ഭാരവാഹികളെ കണ്ടെത്തുക എന്നതൊന്നും പ്രായോഗികമായി എത്രത്തോളം ശരിയാവും എന്നെനിക്കറിയില്ല. ഒരു സംഘടനയും അതിനു വിവിധരാജ്യങ്ങളിലായി ഓഫീസുകളും തുറക്കുന്നതിനേക്കാൾ പ്രായോഗികം കിട്ടുന്ന റിക്വസ്റ്റുകളിൽ അർഹമായ എല്ലാത്തിനും എന്തെങ്കിലും ഒരു ചെറിയ തുകയെങ്കിലും നൽകുക എന്നതല്ലേ ?

ഞാൻ ഏതായാലും 1200 രൂപ കൊടുക്കുവാൻ തീരുമാനിച്ചു.. അധികമൊന്നുമില്ലെങ്കിലും കൂടെക്കൂടെ പിരിവിനു പോകാനും പൈസ സംഭാവന ചെയ്യാനും പോകേണ്ടതില്ലല്ലോ. അത്രതന്നെ. !


==============
ഒരു അപ്ഡേറ്റ്
==============
കമന്റ് സെക്ഷനിൽ അനിൽശ്രീയുടെ ചോദ്യത്തിനു ഞാൻ എഴുതിയ മറുപടിയും ഇവിടെ പ്രസക്തമാണെന്നു തോന്നിയതുകൊണ്ട് അത് ഇവിടെ പേസ്റ്റ് ചെയ്യുന്നു.

ഇതിനു തൊട്ടുമുമ്പ് കുറുമാൻ പബ്ലിഷ് ചെയ്ത “അനിവാര്യമായ ചില മാറ്റങ്ങൾ” എന്ന പോസ്റ്റിൽ പറഞ്ഞ ഒന്നുരണ്ടുകാര്യങ്ങളായ “മെംബർഷിപ്” എന്ന ആശയവും “ഫെബ്രുവരി 1, 2010 നു മുന്‍പായി ഇവിടെ കമന്റായി അഭിപ്രായം അറിയിക്കാത്ത നിലവിലുള്ള അംഗങ്ങളെ ഈ പുതിയ നീക്കങ്ങളോട് താത്പര്യമില്ലാത്തവര്‍ എന്നു കണക്കാക്കി - എല്ലാവിധ സ്നേഹബഹുമാനങ്ങളോടു കൂടി തന്നെ - അംഗത്വത്തില്‍ നിന്നും നീക്കം ചെയ്യുന്നതായിരിക്കും.“ എന്ന വാചകവും ഇവിടെയുണ്ടായിരുന്ന ചില അംഗങ്ങൾക്കെങ്കിലും പ്രയാസമുണ്ടാക്കി എന്നു മനസ്സിലാ‍ക്കിയതുകൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് എഴുതേണ്ടിവന്നത്.

ഈ ബൂലോക കാരുണ്യം ബ്ലോഗിൽ വന്ന റിക്വസ്റ്റുകൾ ആർക്കൈവ്സിൽ നിന്ന് എടുത്ത് ഒന്നു പരിശോധിച്ചാൽ അറിയാം നമ്മൾ ആരും ഒരു സഹായവും ചെയ്യാഞ്ഞ ചില റിക്വസ്റ്റുകളും, അല്ലെങ്കിൽ വളരെ കുറച്ച് ആളുകൾ മാത്രം സഹകരിച്ച പണപ്പിരിവുകളും ഉണ്ടായിട്ടുണ്ട്. അതേ സമയം ഈ ബ്ലോഗിന്റെ സൈഡ് ബാറീൽ ഒന്നു നോക്കൂ. ഞാനുൾപ്പടെ 79 മെംബർ ആണ് ഈ ഗ്രൂ‍പ്പ് ബ്ലോഗിൽ ഉള്ളത്. ഓരോ പുതിയ പോസ്റ്റ് ഇതിൽ വരുമ്പോഴും ഈ 79 ആളുകൾക്കും ഓട്ടോമാറ്റിക് ആയി നോട്ടിഫിക്കേഷൻ പോകുന്നുണ്ട്, പുതിയ പോസ്റ്റ് പൂർണ്ണമായും. ഇതുപോലെതന്നെ കമന്റ്കളും നോട്ടിഫിക്കേഷനായി പോകുന്നുണ്ട്. പക്ഷേ എത്രപേർ പ്രതികരിക്കുന്നു? എത്രപേർ ഇനിഷ്യേറ്റീവുകൾ എടുക്കുന്നുണ്ട്? വളരെ കുറച്ചുപേർ മാത്രം. ആരെയും കുറ്റപ്പെടുത്തുകയല്ല, പ്രതികരിക്കാത്തതിന് ഓരോരുത്തർക്കും അവരവരുടേതായ കാരണങ്ങൾ ഉണ്ടാവാം, അസൌകര്യങ്ങൾ ഉണ്ടാവാം..

പക്ഷേ ഈ രീതിയിൽ ഇങ്ങനെ ഒരു ഗ്രൂപ്പ്ബ്ലോഗും ഗ്രൂപ്പ് മെയിലും എത്രനാൾ കൊണ്ടുനടക്കും? അല്ലെങ്കിൽ ഇങ്ങനെയുള്ള ഒരു ലിസ്റ്റ്കൊണ്ട് ഉള്ള പ്രയോജനമെന്താണ്? സാഹിത്യവും ലേഖനവും എഴുതാനുള്ള ഒരു ഗ്രൂപ്പ് ബ്ലോഗ് അല്ലല്ലോ ഇത്, ഇവിടെ പ്രവർത്തിയാണു കാര്യം.

അതുകൊണ്ടാണ് മേൽ‌പ്പറഞ്ഞ പോസ്റ്റിൽ ഫെബ്രുവരി 1, 2010 നു മുന്‍പായി ഇവിടെ കമന്റായി അഭിപ്രായം അറിയിക്കാത്ത നിലവിലുള്ള അംഗങ്ങളെ ഈ പുതിയ നീക്കങ്ങളോട് താത്പര്യമില്ലാത്തവര്‍ എന്നു കണക്കാക്കി - എല്ലാവിധ സ്നേഹബഹുമാനങ്ങളോടു കൂടി തന്നെ - അംഗത്വത്തില്‍ നിന്നും നീക്കം ചെയ്യുന്നതായിരിക്കും എന്ന് ഇതിന്റെ ചുമതലപ്പെട്ടവർ എഴുതിയതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതല്ലാതെ ആരോടുമുള്ള സ്നേഹബഹുമാനക്കുറവുകൊണ്ടല്ല
.

27 comments:

  1. ഈ പോസ്റ്റ്‌ നന്നായി അപ്പുവേട്ടാ. പൈസ സംഘ്ടിപ്പിക്കുന വിഷമം ഇപ്പളാ ശരിയ്ക്ക് മനസില്ലായത്‌. ആഴ്ചയ്ക്ക് ഒരിക്കല്‍ കിട്ടുന്ന അവധി ദിവസം ട്രാഫിക്കില്‍ കിടന്നു കഷപെടുനത് ഒഴിവാക്കാം എങ്കില്‍, ഇതിനു വേണ്ടി പ്രവര്തിക്കുനവര്‍ക്ക് വേണ്ടി ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയകാരുണ്യം ആയിരിക്കും. തീര്‍ച്ച ആയും മുനോട്ട് പോവുക.

    ReplyDelete
  2. അനില്‍@ബ്ലോഗ്
    മുള്ളൂര്‍ക്കാരന്‍
    ഹരീഷ് തൊടുപുഴ
    എഴുത്തുകാരി

    തുടങ്ങിയവരുമായി ഞാന്‍ മുമ്പെ ഇത്തരത്തില്‍ ഒരാശയം പങ്കു വെച്ചിരുന്നു.

    താല്പര്യമുള്ള കുറച്ചാളുകള്‍ മാസാ മാസം 200 രൂപ കൊടുക്കുക.
    ഓരൊ മാസവും കിട്ടിയ തുക ബ്ലോഗ് പോസ്റ്റില്‍ വിശദമാക്കുക.
    എന്നാതായിരുന്നു അത്.

    വ്യക്തിപരമായ ചില കാര്യങ്ങളാല്‍ കൂടുതല്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എനിക്ക് സാധിച്ചിരുന്നില്ല.

    ബൂലോക കാരുണ്യത്തില്‍ ഇത്തരമൊരു ആശയം വന്നപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയിരുന്നു.

    സഹായങ്ങള്‍ക്ക് കൂടുതല്‍ തുക ആവശ്യമൊ അല്ലയൊ എന്നതല്ല; നമ്മള്‍ എന്തെങ്കിലും ചെയ്യുന്നൊ എന്നതാണ് പ്രധാനം.

    ഇതില്‍ ബൂലോക കാരുണ്യം എന്ന കൂട്ടായ്മയുടെ അംഗങ്ങള്‍ക്കിടയില്‍ ഒരു ആശയക്കുഴപ്പം ഉണ്ടായി എന്ന് തോന്നിക്കുന്നത് തന്നെ സങ്കടകരമാണ്.

    മാസം 100 രൂപ എന്നത് ജോലിയുള്ള സാധാരണക്കാരനായ ഒരാള്‍ക്കും ഭാരമുള്ള തുകയല്ല.

    ഇനി അതില്‍ക്കൂ‍ടുതല്‍ തുക കൊടുക്കേണ്ടവര്‍ ഈ പോസ്റ്റില്‍ പറഞ്ഞത് പോലെ സഹായ അപേക്ഷകള്‍ വരുമ്പോള്‍ അതിലേക്ക് കൂടുതല്‍ നല്‍കിയാല്‍ യാതൊരു പ്രയാസവും ഇല്ലാതെ ഈ കൂട്ടായ്മ നില നില്‍ക്കും എന്നന്നേക്കും...

    ഇത്തരം വേദികളില്‍ പൊതുവെ ഞാന്‍ അഭിപ്രായങ്ങള്‍ പറയാറില്ല.
    (അധിക പ്രസംഗമെന്ന് ആരും പറയരുതല്ലൊ.)

    പക്ഷെ,
    ഒരു സദുദ്യമം ജല രേഖ പോലെ ആയിപ്പോകരുത് എന്ന ആഗ്രഹം ഉള്ളില്‍ ഉള്ളത് കൊണ്ട് മാത്രമാണ് ഇവിടെ അഭിപ്രായം പറഞ്ഞത്.

    എന്നെ കൊണ്ട് കഴിയുന്ന സഹായം;
    ശാരീരികമായും മാനസികമായും സാമ്പത്തികമായും മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യാന്‍ ഞാനും കൂടെ ഉണ്ട്.

    മാസം നൂറ് രൂപ തരാന്‍ സന്നദ്ധരല്ലാത്ത ആളുകള്‍ ഇവിടെ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല.

    പലരും പല തരത്തിലുള്ള ജീവ കാരുണ്യപ്രവര്‍ത്തങ്ങളില്‍ വ്യക്തിപരമായ ഇടപെടല്‍ നടത്തുന്നുണ്ട് എന്നത് മറന്നൊ അതെല്ലാം നിസ്സാരമാക്കിയൊ അല്ല പറയുന്നത്.
    അതിന്റെ കൂടെ ഒരു 100 രൂപ...!

    അത്രയെ ഉള്ളു.

    :)

    ReplyDelete
  3. അപ്പുവേട്ടാ,
    വിമര്‍ശനം പല കാരണങ്ങള്‍ കൊണ്ടുമുണ്ടാവില്ലേ? ചിലപ്പോള്‍ യഥാര്‍ഥ സംശയം...ചിലപ്പോള്‍ കുറ്റം പറയാന്‍ മാത്രം .അതുകൊണ്ട് യഥാര്‍ഥ സംശയം ആണെങ്കില്‍ ഇതുകൊണ്ട് തീരേണ്ടതാണ്...അല്ലാത്തത് എന്തുപറഞ്ഞാലും തീരുകയുമില്ല . അവസാനം നല്ലതെന്ന് അനുഭവിക്കുന്ന പല നല്ല കാര്യങ്ങളുംആദ്യം വളരെ ശക്തമായ എതിര്‍പ്പിലാണ് തുടങ്ങുന്നതെന്നു മറക്കരുത് . നന്മക്കായുള്ള വിമര്‍ശനങ്ങളേ സ്വീകരിക്കുക...എന്നാല്‍ വിമര്‍ശനത്തിനു വേണ്ടിയുള്ള വിമര്‍ശനങ്ങളെ തള്ളിക്കളയുകയും വേണം.

    ReplyDelete
  4. അപ്പൂ..

    നന്നായി ഇങ്ങനെ ഒരു പോസ്റ്റ്. പലരുടെയും സംശയങ്ങള്‍ ഇതു ദുരീകരിക്കും എന്നു കരുതട്ടെ.

    ReplyDelete
  5. നന്നായി ഇങ്ങനെ ഒരു വിശദീകരണം. ഇത്ര ബുദ്ധിമുട്ടിയിട്ടാണ് നിങ്ങള്‍ ഇത്രനാളും പിരിച്ചു സഹായിച്ചിരുന്നതെന്നു അറിയില്ലായിരുന്നു. നാട്ടുകാരന്‍ പറഞ്ഞപോലെ സംശയങ്ങള്‍ ഇതുകൊണ്ടു തീരേണ്ടതാണ്.

    ReplyDelete
  6. മെംബര്‍ ഷിപ്പ് എന്നൊരു വാക്ക് ഉണ്ടാക്കിയ പുലിവാലെ ?!!

    സുമനസ്സുകള്‍ക്ക് മനസ്സിലാവാന്‍ ഈ പോസ്റ്റ് ധാരാളമാണ്, അപ്പുമാഷെ.

    ReplyDelete
  7. ബൂലോക കാരുണ്യത്തിന്റെ ‘മെമ്പര്‍ഷിപ്പ്‘ നീക്കത്തിന് പിന്നില്‍ വ്യക്തിതാല്‍പ്പര്യങ്ങളൊന്നുമായിരുന്നില്ലല്ലോ ?

    മറ്റുള്ള സഹായിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വേണ്ടി ഒരു ശ്രമം . അത് എല്ലാവരും നല്ല രീതിയില്‍ത്തന്നെ ഉള്‍ക്കൊണ്ടില്ലെന്നോ !

    അഥവാ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ തമനുവിനേയും അപ്പുവിനെയും അഗ്രജനേയും പോലുള്ളവര്‍ ഒരു അവധി ദിവസം ബലികഴിച്ച് പിരിവിനിറങ്ങുന്ന ഈ അനുഭവം പറയുന്നതോടെ ഒക്കെ തീരില്ലേ ?

    മാസത്തിലൊരിക്കല്‍ നാട്ടില്‍ പോകുന്ന ഒരാളെന്ന നിലയില്‍ , പണത്തിന് പുറമേ നാട്ടില്‍ ആവശ്യമായി വരുന്ന എല്ലാ സഹായങ്ങള്‍ക്കും ഈയുള്ളവന്റെ സഹകരണം വാഗ്ദാനം ചെയ്യുന്നു.

    ReplyDelete
  8. ബ്ലോഗർമാരെ ഞാൻ ആദ്യമായി കാണുന്നത് അതുല്യേച്ചിയും തമനുവും അഗ്രജന്മാഷും ആഗസ്റ്റിലെ ഒരു നട്ടുച്ചക്ക്, നട്ടപ്ര വെയിലത്ത്, ബൂലൊഗകാരുണ്യത്തിലെ ഒരു പോസ്റ്റിനോടനുബന്ധിച്ച് അപ്പുച്ചേട്ടൻ പറഞ്ഞത് പോലെ വന്നപ്പോഴാ. അതും ഈ പറഞ്ഞത് പോലെ ഷാർജ്ജാപര്യടനം ഒക്കെ കഴിഞ്ഞ്.

    മെമ്പർഷിപ്പോ സംഭാവനയോ സഹകരണമോ പേരെന്തുമായിക്കൊള്ളട്ടെ അതിനു പിന്നിൽ ഉള്ള ലക്ഷ്യം ഭംഗിയായി നേടാൻ കഴിയട്ടെ.

    ReplyDelete
  9. ഇതിനു വേണ്ടി ഒരു പോസ്റ്റ് ഇടേണ്ടി വന്നതു തന്നെ മോശം.. :)

    ഇത്രയൊക്കെ മനസ്സിലാക്കാന്‍ പറ്റാത്തവരാണ് ഈ ബ്ലോഗ് ലോകത്തുള്ളതെന്നു വിശ്വസിക്കാന്‍ പ്രയാസം... വിശ്വാസമില്ലത്തവരോ, താല്പര്യമില്ലത്തവരോ ഉണ്ടെങ്കില്‍ അവര്‍ മാറി നില്‍ക്കട്ടെ.. അവരുടെ സംശയം തനിയെ മാറിക്കൊള്ളും.. അത്രയേ പറയാനുള്ളു..

    ReplyDelete
  10. അനിൽശ്രീ,

    ശരിയാണ്, ഇങ്ങനെയൊരു പോസ്റ്റ് ഇട്ട് കാര്യങ്ങൾ വിശദീകരിക്കേണ്ടിവന്നതു തന്നെ മോശമായിപ്പോയി. പക്ഷേ ഇതിനു തൊട്ടുമുമ്പ് കുറുമാൻ പബ്ലിഷ് ചെയ്ത “അനിവാര്യമായ ചില മാറ്റങ്ങൾ” എന്ന പോസ്റ്റിൽ പറഞ്ഞ ഒന്നുരണ്ടുകാര്യങ്ങളായ “മെംബർഷിപ്” എന്ന ആശയവും “ഫെബ്രുവരി 1, 2010 നു മുന്‍പായി ഇവിടെ കമന്റായി അഭിപ്രായം അറിയിക്കാത്ത നിലവിലുള്ള അംഗങ്ങളെ ഈ പുതിയ നീക്കങ്ങളോട് താത്പര്യമില്ലാത്തവര്‍ എന്നു കണക്കാക്കി - എല്ലാവിധ സ്നേഹബഹുമാനങ്ങളോടു കൂടി തന്നെ - അംഗത്വത്തില്‍ നിന്നും നീക്കം ചെയ്യുന്നതായിരിക്കും.“ എന്ന വാചകവും ഇവിടെയുണ്ടായിരുന്ന ചില അംഗങ്ങൾക്കെങ്കിലും പ്രയാസമുണ്ടാക്കി എന്നു മനസ്സിലാ‍ക്കിയതുകൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് എഴുതേണ്ടിവന്നത്.

    ഈ ബൂലോക കാരുണ്യം ബ്ലോഗിൽ വന്ന റിക്വസ്റ്റുകൾ ആർക്കൈവ്സിൽ നിന്ന് എടുത്ത് ഒന്നു പരിശോധിച്ചാൽ അറിയാം നമ്മൾ ആരും ഒരു സഹായവും ചെയ്യാഞ്ഞ ചില റിക്വസ്റ്റുകളും, അല്ലെങ്കിൽ വളരെ കുറച്ച് ആളുകൾ മാത്രം സഹകരിച്ച പണപ്പിരിവുകളും ഉണ്ടായിട്ടുണ്ട്. അതേ സമയം ഈ ബ്ലോഗിന്റെ സൈഡ് ബാറീൽ ഒന്നു നോക്കൂ. ഞാനുൾപ്പടെ 79 മെംബർ ആണ് ഈ ഗ്രൂ‍പ്പ് ബ്ലോഗിൽ ഉള്ളത്. ഓരോ പുതിയ പോസ്റ്റ് ഇതിൽ വരുമ്പോഴും ഈ 79 ആളുകൾക്കും ഓട്ടോമാറ്റിക് ആയി നോട്ടിഫിക്കേഷൻ പോകുന്നുണ്ട്, പുതിയ പോസ്റ്റ് പൂർണ്ണമായും. ഇതുപോലെതന്നെ കമന്റ്കളും നോട്ടിഫിക്കേഷനായി പോകുന്നുണ്ട്. പക്ഷേ എത്രപേർ പ്രതികരിക്കുന്നു? എത്രപേർ ഇനിഷ്യേറ്റീവുകൾ എടുക്കുന്നുണ്ട്? വളരെ കുറച്ചുപേർ മാത്രം. ആരെയും കുറ്റപ്പെടുത്തുകയല്ല, പ്രതികരിക്കാത്തതിന് ഓരോരുത്തർക്കും അവരവരുടേതായ കാരണങ്ങൾ ഉണ്ടാവാം, അസൌകര്യങ്ങൾ ഉണ്ടാവാം..

    പക്ഷേ ഈ രീതിയിൽ ഇങ്ങനെ ഒരു ഗ്രൂപ്പ്ബ്ലോഗും ഗ്രൂപ്പ് മെയിലും എത്രനാൾ കൊണ്ടുനടക്കും? അല്ലെങ്കിൽ ഇങ്ങനെയുള്ള ഒരു ലിസ്റ്റ്കൊണ്ട് ഉള്ള പ്രയോജനമെന്താണ്? സാഹിത്യവും ലേഖനവും എഴുതാനുള്ള ഒരു ഗ്രൂപ്പ് ബ്ലോഗ് അല്ലല്ലോ ഇത്, ഇവിടെ പ്രവർത്തിയാണു കാര്യം.

    അതുകൊണ്ടാണ് മേൽ‌പ്പറഞ്ഞ പോസ്റ്റിൽ ഫെബ്രുവരി 1, 2010 നു മുന്‍പായി ഇവിടെ കമന്റായി അഭിപ്രായം അറിയിക്കാത്ത നിലവിലുള്ള അംഗങ്ങളെ ഈ പുതിയ നീക്കങ്ങളോട് താത്പര്യമില്ലാത്തവര്‍ എന്നു കണക്കാക്കി - എല്ലാവിധ സ്നേഹബഹുമാനങ്ങളോടു കൂടി തന്നെ - അംഗത്വത്തില്‍ നിന്നും നീക്കം ചെയ്യുന്നതായിരിക്കും എന്ന് ഇതിന്റെ ചുമതലപ്പെട്ടവർ എഴുതിയതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതല്ലാതെ ആരോടുമുള്ള സ്നേഹബഹുമാനക്കുറവുകൊണ്ടല്ല.

    വായിച്ച് അഭിപ്രായങ്ങൾ പറഞ്ഞ ക്യാപറ്റൻ ഹാഡൊക്, ഹൻലല്ലത്ത്, നാട്ടുകാരൻ, എഴുത്തുകാരിച്ചേച്ചി, അനിൽ മാഷ്, കിച്ചുച്ചേച്ചി, പ്രിയ, നിരക്ഷരൻ എന്നിവർക്കും നന്ദി.

    ReplyDelete
  11. അപ്പു, ആര്‍ക്കെങ്കിലും തെറ്റിദ്ധാരണകളെന്തെങ്കിലും ഉണ്ടെങ്കില്‍ അതെല്ലാം മാറ്റാനുതകും വിധം വളരെ നന്നായി കാര്യങ്ങള്‍ കാര്യകാരണ സഹിതം അവതരിപ്പിച്ചിരിക്കുന്നു പോസ്റ്റില്‍, അതിനേക്കാളും കുറച്ചും കൂടെ വ്യക്തമായി ബാക്കി കാര്യങ്ങളും പറഞ്ഞിരിക്കുന്നു കമന്റില്‍...

    ReplyDelete
  12. ഇത്രയും വിശദീകരണം കഴിഞ്ഞിട്ടും മടിച്ചു നില്‍ക്കുന്നവരാണല്ലോ കൂടുതലും :(

    ReplyDelete
  13. ബ്ലോഗില്‍ ഒരു സൈഡില്‍ “വഞ്ചിപ്പെട്ടിയുടെ” നമ്പര്‍ എഴുതി വെച്ചാല്‍ നന്നായിരുന്നു. അതു പോലെ എന്തെങ്കിലും അറിയിപ്പുകള്‍ ഉണ്ടെങ്കില്‍ thambivn@gmail.com എന്ന ഐഡിയില്‍ അറിയിച്ചാല്‍ നന്നായിരുന്നു. ബ്ലോഗ് പോസ്റ്റുകള്‍ എല്ലായ്പ്പോഴും ശ്രദ്ധയില്‍ പെട്ടെന്നോ, വായിക്കാന്‍ സമയം കിട്ടിയെന്നോ വരില്ലല്ലോ.

    -രാമചന്ദ്രന്‍.

    ReplyDelete
  14. രാമചന്ദ്രന്‍, ഈ സഹകരണത്തിനു നന്ദി.
    അക്കൌണ്ട് തുടങ്ങട്ടെ, തീര്‍ച്ചയായും അറിയിക്കാം.

    ReplyDelete
  15. ഇതൊക്കെ ഇപ്പോഴാ കാണുന്നത്. ക്ഷമിക്കണം. എനിക്ക് ഇത് വരെ ഈ കാര്യം പറഞ്ഞ് ഒരു ഇന്‍‌വിറ്റേഷന്‍ കിട്ടിയിട്ടില്ല :)

    ReplyDelete
  16. മെലോഡിയസ്,

    ഇവിടെ ‘ഇൻ‌വിറ്റേഷൻ’ എന്നുദ്ദേശിക്കുന്നത് ബ്ലോഗ് ഓതർ ഇൻ‌വിറ്റേഷൻ ആണോ? ഈ ബ്ലോഗിന്റെ വലതുവശത്തെ സൈഡ് ബാറിൽ കാണുന്ന 79 പേരും ഇതിലെ Authors ആണ് (പോസ്റ്റെഴുതാനുള്ള പെർമിഷൻ) ഒരു ഗ്രൂപ് ബ്ലോഗിൽ പരമാവധി നൂറുപേരെയേ ഇങ്ങനെ ഉൾക്കൊള്ളിക്കുവാൻ ബ്ലോഗർ അനുവദിക്കുന്നുള്ളൂ.

    ബൂലോകകാരുണ്യത്തിലെ ഒരു മെംബർ എന്നു പറയുന്നത് അതല്ല, ഈ ബ്ലോഗ് വഴി ചെയ്യാനുദ്ദേശിക്കുന്ന സഹായങ്ങളിൽ ഭാഗഭാക്കാകാൻ ആഗ്രഹിക്കുന്ന ഒരു മെംബർ എന്നേയുള്ളു. അങ്ങനെയുള്ളവരുടെ ഒരു ലിസ്റ്റ് പ്രത്യേകമായി ഇവിടെ പ്രസിദ്ധീകരിക്കുന്നുണ്ട്.

    ഏതാണു താല്പര്യം എന്നറിയിച്ചാൽ അപ്രകാരം ചെയ്യാം.

    ReplyDelete
  17. വിശദീകരണ കുറിപ്പ് നന്നായി അപ്പു മാഷെ...

    ReplyDelete
  18. എനിക്ക് ഇതിനൊക്കെ താല്പര്യണ്ട്.എന്തു ചെയ്യണം അപ്പൂ?

    ReplyDelete
  19. വികടശിരോമണീയുടെ പേര് ലിസ്റ്റില്‍ ചേര്‍ത്തേക്കാം.

    ReplyDelete
  20. കാരുണ്യത്തില്‍നിന്ന് നീക്കമോ പുറത്താക്കലോ ഒക്കെ നടക്കുന്നൂന്ന് കേട്ട് ഓടിവന്ന ഒരു “ഇന്‍ ആക്ടീവ് “ ബൂലോകവാസിയാണേ..

    കാരുണ്യമര്‍ഹിക്കുന്ന ഒരാളെ സഹായിക്കാന്‍ ആരും മടികാണിക്കും എന്നു തോന്നുന്നില്ല..പക്ഷേ പ്രായോഗികമായ ഒരു സംവിധാനം രൂപികരിക്കാനുള്ള ബുദ്ധിമുട്ടാവാം പലരുടെ സഹായങ്ങളും ഇവിടെ എത്താതെ പോകുന്നത്. സഹായം ചെക്കായോ ഡ്രാഫ്റ്റായോ നാട്ടിലേയും വിദേശത്തേയും അക്കൌണ്ടില്‍ അയക്കാന്‍ സൌകര്യം ഉണ്ടായിരുന്നെങ്കില്‍ നന്ന്..

    എല്ലാ പിന്തുണയും ഈയുള്ളവന്റെ വക..

    ReplyDelete
  21. മനുജീ, ഇവിടെ ആരു ആരെ പുറത്താക്കാൻ പോകുന്നെന്നാണു !! അങ്ങനെയൊന്നുമില്ല.ഒരുവർഷത്തേക്കുള്ള സഹായത്തുക നമ്മൾ ഒന്നിച്ചു ഒരുതവണ കളക്റ്റ് ചെയ്തു വയ്ക്കുന്നു. അത്രതന്നെ.

    ReplyDelete
  22. ബൂലോക കാരുണ്യം ഒരു ഭൂലോകപ്രസ്ഥാനമായിട്ട്‌ വളരട്ടെ. എന്റെ ആശംസകൾ.

    എന്റെ ഒരു കൈതാങ്ങ്‌. ഞാനും അംഗമാകാൻ താൽപ്പര്യപ്പെടുന്നു.

    ReplyDelete
  23. അപ്പുമാഷേ വഞ്ചിപ്പെട്ടിയുടെ നമ്പര്‍ ഈ ഈമെയിലില്‍ അയക്കുമല്ലൊ arunchullikkal@gmail.com . എല്ലാ സഹകരണങ്ങളും ഉണ്ടാകുന്നതാണ്. ആശംസകള്‍.

    ReplyDelete
  24. പ്രിയസുഹൃത്തുക്കളേ,

    ബൂലോഗകാരുണ്യത്തില്‍ സഹകരിക്കാന്‍ താല്പര്യം അറിയിച്ച എല്ലാവര്‍ക്കും നന്ദി.

    ആവശ്യമായ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പുതുതായി ആരംഭിച്ച ഗൂഗിള്‍ ഗ്രൂപ്പിലേക്കുള്ള ക്ഷണം ഒരൊരുത്തരും ബ്ലോഗ് പ്രൊഫൈലില്‍ നല്‍കിയിരുന്ന ഈമെയില്‍ അഡ്രസ്സിലേക്ക് അയച്ചിരുന്നു. എന്തെങ്കിലും കാരണവശാല്‍ ആ ക്ഷണം നിങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെങ്കില്‍ ദയവായി അറിയിക്കുക.

    ReplyDelete
  25. ബൂലോഗ കാരുണ്യം - നമ്മള്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി... http://boologakarunyam.blogspot.com/2010/03/blog-post.html

    ReplyDelete