Saturday, January 16, 2010

താങ്ങും തണലും തേടി

2009 ജൂണ്‍ - ആഗസ്റ്റ് മാസങ്ങള്‍ ഗള്‍ഫില്‍ ചിക്കന്‍ പോക്സ് പടര്‍ന്ന് പിടിച്ച സമയം ആയിരുന്നു.ഈ ഞാനും അന്നു ചിക്കന്‍പോക്സിന്റെ പിടിയില്‍ ആയിരുന്നു. ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ചിലവില്‍ സുഖചികല്‍സയും അന്നദാതാവായ കമ്പനിയുടെ ചിലവില്‍ വിശ്രമവും ദൈവത്തിന്റെ ചെലവില്‍ ആരോഗ്യവും, അല്ലലില്ലാത്ത നല്ല രണ്ടാഴ്ച ,എനിക്കതായിരുന്നു ചിക്കന്‍പോക്സ് എഫക്ട്.

പക്ഷെ മറ്റു പലര്‍ക്കും അതല്ലാ എന്നതിന്റെ ഒരു തെളിവാണ് മുരളിച്ചേട്ടന്‍. ഇവിടെ അദ്ദേഹം ജോലിക്ക് വന്നതായിരുന്നു. സാമ്പത്തികപ്രയാസങ്ങളെ തരണം ചെയ്യാനായി ആണ് ഈ മരുഭൂമിയിലേക്ക് നുള്ളിപ്പെറുക്കിയ തുകയുമായെത്തിയത്. പക്ഷെ അതിലും വലിയ ദുരിതവും പേറി മടങ്ങാനായിരുന്നു വിധി. ജൂലായില്‍ ചിക്കന്‍പോക്സ് വന്നു സീരിയസ് ആയി നിവൃത്തിയില്ലാതെ തിരിച്ചു നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. പനിയുടെ സീരിയസ്നെസ് പക്ഷെ ശരീരം തളര്‍ത്തിയാണ് തീര്‍ന്നത്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികല്‍സയില്‍ ആയിരുന്നു. ഒരു മാസത്തോളം വേണ്ടി വന്നു സംസാരശേഷി എങ്കിലും വീണ്ടെടുക്കാന്‍. ഫിസിയോതെറാപ്പിക്കായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുണമെന്നും ഉണ്ടാവാത്തതിനാല്‍ പിന്നീട് വീടിനടുത്തുള്ള ആയുര്‌വേദആശുപത്രിയിലേക്ക് മാറ്റി. തിരുമ്മല്‍ കൊണ്ട് ശരീരം വീണ്ടും പഴയനിലയിലേക്ക് സുഖപ്പെടുത്തിയെടുക്കാം എന്ന പ്രതീക്ഷയില്‍ ആയിരുന്നു അവര്‍. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും സഹായത്തിനുണ്ടായിരുന്നു. അവരായിരുന്നു താങ്ങും തണലും.

പക്ഷെ ആറു മാസം കഴിഞ്ഞിട്ടും മുരളിച്ചേട്ടന്റെ അവസ്ഥ അങ്ങനെ തന്നെ തുടരുകയാണ് എന്നതിലാണ് ഇപ്പോഴത്തെ പ്രശ്നം. വാടകവീട്ടില്‍ താമസിക്കുന്ന അവര്‍ക്ക് ആകെയുണ്ടായിരുന്ന സമ്പാദ്യവും മുരളിച്ചേട്ടന്റെ ചികല്‍സക്കായി ഉപയോഗിച്ച് കഴിഞ്ഞു. സഹായിക്കുന്ന സുഹൃത്തുക്കള്‍ക്കും അകന്ന ബന്ധുക്കള്‍ക്കും നല്‍കാവുന്നതിനും ഒരു പരിമിതിയുണ്ടല്ലോ. മുരളിച്ചേട്ടന്റെ ഭാര്യ രോഹിണിച്ചേച്ചി തയ്യല്‍ജോലി ചെയ്ത് ജീവിതത്തിനെ തുന്നിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നെങ്കിലും പലപ്പോഴും കഴിയുന്നില്ല. മുരളിച്ചേട്ടനും രോഹിണിച്ചേച്ചിയും എഴാം ക്ലാസ്സുകാരന്‍ മകനും നാലാം ക്ലാസ്സുകാരി മകളും ജീവിതത്തിന്റെ മുന്നില്‍ പകച്ചുപോയിരിക്കുന്നു.

ബന്ധുക്കളും സുഹൃത്തുക്കളും നല്‍കുന്ന സഹായങ്ങള്‍ വിലപ്പെട്ടതാണെങ്കിലും ഇനിയും അത്രക്ക് തന്നെ സഹായിക്കാന്‍ അവര്‍ക്കും കഴിവില്ലാത്തതിനാല്‍ പുറം ലോകത്തിന്റെയും സഹായം തേടേണ്ടതായി വന്നിരിക്കുന്നു. അതിനായി കഴിഞ്ഞമാസം (ഡിസംബര്‍ 13) മനോരമയുടെയും മംഗളത്തിന്റെയും പത്തനംതിട്ട എഡീഷനിലൂടെ ഒരു ശ്രമം നടത്തി.
വായനക്കാര്‍ക്ക് പലതില്‍ ഒന്നു മാത്രമാണ് പലപ്പോഴും ഈ സഹായാഭ്യര്‍ഥന.പലതും വായിച്ച് സഹതപിച്ച് മറന്നേക്കാം. മറക്കേണ്ടി വന്നേക്കാം.

അതിനാല്‍ നാം നമ്മുടെ വഴിക്കും ശ്രമിക്കേണ്ടതായിരിക്കുന്നു.


നമുക്ക് നല്‍കാവുന്ന ചെറിയ ചെറിയ സഹായങ്ങള്‍
Rohini Muralidharan
A/c No 67073430260
S B T
Kozhanchery
എന്ന അക്കൗണ്ടില്‍ നല്‍കിയാല്‍,അല്ലെങ്കില്‍ ഒന്നിച്ച് സ്വരുക്കൂട്ടി അവര്‍ക്ക് നല്‍കുകയോ ചെയ്താല്‍ തളര്‍ന്ന മുരളിച്ചേട്ടനു ഒരു താങ്ങായി മാറും. അഞ്ചോ പത്തോ, എത്ര കുഞ്ഞുതുകയുമായിക്കൊള്ളട്ടെ പലതു ചേര്‍ന്ന് പെരുവെള്ളമല്ല, അവര്‍ക്കൊരു ജീവജലമാണ് ആകുന്നത്.

ദയവായി സഹായിക്കുക.

( ഇന്നു മൂന്നു മണിക്ക് മുസ്തഫക്ക് തലക്കു മീതെ ശൂന്യാകാശമല്ലാതാവുകയാണ്. കനിവുള്ള മനസ്സുകളുടെ നന്മ അവര്‍ക്കൊരു തണല്‍ നല്‍കുകയാണ്.നന്ദി പറയാം.അവനവനാകുന്ന ചെറിയ ചെറിയ സഹായം നീട്ടിക്കൊടുത്ത, വലിയ സഹായത്തിലേക്കുള്ള വഴി കാണിച്ചു കൊടുത്ത, ആ വലിയ സഹായം നല്‍കാന്‍ തയ്യാറായ വലിയമനസ്സുകളോട്. നന്ദി )

3 comments:

  1. ചിക്കന്‍പോക്സ് എന്ന നിരുപദ്രവകരമെന്ന് നാം കരുതിരുന്ന ഒരു അസുഖം ഒരു ജീവിതത്തിനെ തീരാത്ത ദുരിതക്കടലില്‍ ആക്കിയിരിക്കുന്നു.നാല്പത്തിമൂന്നുകാരന്‍ മുരളിച്ചേട്ടനെ വിധി തളര്‍ത്തിയത് ആ ശരീരത്തിനെ തന്നെ തളര്‍ത്തിയാണ്. ഇനി ആ മനസ്സ് തളരാതിരിക്കാന്‍...

    ReplyDelete
  2. എന്റൊരു ചെറിയ പങ്ക് ഫെബ്രുവരി മാസത്തില്‍ നാട്ടില്‍ എത്തുമ്പോള്‍ അയച്ചുകൊടുക്കുകയോ നേരിട്ടെത്തിക്കുകയോ ചെയ്യാം.

    ReplyDelete