Sunday, March 30, 2008

നൂറുകണക്കനു ജീവന്‍ രക്ഷിക്കാനാവുമോ നമുക്ക്?

പ്രിയരേ,
എന്റെ ഒരു ബന്ധുവിന്റെ മകന്‍ ഒരത്യാഹിതത്തെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ അഡ്മിറ്റ് ആകുകയും ഡോക്റ്റര്‍മാരുടെ സമയോചിതവും സ്തുത്യര്‍ഹവുമായ സങ്കീര്‍ണ്ണ ശസ്ത്രക്രിയയെത്തുടര്‍ന്ന് സുഖം പ്രാപിച്ചു വരികയുമാണ്‌. കുട്ടിയുടെ ദൈനം ദിന പുരോഗതി ഞാന്‍ ഫോണില്‍ അന്വേഷിക്കുന്നുണ്ട്. ആദ്യ ദിവസം വിളിച്ചപ്പോള്‍
"മകന്റെ ഭാഗ്യം കൊണ്ട് ഇവിടെയുള്ള രണ്ടു വെന്റിലേറ്ററില്‍ ഒന്ന് ഒഴിവുണ്ടായിരുന്നു. ഓരോ ദിവസവും ഭയന്നാണ്‌ ജോലിക്കു വരുന്നത്, രണ്ടും ഓക്കുപ്പൈഡ് ആയിരിക്കുമ്പോള്‍ അത് അത്യാവശ്യമുള്ള ഒരു കേസ് വരുമോ എന്ന്." എന്നാണു ഡോക്റ്റര്‍ പറഞ്ഞതെന്ന് അറിഞ്ഞു.

രണ്ടാം ദിവസം വിളിച്ചപ്പോള്‍ കുട്ടിയുടെ ആരോഗ്യം മെച്ചപ്പെട്ടെന്ന് അറിഞ്ഞു. മൂന്നാം ദിവസം വിളിച്ചപ്പോള്‍ വെന്റിലേറ്റര്‍ അത്യാവശ്യമുള്ളപ്പോള്‍ ഒഴിവില്ലാത്തതിനാല്‍ അന്നു വന്ന ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ ചെറുപ്പക്കാരന്‍ മരിച്ചെന്നാണ്‌ അറിഞ്ഞത്.

മെഡിക്കല്‍ കോളെജിലെ അനാസ്ഥ, ഉടമയായ സര്‍ക്കാര്‍ കണ്ണടയ്ക്കുന്നു, നാടു നന്നാവില്ല, ആരോഗ്യവകുപ്പ് മന്ത്രി രാജിവയ്ക്കണം എന്നൊക്കെ പറഞ്ഞ് നാലു തുപ്പ് തുപ്പിയിട്ട് പോകാന്‍ ആര്‍ക്കും കഴിയും. അതിനായിട്ട് ഒരു പോസ്റ്റിന്റെ ആവശ്യമില്ല.

കേരളത്തില്‍ കോടിക്കണക്കിനു സാധാരണക്കാരനു ലഭ്യമാവുന്ന വൈദ്യസഹായത്തിന്റെ അങ്ങേയറ്റമാണു മെഡിക്കല്‍ കോളെജ്. അതിന്റെ കപ്പാസിറ്റിയുടെ പത്തിരട്ടി ആളെയെങ്കിലും മെഡിക്കല്‍ കോളെജുകള്‍ കൈകാര്യം ചെയ്തുകൊണ്ടേയിരിക്കുന്നതിന്റെ കാര്യവും മറ്റൊന്നുമല്ല. വരുന്നവരെല്ലാം അവിടെ ചികിത്സ കിട്ടിയില്ലെങ്കില്‍ പിന്നെ മരിക്കാന്‍ ഒരുങ്ങുക എന്ന അവസ്ഥയിലാണ്‌. മിക്ക കാര്യങ്ങളും ദയനീയമാണവിടെ. നിലത്തും വഴിയിലും രോഗികള്‍, ആവശ്യത്തിനു ഉപകരണങ്ങളില്ല, ഡോക്റ്റര്‍മാര്‍ ശുചിയായ സാഹചര്യത്തില്‍ ജോലിചെയ്യാന്‍ താല്പ്പര്യപ്പെടാത്തതുകൊണ്ടല്ല അഴുക്കു പുരണ്ടു കിടക്കുന്നതവിടെ.

അവശ്യം ഉപകരണങ്ങള്‍ മെഡിക്കല്‍ കോളെജില്‍ ഇല്ലാത്തതുമൂലം മരിക്കുന്നവര്‍ക്ക് കണക്കൊന്നുമില്ല. ആയിരക്കണക്കിനാളുകളെ ചികിത്സിച്ചുകൊണ്ടേയിരിക്കുന്ന സ്ഥാപനത്തിനു അത്യാവശ്യം ലൈഫ് സേവിങ്ങ് എക്വിപ്മെന്റുകള്‍ പോലും തികയില്ലെങ്കില്‍ അതെത്രയുണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുള്ളു. അച്ഛനെ മെഡിക്കല്‍ കോളെജില്‍ കൊണ്ടുപോയെങ്കിലും രക്ഷപെട്ടില്ല, വിധി എന്നു വിലപിക്കുന്ന സാധുമനുഷ്യന്‍ അവിടെ ജീവന്‍‌രക്ഷാഉപകരണമൊഴിവുണ്ടായിരുന്നെങ്കില്‍ ആശയ്ക്കു വകയുണ്ടാവുമായിരുന്നെന്ന് അറിയുന്നില്ല. ആകെയുള്ള ലൈഫ് സപ്പോര്‍ട്ട് സിസ്റ്റത്തില്‍ സുഖം പ്രാപിച്ചു വരുന്ന രോഗിയെ മാറ്റി അപ്പോള്‍ വന്ന ആസന്നമൃതനെ കണക്റ്റ് ചെയ്താല്‍ രണ്ടു പേരും രക്ഷപ്പെടുമെന്ന് വിശ്വസിക്കണോ അതോ നല്ല പ്രോഗ്നോസിസ് ഉള്ളയാളിനെ അടര്‍ത്താതെ രണ്ടാമനെ മരിക്കാന്‍ വിടണോ എന്ന് തീരുമാനിക്കാന്‍ വയ്യാതെ നില്‍ക്കുന്ന ഡോക്റ്ററുടെ മാനസികാവസ്ഥ നമുക്ക് ഊഹിക്കാനുമാവില്ല.

പറഞ്ഞു വരുന്നത്:
൧. സര്‍ക്കാര്‍ വക മെഡിക്കല്‍ കോളെജില്‍ ജീവന്‍ രക്ഷയ്ക്കായുള്ള ഉപകരണങ്ങളില്‍ എറ്റവും അത്യാവശ്യമുള്ളവയില്‍ ഒന്നെങ്കിലും ബൂലോഗ കാരുണ്യത്തിന്റെ നേതൃത്വത്തില്‍ വാങ്ങി സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ ആയിരക്കണക്കിനാളുകള്‍ക്ക് ജീവന്‍ തിരിച്ചു കൊടുക്കാന്‍ നമുക്ക് കഴിയും.

൨. മിക്ക ഉപകരണങ്ങളും വളരെ വിലപിടിച്ചതാണ്‌, ഉദാഹരണത്തിന്‌ അന്താരാഷ്ട്രമാര്‍ക്കറ്റില്‍ ഒരു മെഡിക്കല്‍ വെന്റിലേറ്ററിനു പത്തുലക്ഷം രൂപയെങ്കിലും വില വരും, നാട്ടിലെക്കാര്യം അറിയില്ല. ബൂലോഗര്‍ പിരിച്ചാല്‍ കൂടുന്നതിലും വലിയ തുക ആവശ്യം വന്നാല്‍ അവരവര്‍ അംഗങ്ങളായിട്ടുള്ള സംഘടനകളെയും (ഉദാ. വര്‍ഷാവര്‍ഷം കാക്ക തൂറാന്‍ ബെഞ്ചുകള്‍ റെയല് വേ സ്റ്റേഷനില്‍ വെണ്ടയ്ക്ക ഒട്ടിച്ച് സ്ഥാപിക്കുന്ന ക്ലബ്ബുകള്‍) തുടങ്ങിയവയെയും സമീപിക്കാം.

൩. വര്‍ഷാവര്‍ഷം ഓരോ മെഡിക്കല്‍ കോളെജിന്റെയും ആവശ്യം മനസ്സിലാക്കി അരദശാബ്ദമോ മറ്റോ കൊണ്ട് എല്ലാറ്റിനെയും കവര്‍ ചെയ്യാം.

൪. സൂരജ്, പണിക്കര്‍ മാഷ്, എല്ലു ഡോക്റ്റര്‍ തുടങ്ങി ഡോക്റ്റര്‍മാര്‍ക്കും ഇടിവാള്‍, ബാലേട്ടന്‍, വിശ്വപ്രഭ തുടങ്ങി മെഡിക്കല്‍ എക്വിപ്പ്മെന്റ് വിദഗ്ദ്ധര്‍ക്കും, അംബിയെപ്പോലെ ആശുപത്രിയുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നവര്‍ക്കും ഒരുപാട് മാര്‍ഗ്ഗനിര്‍ദ്ദേശം തരാനാവും ഇക്കാര്യത്തില്‍.

൫ എന്താണ്‌ അത്യാവശ്യമെന്നും അതിനെത്ര പണം വേണമെന്നും ഉറപ്പിച്ചു കഴിഞ്ഞാല്‍ പണം എങ്ങനെ ഉണ്ടാക്കാമെന്നും, അതിനെ സീറ്റ് ചെയ്യാനും പ്രവര്‍ത്തിപ്പിക്കാനും വേണ്ട സമ്വിധാനം ആശുപത്രിക്കുണ്ടോയെന്നും, യന്ത്രങ്ങള്‍ വാങ്ങി സ്ഥാപിക്കാന്‍ എന്തൊക്കെ അനുവാദങ്ങള്‍ വേണമെന്നും മനസ്സിലാക്കി അതനുസരിച്ച് കാര്യങ്ങള്‍ നീക്കാം.

തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നിന്നു തുടങ്ങാം എന്നാണെന്റെ അഭിപ്രായം. എല്ലാ മെഡിക്കല്‍ കോളെജിന്റെയും കാര്യങ്ങള്‍ ഇങ്ങനെ തന്നെ ആയിരിക്കെ എന്തുകൊണ്ട് ആദ്യം തിരുവനന്തപുരം എന്നല്ലേ?

ഒന്ന്: ആദ്യം പറഞ്ഞ കുട്ടിയുടെ അച്ഛന്‍ അദ്ദേഹത്തിന്റെ സ്വന്തം നിലയ്ക്ക് എന്തെങ്കിലും ചെയ്താല്‍ കൊള്ളാമെന്നുണ്ടെന്നും തിരുവനന്തപുരത്തെ അവശ്യോപകരണങ്ങളുടെ ലഭ്യതയെപ്പറ്റി ഉപദേശം വേണമെന്നും അവിടെ അറിയിച്ചു കഴിഞ്ഞ സ്ഥിതിക്ക് മറ്റൊരു പഠനത്തിന്റെ ആവശ്യമില്ല. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട എന്ത് അനുവാദ പത്രങ്ങളും മറ്റും വാങ്ങിത്തരാനും സ്ഥാപനങ്ങളിലോ മന്ത്രിയോഫീസുകളിലോ പേപ്പറുകള്‍ നീക്കാനും അദ്ദേഹം ഒരുക്കമാണ്‌.

രണ്ട്: അത്യാവശ്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബന്ധപ്പെട്ട് കാര്യവിവരം ചര്‍ച്ച ചെയ്യാന്‍ ഡോ. സൂരജ് ഇപ്പോള്‍ തിരുവനന്തപുരത്തുണ്ട് (അടുത്തവര്‍ഷവും കാണണമെന്നില്ല)

മൂന്ന്: ബ്ലോഗര്‍മാരില്‍ ഒരു വഴിക്കു പോകാനും എന്തെങ്കിലും ചെയ്യാനും സമയം മിച്ചം പിടിക്കാന്‍ കഴിയുന്ന രണ്ടുപേര്‍, ചന്ദ്രേട്ടനും അങ്കിളും തിരുവനന്തപുരത്തുണ്ട്.

നാല്‌: മേയറെയോ മന്ത്രിയെയോ യൂണിവേര്‍സിറ്റി വൈസ് ചാന്‍സിലറെയോ കണ്ട് കാര്യങ്ങള്‍ നടപ്പിലാക്കാന്‍ തിരുവനന്തപുരത്ത് നമുക്ക് സം‌വിധാനമുണ്ട്

അഞ്ച്: വിദേശഫണ്ട് സ്വീകരിക്കാന്‍ ചിലപ്പോള്‍ ആര്‍ ബി ഐ ക്ലീയറന്‍സ് പോലെ പലതും വേണ്ടിവന്നേക്കാം. സൗജന്യമായി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ സേവനം ലഭ്യമാക്കാന്‍ നമുക്ക് തിരുവനന്തപുരത്ത് കഴിയും.

ആറ്‌ : ബ്ലോഗിനെയും ബ്ലോഗര്‍മാരെയും അറിയുന്ന ഡോ. ബി ഇക്ബാല്‍ സാറ്‌ തിരുവനന്തപുരത്തുണ്ട്. കേരള സര്‍ക്കാരിന്റെ മെഡിക്കല്‍ അഡ്വൈസറായ അദ്ദേഹം തീര്‍ച്ചയായും ആവുന്ന സഹായം ചെയ്തുതരാതിരിക്കില്ല.

ബൂലോഗകാരുണ്യം അംഗങ്ങളുടെയും മറ്റു ബ്ലോഗര്‍മാരുടെയും അഭിപ്രായവും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. ഇതുവരെ നമ്മള്‍ ചെയ്തതുപോലെയുള്ള ചെറിയ പ്രോജക്റ്റല്ല, സംഗതി സങ്കീര്‍ണ്ണമാണ്‌, ഉള്‍പ്പെടാന്‍ പോകുന്ന തുകയും ചെറുതായിരിക്കണമെന്നില്ല.
സസ്നേഹം
ദേവന്‍