പ്രിയ സുഹൃത്തുക്കളെ,
ബൂലോകകാരുണ്യം ഒത്തിരി വിശാലമായ കാഴ്ചപ്പാടുകളോടെ ആരംഭിച്ച ബ്ലോഗ് ആണെന്നത് നമുക്കെല്ലാം അറിയാം. അത് അതിന്റെ ലക്ഷ്യം ഒരുവിധം ഭംഗിയായി തന്നെ നിറവേറ്റുകയും ചെയ്യുന്നുണ്ടായിരുന്നു. ബൂലോഗകാരുണ്യം അംഗങ്ങള്‍ തങ്ങളെകൊണ്ടാവുന്ന സഹായങ്ങള്‍ അര്‍ഹിക്കുന്നവര്‍ക്കു തന്നെ എത്തിച്ചുകൊടുത്തിട്ടുമുണ്ട്. അതു നിങ്ങള്‍ക്കെല്ലാവര്‍ക്കും വ്യക്തമായി അറിയാവുന്ന കാര്യം ആണ്.
പല കാര്യങ്ങളിലും അനുഭവപ്പെട്ട ഒരു സന്തോഷം ഒരു നിശ്ചിത തുകയെങ്കിലും ഒരു സഹായത്തിനായ് നമുക്കെത്തിക്കന്‍ കഴിഞ്ഞാല്‍ പിന്നീട് പല മാര്‍ഗ്ഗങ്ങളിലൂടെയും ആ സഹായം തുടര്‍ന്ന് കൊണ്ട് പോകാന്‍ പല വഴികളും തെളിയുന്നു എന്നതാണ്. മുസ്തഫയുടെ കാര്യത്തില്‍ മൈന ഉമൈബാന്‍ തുടങ്ങിവച്ച ആ സഹായം ഇന്നു ഒരു സ്വപ്നം പോലെ പൂവണിയുന്നു.
കാലം മാറുമ്പോള്‍ നമ്മുടെ ജീവിതസാഹചര്യങ്ങള്‍ മാറും. സ്വാഭാവികമായും മുന്‍പ് ഉള്‍പ്പെട്ടിരുന്നത് പോലെ പല കാരുണ്യപ്രവര്‍ത്തനത്തിലും പങ്കാളിയാകാന്‍ നമ്മുടെ നിലവിലെ സാഹചര്യങ്ങള്‍ നമ്മെ അനുവദിക്കാതെ വന്നേക്കാം. പക്ഷെ അതേ സമയം തന്നെ നാം തുടങ്ങി വച്ച പ്രവര്‍ത്തനങ്ങളെ ഏറ്റെടുത്ത് അതിനെ പിന്നെയും മുന്നോട്ട് നയിക്കാന്‍ മറ്റു പലരും എത്തും. അതൊരു ദീപശിഖ പോലെ അണയാതെ കൈമാറി കൈമാറി അതിന്റെ പ്രയാണം തുടര്‍ന്നു കൊണ്ടിരിക്കും
അങ്ങനെയൊരു അവസ്ഥയില്‍ തന്നെയാണിന്ന് ബൂലോഗകാരുണ്യവും. സഹായമനസ്കരായ നമ്മുടെ പലപ്രവര്‍ത്തകരും ജീവിതത്തിന്റെ തിരക്കില്‍ മനഃപൂര്‍വ്വമല്ലെങ്കിലും ഈ ബ്ലോഗിന്റെ സജീവമായ പ്രവര്‍ത്തനത്തില്‍ നിന്നും അകന്ന് പോയിരിക്കുന്നു. അടുത്തിടെയുള്ള പല പോസ്റ്റുകളിലും അതിന്റെ കുറവ് നമ്മള്‍ കണ്ടു. അതിനാല്‍ നമുക്ക് സുഗമമായി മുന്നോട്ട് പോകാനായി ബൂലോഗകാരുണ്യത്തില്‍ അംഗങ്ങളുടെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ അത്യാവശ്യമായിരിക്കുന്നു എന്നാണ് പൊതുവേയുള്ള അഭിപ്രായം.
അതിനായി തീര്‍ത്തും പ്രായോഗികമെന്ന് പറയാവുന്ന നിര്‍ദ്ദേശം ഓരോ സഹായഭ്യാര്‍ത്ഥനകള്‍ വരുമ്പോഴും അതിനായി കുറഞ്ഞ സമയത്തിനുള്ളില്‍ സംഭാവന ശേഖരിക്കുന്നതിനു പകരം സ്ഥിരമായി ഒരു മെമ്പര്‍ഷിപ്പ് സംവിധാനം ഏര്‍പ്പെടുത്തുക എന്നതാണ്. ഒരു നിശ്ചിതസംഖ്യ എല്ലാ വര്‍ഷവും ഉറപ്പായും കിട്ടുമെങ്കില്‍ നമുക്ക് നല്‍കാവുന്ന ഓരോ സഹായങ്ങളെയും നമുക്ക് അതിന്റെ സമയത്തില്‍, അത്യാവശ്യത്തില്‍ പരിഗണിക്കാം. അതിനു മുകളില്‍ ആവശ്യമായി വരുന്ന തുകകള്‍ അംഗങ്ങളോ മറ്റു സഹായമനസ്ക്കരോ ആ കാര്യത്തിനായി പ്രത്യേകം തരുന്ന തുകകള്‍ കൂട്ടിച്ചേര്‍ത്ത് നമുക്കു നല്‍കാന്‍ കഴിയുകയും ചെയ്യും.
ഒരു ബ്ലോഗില്‍ മെമ്പര്‍ഷിപ്പ് തുക വയ്ക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിക്കാതെയല്ല ഈ നിര്‍ദ്ദേശം. പക്ഷെ മുന്നോട്ട് പോകണം എങ്കില്‍ അങ്ങനെ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന നിലയില്‍ ആണ് കഴിഞ്ഞ കുറച്ച് നാളുകളായി നമ്മുടെ പ്രവര്‍ത്തനം.വളരെ ചുരുക്കം ചില അംഗങ്ങളില്‍ നിന്നുള്ള സഹായം മാത്രം കൊണ്ട് നിരന്തരം നമുക്കു മുന്നില്‍ വരുന്ന സഹായാവശ്യങ്ങളെ നമുക്ക് പൂര്‍ത്തീകരിക്കാനാവില്ല. ആ ചുരുക്കം അംഗങ്ങള്‍ക്ക് പലപ്രാവശ്യം സഹായിക്കാനാവില്ല എന്നത് സ്വാഭാവികം ആണ്. അതെല്ലാവര്‍ക്കും മനസ്സിലാക്കാവുന്ന കാര്യം തന്നെയാണ്.
ഇങ്ങിനെയൊരു കൂട്ടായ്മ ഇവിടെ നിലവിലുണ്ടെന്നറിഞ്ഞ് സഹായം അഭ്യാര്‍ത്ഥിക്കുന്നവരെ നമുക്ക് നിരാശപ്പെടുത്താനാവില്ല. അതിനാല്‍ താഴെ പറയുന്ന രീതിയില്‍ ബൂലോക കാരുണ്യത്തിന്റെ അംഗത്വം പുനഃസംഘടിപ്പിക്കാനായി തീരുമാനിക്കേണ്ടി വന്നിരിക്കുന്നു.
1. ബൂലോഗകാരുണ്യം മാസവരിസംഖ്യ Rs. 100 (ഇന്ത്യന്‍ രൂപ) ആയി നിശ്ചയിച്ചിരിക്കുന്നു. ഈ തുക ഒന്നിച്ച് വാര്‍ഷിക വരിസംഖ്യയായി കണക്കാക്കി ഓരോ അംഗവും Rs. 1,200/- രൂപ അടയ്ക്കേണ്ടതാകുന്നു.
2. ഈ തുക ഇതിനായി രണ്ട് അംഗങ്ങളുടെ പേരില്‍ തുടങ്ങുന്ന ജോയിന്റ്‌അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കാം. അതിനു ശേഷം ബൂലോഗകാരുണ്യത്തില്‍ കൂടി അറിയിക്കുക. അക്കൌണ്ട് ആരുടെയൊക്കെ പേരിലാണെന്നും അക്കൌണ്ട് നമ്പര്‍ എത്രയാണെന്നും അംഗങ്ങളാവാന്‍ താല്പര്യമുള്ളവരെ ഉടനെ അറിയിക്കുന്നതാണ്.
3. ഇന്ത്യക്ക് വെളിയില്‍ ഉള്ള അംഗങ്ങള്‍ സൗകര്യപ്രദമായ രീതിയില്‍, സഹായതുക കളക്ട് ചെയ്യുന്ന അതേ രീതിയില്‍ തന്നെ വരിസംഖ്യ ഒരുമിച്ചു ശേഖരിച്ച് ആ അക്കൗണ്ടില്‍ അടക്കുകയോ അല്ലെങ്കില്‍ നാട്ടില്‍ പോകുന്നവര്‍ വഴി ആ സമയത്ത് നല്‍കുകയോ ചെയ്യാവുന്നതാണ്.
4. മാസം 100 രൂപ എന്നത് ഒത്തിരി വലിയ തുക അല്ലെങ്കിലും നമ്മുടെ പരിചയങ്ങള്‍ വച്ച് കൂടുതല്‍ അംഗങ്ങളെ ബൂലോഗകാരുണ്യത്തില്‍ ചേര്‍ക്കാനായാല്‍ തീര്‍ച്ചയായും ഒരു വലിയ തുക നമുക്ക് കണ്ടെത്താനാവും. അങ്ങനെ ഇന്ത്യയിലും ലോകത്തിന്റെ ഓരോ കോണിലുമുള്ള മലയാളി ബ്ലോഗര്‍മാര്‍ വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന തുക ആര്‍ക്കും വലിയ ഒരു ഭാരമാകാതെ പല മനസ്സുകളുടേയും ഭാരം കുറയ്ക്കാന്‍ നമുക്കുപയോഗിക്കാനാകും.
5. ബ്ലോഗര്‍മാരല്ലാത്ത പലരും നമുക്ക് സ്ഥിരമായി സഹായം നല്‍കിവരുന്നുണ്ട്. അങ്ങനെയുള്ളവര്‍ക്കും ബ്ലോഗര്‍മാരുടെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ആര്‍ക്കും അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് അംഗത്വം നല്‍കാവുന്നതാണ്. ബ്ലോഗേഴ്സ് അല്ലാത്തവര്‍ക്ക് ആര്‍ക്കെങ്കിലും ബൂലോകകാരുണ്യത്തില്‍ അംഗമാകണമെങ്കില്‍ നമ്മളതിനെയും നന്ദിയോടെ സ്വാഗതം ചെയ്യുന്നു.
6. മൊത്തം നൂറ് അംഗങ്ങളെ മാത്രമേ നമുക്ക് ചേര്‍ക്കാനാകുന്നുള്ളൂ എങ്കില്‍ കൂടി Rs. 1,20,000/- ഉപയോഗിച്ച് വര്‍ഷം തോറും ആറ് സഹായങ്ങള്‍ (ഓരോന്നും കുറഞ്ഞത് Rs.20,000/-) നമുക്ക് നല്‍കാനാകും.
7. ഇനി പറയേണ്ടത് സഹായം ആര്‍ക്കൊക്കെ നല്‍കാനാകും എന്നതാണ്. നേരിട്ടോ ബൂലോഗാംഗങ്ങള്‍ വഴിയോ വരുന്ന സഹായാവശ്യങ്ങള്‍ അതിന്റെ നിജസ്ഥിതി അന്വേഷിച്ച് മനസ്സിലാക്കിയതിന് ശേഷം അത്യാവശ്യമായും വേണ്ടതാണെങ്കില്‍ (നേരിട്ട് ആരെങ്കിലും പോയി അന്വേഷിക്കുന്നതായിരിക്കും, അന്യോഷിക്കുന്നവരെ നമ്മള്‍ വിശ്വസിച്ചേ മതിയാകൂ) അതിനെ പറ്റി ബൂലോഗകാരുണ്യത്തില്‍ പോസ്റ്റിടുന്നതായിരിക്കും. മറിച്ച് ഒരു പത്രത്തില്‍ വാര്‍ത്തയായി വന്നു എന്ന പോലുള്ള ഉറപ്പ് നമ്മള്‍ മുഖവിലയ്ക്ക് എടുത്തെന്ന് വരില്ല.
8. അതിനു ശേഷം നമ്മുടെ മെംബര്‍ഷിപ്പ് തുകയില്‍ നിന്നുള്ള വിഹിതം ആ കാര്യത്തിനായി നല്‍കുന്നതായിരിക്കും. ഒപ്പം തന്നെ അംഗങ്ങളല്ലാത്തവരില്‍ നിന്നും മറ്റു സഹായമനസ്കരില്‍ നിന്നും നമുക്കു സ്വരൂപിക്കാനാകുന്ന തുക കൂടി പ്രസ്തുത ആവശ്യത്തിലേക്കായി പൂര്‍ണ്ണമായും നല്‍കുന്നതായിരിക്കും.
9. മുകളില്‍ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നവര്‍ അംഗങ്ങളാകുകയും ഇക്കൊല്ലത്തെ തുകയായ 1200 രൂപ ഉടനെ തന്നെ അടക്കുകയും ചെയ്യേണ്ടതാകുന്നു..
10. ഇതിനോട് യോജിക്കാന്‍ പറ്റാത്തവര്‍ ദയവായി വിട്ടുനില്‍ക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഫെബ്രുവരി 1, 2010 നു മുന്‍പായി ഇവിടെ കമന്റായി അഭിപ്രായം അറിയിക്കാത്ത നിലവിലുള്ള അംഗങ്ങളെ ഈ പുതിയ നീക്കങ്ങളോട് താത്പര്യമില്ലാത്തവര്‍ എന്നു കണക്കാക്കി - എല്ലാവിധ സ്നേഹബഹുമാനങ്ങളോടു കൂടി തന്നെ - അംഗത്വത്തില്‍ നിന്നും നീക്കം ചെയ്യുന്നതായിരിക്കും. നിലവിലുള്ള എല്ലാ അംഗങ്ങളും ഇതുവരെ നല്‍കി വന്ന എല്ലാ സഹായസഹകരണങ്ങളേയും നല്ല മനസ്സോടെ സ്മരിക്കുന്നു... ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.
ഒരിക്കലും ഒരു നിര്‍ബന്ധത്തിന്റെ സ്വരത്തിലല്ല ഈ വ്യവസ്ഥകള്‍ പറഞ്ഞിരിക്കുന്നത്. പക്ഷെ വിജയകരമായി പ്രവര്‍ത്തിച്ച് കൊണ്ട് മുന്നോട്ട് പോവാന്‍ ഇത് അനിവാര്യമായി വന്നിരിക്കുന്നു എന്നതിനാലാണ്.
അതിനാല്‍ ദയവായി സഹകരിക്കുക...
update (23 January 2010)
ബൂലോക കാരുണ്യം നടത്തുന്ന ക്രിയാത്മകമായ പുതിയ മാറ്റങ്ങളുടെ ഭാഗമായി നമ്മുടെ ശ്രമം എത്രയും പെട്ടന്ന് പ്രായോഗിക തലത്തിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ ചില തിയ്യതികള്‍ കണക്കാക്കേണ്ടി വരികയും അതനുസരിച്ച് മെമ്പര്‍ഷിപ്പ് ഫീ എന്ന ആശയത്തോട് ആരൊക്കെ അനുകൂലനിലപാട് എടുക്കും എന്ന് വ്യക്തമായി അറിയാന്‍ പരമാവധി പോകാവുന്ന ഒരു തിയ്യതി എന്ന നിലയ്ക്ക് ഫെബ്രുവരി 1, 2010 എന്ന് തീരുമാനിക്കുകയും ചെയ്യേണ്ടി വന്നു.
കാര്യങ്ങള്‍ പരമാവധി വേഗതയില്‍ പ്രാവര്‍ത്തികമാക്കുക എന്നുമാത്രം ഉദ്ദേശിച്ച് പറഞ്ഞ ആ ഡേറ്റ് ബാര്‍ നിലവിലുള്ള ചില അംഗങ്ങള്‍ക്കെങ്കിലും മനോവിഷമം ഉണ്ടാക്കിയിട്ടുണ്ടെന്ന് തോന്നിയതിനാല്‍ അതിനെ കൂടുതല്‍ വിശദീകരിക്കേണ്ടതുണ്ടെന്ന് കരുതുന്നു. വ്യക്തിപരമായ പല കാര്യങ്ങള്‍ കൊണ്ട് നമ്മുടെ പല അംഗങ്ങള്‍ക്കും വളരെക്കാലമായി ബൂലോഗകാരുണ്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ കഴിയാറില്ല എന്നത് കൊണ്ട് തുടര്‍ന്നുള്ള കാര്യങ്ങളില്‍ സഹകരിക്കാന്‍ താല്‍പ്പര്യം ഉള്ളവരെ ഉള്‍ക്കൊള്ളിക്കുകയും അവരോട് കൂടുതല്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുക എന്ന സദ്ദുദ്ദേശം മാത്രമേ അതിലുള്ളൂ എന്നു മനസ്സിലാക്കുമല്ലോ.
എന്നിരുന്നാലും ആ വരികള്‍ ബൂലോഗ കാരുണ്യത്തിന്റെ അംഗങ്ങളെ ഏതെങ്കിലും വിധത്തില്‍ വേദനിപ്പിച്ചുണ്ടെങ്കില്‍ ക്ഷമിക്കുക... പൊറുക്കുക. ഇത്തരം നല്ല കാര്യങ്ങളില് തീരുമാനമെടുക്കുമ്പോള്‍ ഇതുപോലെ പറ്റിപ്പോകാവുന്ന മനുഷ്യസഹജമായ പാളീച്ചകള്‍ ക്ഷമിച്ച് അഭിപ്രായവ്യത്യാസമൊക്കെ മറന്ന് നിലവിലുള്ള അംഗങ്ങളില്‍ ബൂലോഗകാരുണ്യത്തില്‍ പങ്കാളിയാവാന്‍ കഴിയുന്നവര്‍, നമ്മുടെ പുതിയ അംഗത്വം അനുസരിച്ച് ഈ സംരംഭത്തില്‍ ഇനിയും ദയവായി സഹകരിക്കണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.