ഒരു സഹായം കിട്ടുമോ ; ഒരു ജീവൻ രക്ഷിക്കാൻ
എഴുതിയത്: Sanal Sasidharan at 6/21/2011
എഴുതിയത്: Sanal Sasidharan at 6/21/2011
മനുഷ്യൻ എത്ര നിസാരനാണെന്ന് കാണണമെങ്കിൽ ആശുപത്രികളിൽ പോകണം.ഏതു കൊമ്പനാനയ്ക്കും കൊടുങ്കാറ്റിനും മുന്നിൽ തലകുനിക്കില്ല എന്ന അഭിമാനബോധം ഓരോ ശ്വാസത്തേയും ഭരിക്കുന്ന മനുഷ്യൻ എന്ന മഹത്തായ ജീവി, കോശം പോലുമില്ലാത്ത അണുക്കളുടെ മുന്നിൽ അറവുമൃഗത്തിന്റെ നിസഹായതയോടെ വിറച്ചു നിൽക്കുന്ന കാഴ്ച കാണാം. കടൽക്ഷോഭത്തിൽ കടയിടിഞ്ഞുപോയ നെട്ടത്തെങ്ങിനെപ്പോലെ, ഏറ്റവും ചെറിയ കാറ്റിനെപ്പോലും ഭീതിയോടെ നോക്കി, സ്വന്തം ഉയരത്തെ സ്വയം ശപിച്ചു നിൽക്കുന്നതു കാണാം. ഈച്ചയെപ്പോലെ, പുഴുക്കളെപ്പോലെ എത്ര നിസാരരാണ് നമ്മൾ !
ഇന്ന് തിരുവനന്തപുരം ആർ.സി.സിയിൽ പോയി അനിൽ എന്ന പഴയൊരു സഹപാഠിയെ കണ്ടു. ഗവൺമെന്റ് ലോ കോളേജിൽ നിന്നും പലവഴിക്ക് പിരിഞ്ഞ ശേഷം ഞങ്ങളങ്ങനെ കാണാറില്ലായിരുന്നു. ഞാൻ സിനിമ എന്ന സ്വപ്നത്തിന്റെ പിറകേയും അവൻ അഭിഭാഷകവൃത്തി എന്ന തൊഴിലിന്റെ പിറകേയും പോയതുകൊണ്ട് കണ്ടുമുട്ടാനുള്ള അവസരങ്ങൾ വളരെ കുറവായിരുന്നു.ഇടയ്ക്ക് കണ്ടപ്പോൾ പച്ചപിടിച്ചു വരുന്ന തന്റെ തൊഴിലിനെക്കുറിച്ചും സന്തോഷം നിറഞ്ഞ കുടുംബജീവിതത്തെക്കുറിച്ചും കുസൃതിക്കുടുക്കയായ മകളെക്കുറിച്ചും അവൻ വാതോരാതെ സംസാരിച്ചു ..കുറേ നാളുകൾക്കു ശേഷം ഒരു സുഹൃത്തുവഴി അറിഞ്ഞു അനിലിന്റെ ഭാര്യ (ശാരി) യെ ആർ.സി.സിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു.. കാൻസറാണ്.. രോഗം ഗുരുതരമാണ്...കുറേ നാളുകൾക്ക് ശേഷം ഏറെ പണം ചെലവാക്കി മരണത്തിന്റെ വായിൽ നിന്നും അനിൽ ശാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു എന്നറിഞ്ഞു. പിന്നീടൊരിക്കൽ കണ്ടപ്പോൾ തന്റെ കുടുംബത്തിന്റെ സാമ്പത്തികഭദ്രതയെ തകർത്തുകളഞ്ഞ കാൻസർ എന്ന രോഗത്തിന്റെ പിടിയിൽ നിന്നും ശാരിയെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാൻ താൻ അനുഭവിച്ച യാതനകളെക്കുറിച്ച് അനിൽ പറഞ്ഞു. എങ്കിലും എല്ലാം പിടിവിട്ടു പോയി എന്ന അവസ്ഥയിൽ നിന്നും ജീവിതത്തെ തിരികെ തന്നല്ലോ ദൈവം എന്ന് അവൻ ആശ്വസിച്ചു.
കഴിഞ്ഞ മാസം ഒരു ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നപ്പോൾ ശ്യാം മോഹൻ എന്ന ഒരു സുഹൃത്തിന്റെ ഫോൺ കോൾ വന്നു. ശാരിയെ വീണ്ടും ആർ.സി.സിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. അനിലിന്റെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത പൂർണമായും തകർത്തുകളഞ്ഞ ശേഷം പിൻവലിഞ്ഞ ആ മഹാരോഗം ഇത്തവണ തിരിച്ചുവന്നത് കൂടുതൽ ശക്തിയോടെ രക്താർബുദത്തിന്റെ രൂപത്തിലാണ്. ഒരു തവണത്തെ ആന്റിബയോട്ടിക് ഇഞ്ചക്ഷനുള്ള തുകപോലും സംഘടിപ്പിക്കാൻ ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു അനിൽ. മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഇത്തവണ ഡോക്ടർ പറഞ്ഞ പ്രതിവിധി. ഏതാണ്ട് പതിനഞ്ചു ലക്ഷം രൂപയോളം ചെലവുവരും. ലോ കോളേജിലെ പഴയ സഹപാഠികളെല്ലാം ചേർന്ന് കുറച്ച് പണം സമാഹരിച്ചു നൽകണം എന്ന് പറയാനാണ് ശ്യാം എന്നെ വിളിച്ചത്. ഓരോരുത്തർക്കും പതിനായിരം രൂപവീതമെങ്കിലും കൊടുക്കാനാകുമെങ്കിൽ അത് ഒരു നല്ല സഹായമാകുമെന്ന് അവൻ പറഞ്ഞു. ജൂൺ ആദ്യവാരമെങ്കിലും കഴിയുന്നത്ര തുക അനിലിന്റെ അക്കൌണ്ടിൽ ഇടാൻ ശ്രമിക്കണം എന്ന് പറഞ്ഞ് അവൻ അനിലിന്റെ ബാങ്ക് അക്കൌണ്ട് അയച്ചുതന്നു. ഷൂട്ടിംഗ് കഴിഞ്ഞ് ഞാൻ തിരികെ വന്നു. അതിൽ നിന്ന് പ്രതീക്ഷിച്ച സാമ്പത്തികം കിട്ടിയില്ല. ജൂൺ ആദ്യവാരവും രണ്ടാം വാരവും കടന്നുപോയി. എനിക്ക് ഒരു രൂപ പോലും ഇടാനായില്ല.അതുകൊണ്ടുതന്നെ ശ്യാമിനേയോ അനിലിനേയോ വിളിക്കാൻ എനിക്കൊരു ചമ്മലുണ്ടായി.
മറ്റു പണികളൊന്നുമില്ലാതെ നാട്ടിൽ നിന്നിട്ടും അനിലിനെ ഒന്നുപോയി കാണുകയെങ്കിലും ചെയ്യാത്തത് തെറ്റാണെന്ന് രണ്ടുമൂന്നുദിവസമായി മനസാക്ഷി കുത്തിത്തുടങ്ങി. അങ്ങനെ ഇന്ന് ഞാനും ഒരു സുഹൃത്തുമായി ആർ.സി.സിയിൽ പോയി അനിലിനെ കണ്ടു. അവൻ ഒന്നും സംഭവിക്കാത്തവനെപ്പോലെ ചിരിച്ചുകൊണ്ട് ഞങ്ങളുടെ നേർക്ക് നടന്നു വന്നു. മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ എന്നത് ഏതാണ്ട് അസാധ്യമായ ഒന്നാണെന്ന മട്ടിലായിരുന്നു അവൻ സംസാരിച്ചത്.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി മുതൽ നാട്ടിലെ സന്നദ്ധസംഘടനകൾ വരെ എല്ലാ വാതിലുകളും മുട്ടി മൂന്ന് മാസത്തെ ചികിത്സയ്ക്കുള്ള പണം സംഘടിപ്പിക്കാം എന്നുമാത്രമേ അവനു വിശ്വാസമുള്ളു.മൂന്നു മാസത്തിനു ശേഷം ശാരിയെ മരണം കൊണ്ടുപോകും.അമ്മയെ കാണാതെ മകൾ കരയുന്നു എന്ന് പറയുമ്പോഴും അവന്റെ കണ്ണുകളിൽ നനവില്ല..മജ്ജമാറ്റിവെച്ച് ഈ മഹാരോഗത്തെ പരാജയപ്പെടുത്തി ജീവിതം തിരികെപ്പിടിക്കാമെന്ന് വിശ്വസിച്ച് ശാരി സന്തോഷവതിയായിരിക്കുകയാണെന്ന് പറയുമ്പോഴും അവന്റെ മുഖത്ത് സങ്കടമില്ല. ആദ്യം തന്നെ ഈ രോഗം അതിന്റെ യഥാർത്ഥരൂപത്തിൽ വന്നിരുന്നു എങ്കിൽ മജ്ജമാറ്റിവെയ്ക്കാനുള്ള പണം സംഘടിപ്പിക്കാമായിരുന്നു എന്നവൻ പറഞ്ഞു. ഏറെ ചാടിയിട്ടും വള്ളത്തിനുള്ളിൽ തന്നെ വീണുപോയ കടൽമീനിന്റെ പരാജയ സമ്മതമായിരുന്നു അവന്റെ ഭാവം. ഇനി എനിക്ക് വയ്യ.വിധി ഇതാണ് എന്ന് കീഴടങ്ങിക്കൊടുക്കുന്ന ഒരു മനുഷ്യന്റെ ദയനീയമായ അവസ്ഥ.
എന്തു ചെയ്യാനാണ്..മനുഷ്യൻ എത്ര നിസഹായനാണ്...ഞാൻ ഒന്നും പറയാതെ കേട്ടു നിന്നു... ഒടുവിൽ മടങ്ങിപ്പോരുമ്പോൾ ഞാൻ പറഞ്ഞു തളരരുതെടാ..പണമുണ്ടാക്കാം..നമുക്ക് ആളുകളോട് ചോദിക്കാം...നീ മജ്ജമാറ്റിവെയ്ക്കൽ അസാധ്യമാണ് എന്ന മനോഭാവം മാറ്റണം..എങ്ങനെ പണം സംഘടിപ്പിക്കാം എന്ന് ചിന്തിക്കണം...പണം സംഘടിപ്പിക്കാൻ നമുക്ക് കഴിയും..ഒന്നും അസാധ്യമല്ല... അത് പറഞ്ഞപ്പോൾ അവന്റെ കണ്ണിൽ പ്രതീക്ഷയുടെ നേർത്ത നനവ് ഞാൻ കണ്ടു...അവൻ എന്റെ കൈ അമർത്തിപ്പിടിച്ചു... ഞാൻ ചെയ്തതു ശരിയാണോ എന്ന് എനിക്കറിയില്ല..വെറും വാക്കുകൾ കൊണ്ടാണെങ്കിലും ഞാൻ യാഥാർത്ഥ്യത്തെ അംഗീകരിച്ചു കഴിഞ്ഞ ഒരു മനുഷ്യനെ മോഹിപ്പിക്കുകയായിരുന്നോ...
എന്തായാലും അവന്റെ കയ്യിൽ നിന്ന് കുടുംബഫോട്ടോയും ചികിത്സാരേഖകളും സ്കാൻ ചെയ്തെടുത്തുകൊണ്ടാണ് ഞാൻ തിരികെപ്പോന്നത്. അപ്പോൾ അവനെ സമാധാനിപ്പിക്കാൻ പറഞ്ഞതാണെങ്കിലും മടങ്ങിപ്പോരുമ്പോൾ ഞാനും അതുതന്നെ ചിന്തിക്കുകയായിരുന്നു. പണം എങ്ങനെ ഉണ്ടാക്കാം...പതിനഞ്ചുലക്ഷത്തിന്റെ ഒരു ചെറിയ പങ്കെങ്കിലും ഉണ്ടാക്കാൻ ശ്രമിച്ചാൽ നടക്കില്ലേ... ബൂലോക കാരുണ്യത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ച് സിമിക്ക് (സിമി നസ്രേത്ത്) ഒരു മെയിലയച്ചു. ഈ ലോകത്ത് ആർക്കൊക്കെ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് എനിക്കറിയില്ലല്ലോ (ഒളിയാക്രമണം നടത്തി ഒരു അനിലിനേയും ശാരിയേയും പരാജയപ്പെടുത്തുന്ന വിധിയ്ക്കുമറിയില്ലായിരിക്കും) അതുകൊണ്ട് ഞാൻ ഇതിവിടെ എഴുതുന്നു. ആർക്കെങ്കിലുമൊക്കെ എന്തെങ്കിലും ചെയ്യാൻ കഴിയുമോ? എനിക്ക് ചെയ്യാൻ കഴിയുന്നത് ഞാനും ചെയ്യാം..
ഒക്ടോബറിലാണ് മജ്ജമാറ്റിവെയ്ക്കാനുള്ള സാമ്പത്തികമുണ്ടെങ്കിൽ അത് നടത്താമെന്ന് ഡോക്ടർ പറഞ്ഞിരിക്കുന്നത്. മൂന്നു മാസം... .
Patient's Name: Shari
Address to contact
Anil Kumar
Sarasumani,
13 PK Nagar
Vadakevila
Quilon
Pin Code-691010
Phone Number :+91-7293607979
Bank Account:
Name : Anil Kumar K.M
SB Account No:67089138687
State Bank of Travancore
Civil Station Branch
Kollam
SWIFT Code: SBTRINBB053
IFS Code: SBTR0000053
ഇന്നലെ (21/6/2011) രാത്രി ഈ പോസ്റ്റ് ഇവിടെ ഇട്ട ശേഷം ഇന്റർ നെറ്റിലെ സുമനസുകൾ ഒരായിരം സഹായ ഹസ്തങ്ങളുമായി മുന്നോട്ടു വരുന്നുണ്ട്.പ്രതീക്ഷയുടെ ഊർജ്ജസ്വലമായ ഒരു ദിവസമായിരുന്നു ഇന്ന്. ഇന്ന് (22/6/2011) വീണ്ടും ആർ.സി.സിയിൽ പോയി അനിലിനെ കണ്ടു..അവൻ ഒറ്റയ്ക്കല്ലെന്നും നൂറുകണക്കിനാളുകളുടെ പിന്തുണയുണ്ടെന്നും എന്തായാലും നമ്മൾ ശാരിയുടെ ജീവൻ രക്ഷിക്കാൻ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുമെന്നും പറഞ്ഞു.
ശാരിയുടെ ചികിത്സാ നിധിയിലേക്ക് സംഭാവനനൽകുന്നവരുടെ പേരു വിവരങ്ങളും സമാഹരിച്ച തുകയും രേഖപ്പെടുത്തി ഇന്റർനെറ്റ് സുഹൃത്തുക്കൾ ഒരു ഗൂഗിൾ സ്പ്രെഡ് ഷീറ്റ് തുറന്നിട്ടുണ്ട്. അതിന്റെ ലിങ്ക് പോസ്റ്റ് ചെയ്യുന്നു.IFS CODE, SWIFT CODE എന്നിവ അക്കൌണ്ടിന്റെ കൂടെ പുതുതായി ചേർത്തു.
https://spreadsheets.google.com/spreadsheet/ccc?key=0AsE_HDg0B4ZndExTN05uTE5NM3ZsUTRlQkdfRERWOXc
ശാരിയുടെ ചികിത്സാർത്ഥം നടക്കുന്ന ധനസമാഹരണത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ദുബായ് / ഷാർജ ഭാഗങ്ങളിലുള്ളവർ മുസ്തഫ മുഹമ്മദ് (അഗ്രജൻ), പ്രിയ, അപ്പു, വഹീദ (കിച്ചു) എന്നിവരിൽ ആരെയെങ്കിലും കോണ്ടാക്റ്റ് ചെയ്താൽ അവിടെയെത്തി പണം സ്വീകരിക്കാം. അതിനുശേഷം ഒന്നിച്ചൊരു തുകയായി നമുക്ക് അയച്ചു കൊടുക്കാവുന്നതാണ്.
അബുദാബിയിലുള്ളവർ ഇസ്മയിൽ ചെമ്മാടിനെ വിളിച്ചാൽ മതിയാകും. നമ്പർ : 0556504052
ശാരിക്ക് വേണ്ടിയുള്ള സഹായങ്ങൾ ഒരുമിച്ചു ചേർത്തു കൊണ്ടിരിക്കുന്നതിനൊപ്പം, ഡോക്റ്റർ സി പി മാത്യു ഒരു സിദ്ധമരുന്ന് ചികത്സ കൊണ്ട് പല രോഗികളെയും സുഖപ്പെടുത്തിയിട്ടുള്ളതായി അറിഞ്ഞതിനാൽ ബോണ്മാരോ ട്രാൻസ്പ്ലാന്റ്റ് ചെയ്യുന്നതു വരെയുള്ള സമയം ഒരു പരീക്ഷണമെന്നും പ്രത്യാശയെന്നും നിലയിൽ ആ മരുന്നു കൂടി ശാരിക്ക് സ്റ്റാർട്ട് ചെയ്തിരിക്കുന്നു ( സിദ്ധവൈദ്യം എന്ന് പൂർണ്ണമായും പറയാൻ ആകില്ല. ആർസെനിക് എന്ന ക്യാൻസർ ചികത്സക്ക് അലോപ്പതി ഉപയോഗിക്കുന്ന ഘടകം ആണു മുഖ്യം)
ReplyDeleteകൂടുതൽ വിവരങ്ങൾ ഇവിടെ : https://plus.google.com/100393451254512022912/posts/DUdH7CPWjmi
ശാരി മരുന്നിനോട് ചെറുതായി നല്ല രീതിയിൽ റെസ്പോണ്ട് ചെയ്തിട്ടുള്ളതായി ആണു അറിഞ്ഞത്.