Saturday, June 4, 2011

യൂണിഫോം വിതരണം ജൂൺ 13ന്

സുഹൃത്തുക്കളെ,

വയനാട്ടിലെ തിരുനെല്ലിക്കടുത്തുള്ള സെര്‍വ് ഇന്ത്യ ആദിവാസി സ്ക്കൂളിലെ 329 കുട്ടികൾക്ക് പുതിയ യൂണിഫോം നൽകാനായി, ഓൺലൈൻ സുഹൃത്തുക്കളുമായും മറ്റ് സുമനസ്സുകളുമായുംചേർന്ന് ധനസമാഹരണം നടത്തി, യൂണിഫോമിന്റെ പ്രവർത്തനങ്ങളുമായി ( അഭ്യര്‍ത്ഥന , മുന്നോട്ട് , ഒരു ലക്ഷം പിരിച്ചാലോ , കുട്ടികള്‍ക്കുള്ള യൂണിഫോം ) ബൂലോഗകാരുണ്യം മുന്നോട്ട് പോകുന്ന കാര്യം ഏവർക്കും അറിവുള്ളതാണല്ലോ..?

ഈ അദ്ധ്യയന വർഷം തുടക്കത്തിൽ തന്നെ യൂണിഫോം കൊടുക്കുക എന്ന ലക്ഷ്യത്തോടെ, കാലേക്കൂട്ടി യൂണിഫോം തുണി വാങ്ങുകയും, തുന്നൽക്കാരെ ഏർപ്പാടാക്കുകയും, അവരുമായി ചെന്ന് കുട്ടികളുടെയെല്ലാം അളവെടുക്കുകയും, കഴിഞ്ഞ രണ്ട് മാസമായി തുന്നൽ ജോലികൾ പുരോഗമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ഇതിനകം യൂണിഫോം എല്ലാം തുന്നിക്കഴിഞ്ഞിരിക്കുന്നു. സ്കൂൾ അധികൃതരുടെ സൗകര്യം അനുസരിച്ച് ഒരു ദിവസം തീരുമാനിക്കുന്നതിന്റെ കാലതാമസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്കൂൾ അധികൃതരുടെ സൗകര്യാർത്ഥം, ജൂൺ 13- )ം തീയതി തിങ്കളാഴ്ച്ച ബൂലോക കാരുണ്യത്തിന്റെ പ്രതിനിധികളായ ആഷ്ലിയും, ശാന്തിശർമ്മ(അതുല്യ)യും, മൈന ഉമൈബാനും സ്ക്കൂളിലെത്തി യൂണിഫോം വിതരണം ചെയ്യുന്നതായിരിക്കും എന്ന വിവരം എല്ലാവരേയും അറിയിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്.

ബൂലോക കാരുണ്യത്തിന്റെ പ്രവർത്തനങ്ങളുടെ തിളക്കമുള്ള ഒരു നാഴികക്കല്ലായി ഈ സംരംഭം എന്നും കണക്കാക്കപ്പെടുമെന്ന കാര്യത്തിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാം.

ഇതോടൊപ്പം ഇരുളം അംഗനവാടിയിടെ 15 കുട്ടികൾക്ക് കൂടെ യൂണിഫോം വിതരണം ചെയ്യുന്നുണ്ടെന്ന മറ്റൊരു സന്തോഷവാർത്ത കൂടി അറിയിക്കട്ടെ. രാവിലെ 09:30 മണിയോടെ ഇരുളം അംഗനവാടിയിലെ കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്തതിന് ശേഷം, ഉച്ചയ്ക്ക് 12 മണിയോടെ തിരുനെല്ലിയിലെ സ്ക്കൂളിലെത്തി അവിടെയുള്ള കുട്ടികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

യൂണിഫോം പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാ ബൂലോകർക്കും ഭൂലോകർക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ. അതോടൊപ്പം, അന്നേ ദിവസം വളരെ ലളിതമായി സ്ക്കൂളിൽ വെച്ച് നടക്കുന്ന ഈ ചടങ്ങിൽ പങ്കെടുക്കാൻ താല്‍പ്പര്യമുള്ള ഏവരേയും വയനാട്ടിലേക്ക് സ്വാഗതം ചെയ്യുന്നു.

16 comments:

 1. ബൂലോക കാരുണ്യത്തിന്റെ പ്രവർത്തനങ്ങളുടെ തിളക്കമുള്ള ഒരു നാഴികക്കല്ലായി ഈ സംരംഭം എന്നും കണക്കാക്കപ്പെടുമെന്ന കാര്യത്തിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാം.

  ReplyDelete
 2. അഭിനന്ദനങ്ങളും ആശംസകളും.

  കുഞ്ഞുങ്ങൾക്ക് എല്ലാ നന്മയും നേരുന്നു.

  ReplyDelete
 3. തുടര്‍ന്നും ഇതുപോലെയുള്ള പ്രവര്‍ത്തനങള്‍ നടത്താന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  ReplyDelete
 4. അധികം പേർ പങ്കെടുത്ത് വസ്ത്രവിതരണം ഒരു സംഭവമായി മാറരുത്... എത്രയും ലളിതവും രഹസ്യവും ആകാമോ, അത്രയും നല്ലത്...

  ReplyDelete
 5. ആശംസകള്‍. പ്രവര്‍ത്തനങ്ങള്‍ വിപുലമാകട്ടെ

  ReplyDelete
 6. ജൂണ്‍ 10 നു തിരിച്ചു മരുഭൂമിയിലേക്കു പറക്കുന്നു. അല്ലെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കുമായിരുന്നു മനോജ്.
  നമ്മുടെ കൂട്ടായ ഈ സദുദ്യമത്തിന്‍റെ സന്തോഷം നേരിട്ടു നുകരാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ട്. പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ആത്മാര്‍ത്ഥതയുള്ള പങ്കാളികള്‍ക്കും ഒരിക്കല്‍ കൂടി ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി.
  ഇതു നിര്‍ത്താതെ കൊണ്ടു നടത്താന്‍ പ്രേരണയാവട്ടെ!

  ReplyDelete
 7. ഇതിൽ പങ്കെടുത്ത ഏവർക്കും അഭിനന്ദനങ്ങൾ :-)

  ReplyDelete
 8. വളരെ നല്ലകാര്യം. ഒരു പുണ്യപ്രവർത്തി.. ആഷ്‌ലിക്കും അതുല്യാമ്മയ്ക്കും മനോജിനും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി.

  ReplyDelete