Sunday, March 30, 2008

നൂറുകണക്കനു ജീവന്‍ രക്ഷിക്കാനാവുമോ നമുക്ക്?

പ്രിയരേ,
എന്റെ ഒരു ബന്ധുവിന്റെ മകന്‍ ഒരത്യാഹിതത്തെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ അഡ്മിറ്റ് ആകുകയും ഡോക്റ്റര്‍മാരുടെ സമയോചിതവും സ്തുത്യര്‍ഹവുമായ സങ്കീര്‍ണ്ണ ശസ്ത്രക്രിയയെത്തുടര്‍ന്ന് സുഖം പ്രാപിച്ചു വരികയുമാണ്‌. കുട്ടിയുടെ ദൈനം ദിന പുരോഗതി ഞാന്‍ ഫോണില്‍ അന്വേഷിക്കുന്നുണ്ട്. ആദ്യ ദിവസം വിളിച്ചപ്പോള്‍
"മകന്റെ ഭാഗ്യം കൊണ്ട് ഇവിടെയുള്ള രണ്ടു വെന്റിലേറ്ററില്‍ ഒന്ന് ഒഴിവുണ്ടായിരുന്നു. ഓരോ ദിവസവും ഭയന്നാണ്‌ ജോലിക്കു വരുന്നത്, രണ്ടും ഓക്കുപ്പൈഡ് ആയിരിക്കുമ്പോള്‍ അത് അത്യാവശ്യമുള്ള ഒരു കേസ് വരുമോ എന്ന്." എന്നാണു ഡോക്റ്റര്‍ പറഞ്ഞതെന്ന് അറിഞ്ഞു.

രണ്ടാം ദിവസം വിളിച്ചപ്പോള്‍ കുട്ടിയുടെ ആരോഗ്യം മെച്ചപ്പെട്ടെന്ന് അറിഞ്ഞു. മൂന്നാം ദിവസം വിളിച്ചപ്പോള്‍ വെന്റിലേറ്റര്‍ അത്യാവശ്യമുള്ളപ്പോള്‍ ഒഴിവില്ലാത്തതിനാല്‍ അന്നു വന്ന ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ ചെറുപ്പക്കാരന്‍ മരിച്ചെന്നാണ്‌ അറിഞ്ഞത്.

മെഡിക്കല്‍ കോളെജിലെ അനാസ്ഥ, ഉടമയായ സര്‍ക്കാര്‍ കണ്ണടയ്ക്കുന്നു, നാടു നന്നാവില്ല, ആരോഗ്യവകുപ്പ് മന്ത്രി രാജിവയ്ക്കണം എന്നൊക്കെ പറഞ്ഞ് നാലു തുപ്പ് തുപ്പിയിട്ട് പോകാന്‍ ആര്‍ക്കും കഴിയും. അതിനായിട്ട് ഒരു പോസ്റ്റിന്റെ ആവശ്യമില്ല.

കേരളത്തില്‍ കോടിക്കണക്കിനു സാധാരണക്കാരനു ലഭ്യമാവുന്ന വൈദ്യസഹായത്തിന്റെ അങ്ങേയറ്റമാണു മെഡിക്കല്‍ കോളെജ്. അതിന്റെ കപ്പാസിറ്റിയുടെ പത്തിരട്ടി ആളെയെങ്കിലും മെഡിക്കല്‍ കോളെജുകള്‍ കൈകാര്യം ചെയ്തുകൊണ്ടേയിരിക്കുന്നതിന്റെ കാര്യവും മറ്റൊന്നുമല്ല. വരുന്നവരെല്ലാം അവിടെ ചികിത്സ കിട്ടിയില്ലെങ്കില്‍ പിന്നെ മരിക്കാന്‍ ഒരുങ്ങുക എന്ന അവസ്ഥയിലാണ്‌. മിക്ക കാര്യങ്ങളും ദയനീയമാണവിടെ. നിലത്തും വഴിയിലും രോഗികള്‍, ആവശ്യത്തിനു ഉപകരണങ്ങളില്ല, ഡോക്റ്റര്‍മാര്‍ ശുചിയായ സാഹചര്യത്തില്‍ ജോലിചെയ്യാന്‍ താല്പ്പര്യപ്പെടാത്തതുകൊണ്ടല്ല അഴുക്കു പുരണ്ടു കിടക്കുന്നതവിടെ.

അവശ്യം ഉപകരണങ്ങള്‍ മെഡിക്കല്‍ കോളെജില്‍ ഇല്ലാത്തതുമൂലം മരിക്കുന്നവര്‍ക്ക് കണക്കൊന്നുമില്ല. ആയിരക്കണക്കിനാളുകളെ ചികിത്സിച്ചുകൊണ്ടേയിരിക്കുന്ന സ്ഥാപനത്തിനു അത്യാവശ്യം ലൈഫ് സേവിങ്ങ് എക്വിപ്മെന്റുകള്‍ പോലും തികയില്ലെങ്കില്‍ അതെത്രയുണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുള്ളു. അച്ഛനെ മെഡിക്കല്‍ കോളെജില്‍ കൊണ്ടുപോയെങ്കിലും രക്ഷപെട്ടില്ല, വിധി എന്നു വിലപിക്കുന്ന സാധുമനുഷ്യന്‍ അവിടെ ജീവന്‍‌രക്ഷാഉപകരണമൊഴിവുണ്ടായിരുന്നെങ്കില്‍ ആശയ്ക്കു വകയുണ്ടാവുമായിരുന്നെന്ന് അറിയുന്നില്ല. ആകെയുള്ള ലൈഫ് സപ്പോര്‍ട്ട് സിസ്റ്റത്തില്‍ സുഖം പ്രാപിച്ചു വരുന്ന രോഗിയെ മാറ്റി അപ്പോള്‍ വന്ന ആസന്നമൃതനെ കണക്റ്റ് ചെയ്താല്‍ രണ്ടു പേരും രക്ഷപ്പെടുമെന്ന് വിശ്വസിക്കണോ അതോ നല്ല പ്രോഗ്നോസിസ് ഉള്ളയാളിനെ അടര്‍ത്താതെ രണ്ടാമനെ മരിക്കാന്‍ വിടണോ എന്ന് തീരുമാനിക്കാന്‍ വയ്യാതെ നില്‍ക്കുന്ന ഡോക്റ്ററുടെ മാനസികാവസ്ഥ നമുക്ക് ഊഹിക്കാനുമാവില്ല.

പറഞ്ഞു വരുന്നത്:
൧. സര്‍ക്കാര്‍ വക മെഡിക്കല്‍ കോളെജില്‍ ജീവന്‍ രക്ഷയ്ക്കായുള്ള ഉപകരണങ്ങളില്‍ എറ്റവും അത്യാവശ്യമുള്ളവയില്‍ ഒന്നെങ്കിലും ബൂലോഗ കാരുണ്യത്തിന്റെ നേതൃത്വത്തില്‍ വാങ്ങി സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ ആയിരക്കണക്കിനാളുകള്‍ക്ക് ജീവന്‍ തിരിച്ചു കൊടുക്കാന്‍ നമുക്ക് കഴിയും.

൨. മിക്ക ഉപകരണങ്ങളും വളരെ വിലപിടിച്ചതാണ്‌, ഉദാഹരണത്തിന്‌ അന്താരാഷ്ട്രമാര്‍ക്കറ്റില്‍ ഒരു മെഡിക്കല്‍ വെന്റിലേറ്ററിനു പത്തുലക്ഷം രൂപയെങ്കിലും വില വരും, നാട്ടിലെക്കാര്യം അറിയില്ല. ബൂലോഗര്‍ പിരിച്ചാല്‍ കൂടുന്നതിലും വലിയ തുക ആവശ്യം വന്നാല്‍ അവരവര്‍ അംഗങ്ങളായിട്ടുള്ള സംഘടനകളെയും (ഉദാ. വര്‍ഷാവര്‍ഷം കാക്ക തൂറാന്‍ ബെഞ്ചുകള്‍ റെയല് വേ സ്റ്റേഷനില്‍ വെണ്ടയ്ക്ക ഒട്ടിച്ച് സ്ഥാപിക്കുന്ന ക്ലബ്ബുകള്‍) തുടങ്ങിയവയെയും സമീപിക്കാം.

൩. വര്‍ഷാവര്‍ഷം ഓരോ മെഡിക്കല്‍ കോളെജിന്റെയും ആവശ്യം മനസ്സിലാക്കി അരദശാബ്ദമോ മറ്റോ കൊണ്ട് എല്ലാറ്റിനെയും കവര്‍ ചെയ്യാം.

൪. സൂരജ്, പണിക്കര്‍ മാഷ്, എല്ലു ഡോക്റ്റര്‍ തുടങ്ങി ഡോക്റ്റര്‍മാര്‍ക്കും ഇടിവാള്‍, ബാലേട്ടന്‍, വിശ്വപ്രഭ തുടങ്ങി മെഡിക്കല്‍ എക്വിപ്പ്മെന്റ് വിദഗ്ദ്ധര്‍ക്കും, അംബിയെപ്പോലെ ആശുപത്രിയുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നവര്‍ക്കും ഒരുപാട് മാര്‍ഗ്ഗനിര്‍ദ്ദേശം തരാനാവും ഇക്കാര്യത്തില്‍.

൫ എന്താണ്‌ അത്യാവശ്യമെന്നും അതിനെത്ര പണം വേണമെന്നും ഉറപ്പിച്ചു കഴിഞ്ഞാല്‍ പണം എങ്ങനെ ഉണ്ടാക്കാമെന്നും, അതിനെ സീറ്റ് ചെയ്യാനും പ്രവര്‍ത്തിപ്പിക്കാനും വേണ്ട സമ്വിധാനം ആശുപത്രിക്കുണ്ടോയെന്നും, യന്ത്രങ്ങള്‍ വാങ്ങി സ്ഥാപിക്കാന്‍ എന്തൊക്കെ അനുവാദങ്ങള്‍ വേണമെന്നും മനസ്സിലാക്കി അതനുസരിച്ച് കാര്യങ്ങള്‍ നീക്കാം.

തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നിന്നു തുടങ്ങാം എന്നാണെന്റെ അഭിപ്രായം. എല്ലാ മെഡിക്കല്‍ കോളെജിന്റെയും കാര്യങ്ങള്‍ ഇങ്ങനെ തന്നെ ആയിരിക്കെ എന്തുകൊണ്ട് ആദ്യം തിരുവനന്തപുരം എന്നല്ലേ?

ഒന്ന്: ആദ്യം പറഞ്ഞ കുട്ടിയുടെ അച്ഛന്‍ അദ്ദേഹത്തിന്റെ സ്വന്തം നിലയ്ക്ക് എന്തെങ്കിലും ചെയ്താല്‍ കൊള്ളാമെന്നുണ്ടെന്നും തിരുവനന്തപുരത്തെ അവശ്യോപകരണങ്ങളുടെ ലഭ്യതയെപ്പറ്റി ഉപദേശം വേണമെന്നും അവിടെ അറിയിച്ചു കഴിഞ്ഞ സ്ഥിതിക്ക് മറ്റൊരു പഠനത്തിന്റെ ആവശ്യമില്ല. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട എന്ത് അനുവാദ പത്രങ്ങളും മറ്റും വാങ്ങിത്തരാനും സ്ഥാപനങ്ങളിലോ മന്ത്രിയോഫീസുകളിലോ പേപ്പറുകള്‍ നീക്കാനും അദ്ദേഹം ഒരുക്കമാണ്‌.

രണ്ട്: അത്യാവശ്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബന്ധപ്പെട്ട് കാര്യവിവരം ചര്‍ച്ച ചെയ്യാന്‍ ഡോ. സൂരജ് ഇപ്പോള്‍ തിരുവനന്തപുരത്തുണ്ട് (അടുത്തവര്‍ഷവും കാണണമെന്നില്ല)

മൂന്ന്: ബ്ലോഗര്‍മാരില്‍ ഒരു വഴിക്കു പോകാനും എന്തെങ്കിലും ചെയ്യാനും സമയം മിച്ചം പിടിക്കാന്‍ കഴിയുന്ന രണ്ടുപേര്‍, ചന്ദ്രേട്ടനും അങ്കിളും തിരുവനന്തപുരത്തുണ്ട്.

നാല്‌: മേയറെയോ മന്ത്രിയെയോ യൂണിവേര്‍സിറ്റി വൈസ് ചാന്‍സിലറെയോ കണ്ട് കാര്യങ്ങള്‍ നടപ്പിലാക്കാന്‍ തിരുവനന്തപുരത്ത് നമുക്ക് സം‌വിധാനമുണ്ട്

അഞ്ച്: വിദേശഫണ്ട് സ്വീകരിക്കാന്‍ ചിലപ്പോള്‍ ആര്‍ ബി ഐ ക്ലീയറന്‍സ് പോലെ പലതും വേണ്ടിവന്നേക്കാം. സൗജന്യമായി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ സേവനം ലഭ്യമാക്കാന്‍ നമുക്ക് തിരുവനന്തപുരത്ത് കഴിയും.

ആറ്‌ : ബ്ലോഗിനെയും ബ്ലോഗര്‍മാരെയും അറിയുന്ന ഡോ. ബി ഇക്ബാല്‍ സാറ്‌ തിരുവനന്തപുരത്തുണ്ട്. കേരള സര്‍ക്കാരിന്റെ മെഡിക്കല്‍ അഡ്വൈസറായ അദ്ദേഹം തീര്‍ച്ചയായും ആവുന്ന സഹായം ചെയ്തുതരാതിരിക്കില്ല.

ബൂലോഗകാരുണ്യം അംഗങ്ങളുടെയും മറ്റു ബ്ലോഗര്‍മാരുടെയും അഭിപ്രായവും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. ഇതുവരെ നമ്മള്‍ ചെയ്തതുപോലെയുള്ള ചെറിയ പ്രോജക്റ്റല്ല, സംഗതി സങ്കീര്‍ണ്ണമാണ്‌, ഉള്‍പ്പെടാന്‍ പോകുന്ന തുകയും ചെറുതായിരിക്കണമെന്നില്ല.
സസ്നേഹം
ദേവന്‍

88 comments:

 1. ദേവേട്ടാ, ഇന്നലെ മുതല്‍ ഈ പോസ്റ്റ് വന്നോ വന്നോയെന്നു നോക്കുകയായിരുന്നു.

  നാം എല്ലാവരും കൈകോര്‍ത്ത് മുന്നോട്ടിറങ്ങിയാല്‍ നമുക്ക് കാര്യമായി എന്തെങ്കിലും ചെയ്യാന്‍ കഴിയും എന്നെനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്.

  ബ്ലോഗര്‍മാരെ കൂടാതെ, ഒപ്പം ജോലി ചെയ്യുന്നവര്‍, അടുത്ത ഫ്ലാaറ്റില്‍ താമസിക്കുന്നവര്‍, കൂട്ടുകാര്‍, വീട്ടുകാര്‍, തുടങ്ങി എല്ലാവരേയും ഇക്കാര്യത്തില്‍ നമുക്ക് സമീപിക്കാം.

  ഇത്തരം സത്ക്കര്‍മ്മങ്ങള്‍ക്ക് എല്ലാ‍വരൂം ഒറ്റകെട്ടായി മുന്നോട്ട് വരണമെന്നഭ്യര്‍ത്ഥിക്കുന്നു.

  ഈ പോസ്റ്റ് ഒന്ന് ഇംഗ്ലീഷിലും വിവര്‍ത്തനം ചെയ്തിടാന്‍ അപേക്ഷ.

  ReplyDelete
 2. ഇതൊരു ഉഗ്രന്‍ സംഭവമാക്കാം.

  സര്‍വ്വ രാജ്യ ബ്ലോഗര്‍മാരെ കാശ് സംഘടിപ്പിക്കുവിന്‍,

  രക്ഷിക്കുവാന്‍ വിലയേറിയ എത്രയോ ജീവിതങ്ങള്‍.

  ReplyDelete
 3. i would like to join, and know more. thought of it far before.

  kindly update.
  regards.

  ReplyDelete
 4. Any time! Please let me know what is to be done.

  ReplyDelete
 5. തീര്‍ച്ചയായും ഇതിലൂടെ നൂറുകണക്കുനു ജീവന്‍ രക്ഷിക്കാന്‍ സാധിക്കും. നല്ലൊരു തുടക്കം.

  ReplyDelete
 6. ദേവന്‍....

  നല്ല തുടക്കമവട്ടെ. കൂട്ടിനുണ്ട് ഞങ്ങളൂം..

  നേരില്‍ ബന്ധപ്പെടാം.

  ReplyDelete
 7. എന്താണെന്നു വെച്ചാല്‍ തീരുമാനിക്കൂ. ഒപ്പമുണ്ട്.

  ReplyDelete
 8. നമുക്കൊരുമിച്ച് കൈകോര്‍ക്കാം. എന്നാലാവുന്നത് ചെയ്യാം..

  ReplyDelete
 9. ദേവേട്ടാ. തമനുവും അഗ്രജനും എന്നാണ് വരുന്നതെന്നു മാത്രം അറിയിച്ചാല്‍ മതി. എന്റെ സംഭാവന ഇപ്പോഴേ റെഡി..

  നല്ല ഐഡിയ. എനിക്കിതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഇതൊക്കെയാണ്:

  രണ്ട്: അത്യാവശ്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബന്ധപ്പെട്ട് കാര്യവിവരം ചര്‍ച്ച ചെയ്യാന്‍ ഡോ. സൂരജ് ഇപ്പോള്‍ തിരുവനന്തപുരത്തുണ്ട് (അടുത്തവര്‍ഷവും കാണണമെന്നില്ല)

  മൂന്ന്: ബ്ലോഗര്‍മാരില്‍ ഒരു വഴിക്കു പോകാനും എന്തെങ്കിലും ചെയ്യാനും സമയം മിച്ചം പിടിക്കാന്‍ കഴിയുന്ന രണ്ടുപേര്‍, ചന്ദ്രേട്ടനും അങ്കിളും തിരുവനന്തപുരത്തുണ്ട്.

  നാല്‌: മേയറെയോ മന്ത്രിയെയോ യൂണിവേര്‍സിറ്റി വൈസ് ചാന്‍സിലറെയോ കണ്ട് കാര്യങ്ങള്‍ നടപ്പിലാക്കാന്‍ തിരുവനന്തപുരത്ത് നമുക്ക് സം‌വിധാനമുണ്ട്

  അഞ്ച്: വിദേശഫണ്ട് സ്വീകരിക്കാന്‍ ചിലപ്പോള്‍ ആര്‍ ബി ഐ ക്ലീയറന്‍സ് പോലെ പലതും വേണ്ടിവന്നേക്കാം. സൗജന്യമായി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ സേവനം ലഭ്യമാക്കാന്‍ നമുക്ക് തിരുവനന്തപുരത്ത് കഴിയും.

  ആറ്‌ : ബ്ലോഗിനെയും ബ്ലോഗര്‍മാരെയും അറിയുന്ന ഡോ. ബി ഇക്ബാല്‍ സാറ്‌ തിരുവനന്തപുരത്തുണ്ട്. കേരള സര്‍ക്കാരിന്റെ മെഡിക്കല്‍ അഡ്വൈസറായ അദ്ദേഹം തീര്‍ച്ചയായും ആവുന്ന സഹായം ചെയ്തുതരാതിരിക്കില്ല.

  അതുകൊണ്ട് താമസിക്കേണ്ടാ.. തുടങ്ങാം.

  ReplyDelete
 10. ദേവേട്ടാ..ഞാനിപ്പോ കോഴിക്കോട്ടുണ്ട്. ഒരു പത്തു പതിനഞ്ചു ദിവസം കൂടെ ഇവിടെ കാണും. എന്നെ കൊണ്ട് എന്തേലും ചെയ്യാന്‍ പറ്റുമെങ്കില്‍ അറിയിക്കുക. വളരെ നല്ല ഈ തുടക്കത്തിന് ദേ എന്തു ചെയ്യാനുന്ം തയ്യാര്‍!

  ReplyDelete
 11. ച്ചെയ്യാന്‍ കഴിയുന്ന എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നു.

  (മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ രണ്ടെണ്ണം മാത്രമുള്ളത് സര്‍ക്കാരിന്റെ കയ്യില്‍ അതിനുമുടക്കാന്‍ കാശില്ലാഞ്ഞിട്ടല്ല, മറിച്ച് അത് വാങ്ങാനുള്ള പദ്ധതി മുടക്കാന്‍ ഇഷ്ടം പോലെ സ്ഥാപിത താല്‍പ്പര്യക്കാര്‍ ഉള്ളതുകൊണ്ടാണ് എന്ന കാര്യം മറക്കണ്ട. അതുപോലെ പല ആശുപത്രികളിലും വ്യക്തികളും സ്ഥാപനങ്ങളും സംഭാവനയായി നല്‍കിയ ഒരുപാട് ഉപകരണങ്ങള്‍ വളരെപ്പെട്ടെന്ന് തന്നെ ഊപയോഗയോഗ്യമല്ലാതായി മാറുന്ന പ്രതിഭാസവും കണ്ടുവരുന്നുണ്ട്. ഇക്കാര്യങ്ങളൊക്കെ പഠനവിധേയമാക്കിയിട്ട് മാത്രമേ എന്തെങ്കിലും ചെയ്യാവൂ എന്ന് അഭിപ്രായമുണ്ട്.)

  ReplyDelete
 12. നല്ലൊരു തുടക്കം... ആവുന്ന വിധത്തില്‍ ഇതിന് സഹകരിക്കാം.

  ReplyDelete
 13. ദേവേട്ടാ ഇതില്‍ സാമ്പത്തികവും, ശാരീരികവും ആയ എല്ലാ സഹായങ്ങളും ഞാന്‍ ഉറപ്പ് തരുന്നു.

  തീര്‍ച്ചയായും നമുക്കൊന്ന് ഒത്ത് പിടിച്ചാല്‍ പണത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയും എന്ന് ഉറപ്പുണ്ട്. എന്നാല്‍ നമ്മള്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി (നെടുമുടി വേണു സ്റ്റൈലില്‍) ഉണ്ടാക്കി കൊടുക്കുന്ന പദ്ധതികള്‍ വെറും നോക്കു കുത്തികളെപ്പോലെ ആയിപ്പോകരുത് എന്നുണ്ട്. അതു ഭാവിയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്യും എന്ന് ഉറപ്പ് വരുത്തണം.

  ആദ്യം വ്യക്തമായ ഒരു ചിത്രം ഉണ്ടാവട്ടെ, അതിനു ശേഷം സാമ്പത്തികത്തെപ്പറ്റി ചിന്തിച്ചാല്‍ മതി എന്നാണ് എന്റെ അഭിപ്രായം.

  ReplyDelete
 14. Assure my fullest cooperation with all available expertise / resourses in the Medical Field, as well as financial support from my side!

  ReplyDelete
 15. ഇക്കാസും തമനുവും പറഞ്ഞതില്‍ കാര്യമില്ലാതില്ല. നമ്മുടെയല്ലേ നാടും നാട്ടുകാരും !!! ഡോ.സൂരജ് ഇതില്‍ ഒരു അഭിപ്രായം പറഞ്ഞിരുന്നെങ്കില്‍ എന്നാശിക്കുന്നു.

  ReplyDelete
 16. [[ ആകെയുള്ള ലൈഫ് സപ്പോര്‍ട്ട് സിസ്റ്റത്തില്‍ സുഖം പ്രാപിച്ചു വരുന്ന രോഗിയെ മാറ്റി അപ്പോള്‍ വന്ന ആസന്നമൃതനെ കണക്റ്റ് ചെയ്താല്‍ രണ്ടു പേരും രക്ഷപ്പെടുമെന്ന് വിശ്വസിക്കണോ അതോ നല്ല പ്രോഗ്നോസിസ് ഉള്ളയാളിനെ അടര്‍ത്താതെ രണ്ടാമനെ മരിക്കാന്‍ വിടണോ എന്ന് തീരുമാനിക്കാന്‍ വയ്യാതെ നില്‍ക്കുന്ന ഡോക്റ്ററുടെ മാനസികാവസ്ഥ നമുക്ക് ഊഹിക്കാനുമാവില്ല. ]]

  Ho.. thats a terrible dilemma!

  (this is for comment tracing)

  ReplyDelete
 17. അണ്ണാന്‍ കുഞ്ഞുകള്‍ക്കും വല്ലതും കഴിയുമെങ്കില്‍,
  ഞാന്‍ കൂടിയുണ്ടാവും.
  തമനുവിന്റെ അഭിപ്രായത്തിന് അടിവരയിടുന്നു.

  ReplyDelete
 18. എന്നാലായത് ഞാനും ചെയ്യും...!

  കെടുകാര്യസ്ഥത നിലനില്‍ക്കുന്ന സ്ഥലമാണ് ആയതിനാല്‍ ഈ സല്‍‌പ്രവര്‍ത്തി ഉപയോഗശൂന്യമായിപ്പോകാതെയുള്ള മുന്‍‌കരുതല്‍ എടുക്കണം...!

  ReplyDelete
 19. എന്റെ സഹായം വേണ്ടുമ്പോള്‍ അറിയിക്കുക.

  അമേരിക്കന്‍ ആശുപത്രികളില്‍ നിന്നും ശേഖരിച്ച ഉപയോഗിച്ചതെങ്കിലും ഒനാന്തരം ഉപകരണങ്ങള്‍ ഫൊക്കാന എന്ന സംഘടന കപ്പല്‍ വഴി തുറമുഖ (കൊച്ചി?)ത്തെത്തിച്ചു.നാടുനന്നാവുന്നത് അവര്‍ വഴി മാത്രമാകേണ്ടതുകൊണ്ട് രാഷ്ട്രീയക്കാര്‍ അതൊന്നും കരയ്ക്കിറക്കാന്‍ സമ്മതിച്ചില്ല. എല്ലാം നശിച്ചു പോയി.

  ReplyDelete
 20. ആവുന്ന എല്ലാവിധ സഹായസഹകരണങ്ങളും എപ്പോഴും ഉണ്ടാകും.

  നമുക്ക് ശ്രമിക്കാം, നമ്മുടെ ശ്രമങ്ങള്‍ വിജയിക്കും എന്ന വിശ്വാസത്തോടെ!

  ഇക്കാസും തമനുവും പറഞ്ഞത് വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. നമ്മുടെ അദ്ധ്വാനം പാഴാവില്ല എന്നുറപ്പ് വരുത്താന്‍ നമുക്ക് കഴിയണം.

  ReplyDelete
 21. This comment has been removed by the author.

  ReplyDelete
 22. ചില പ്രാഥമിക എന്‍ക്വയറികള്‍ നടത്തട്ടെ ദേവെട്ടാ.കൂടുതല്‍ എന്നിട്ട് പറയാം.

  അവിടെ അത്യാവശ്യമായി വേണ്ടുന്ന സംഗതികള്‍ക്ക് - ഡയാലിസിസ് യൂണിറ്റ്,സ്കാനര്‍, വെന്റിലേറ്റര്‍ തുടങ്ങിയവ - ദേവേട്ടന്‍ പറഞ്ഞതു പോലെ കൊക്കിലൊതുങ്ങാനാവാത്ത വിലയാണ്. മിക്ക സന്നദ്ധ സംഘടനകളും ചില യൂണിറ്റുകളിലേക്കുള്ള ബെഡ്ഡും ഫര്‍ണിച്ചറുകളും ദാനം ചെയ്ത് മടങ്ങുന്നതുതന്നെ ഇതുമൂലമാണ്. മാത്രമല്ല, അത്തരം സാധനങ്ങള്‍ സംഭാവനയായി സ്വീകരിക്കുന്നതിലും ചില ചട്ട പ്രശ്നങ്ങള്‍ ഉണ്ടോയെന്നു സംശയമുണ്ട്.

  (സത്യത്തില്‍ National Rural Health Missionയുടെ കേന്ദ്ര നിധി വന്നതില്‍പ്പിന്നെ കോടികളാണ് ഇടനിലക്കാരില്ലാതെ സിംഗിള്‍ വിന്‍ഡോ സംവിധാനം വഴി മെഡിക്കല്‍ കോളെജിനും റീജ്യണല്‍ കാന്‍സര്‍ സെന്ററിനും വികസനത്തിനായി ഇഷ്ടപ്പടി ഉപയോഗിക്കാന്‍ കിട്ടിയിട്ടുള്ളത്. ക്യാന്‍സര്‍ സെന്റര്‍ സ്വയംഭരണസ്ഥാപനമാ‍യതിനാല്‍ അവിടെ ഈ തുകകളും യൂ.ജി.സി ഫണ്ടുമൊക്കെ വളരെ വേഗം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. (വേണ്ടത് ഇത്തിരി പ്ലാനിംഗും ഒത്തിരി ഇച്ഛാശക്തിയുമാണല്ലോ)

  ഏതായാലും ഒന്നു തപ്പിനോക്കട്ടെ.നിര്‍ദ്ദേശങ്ങള്‍ക്ക് എക്വിപ്മെന്റ് സ്പെഷ്യലിസ്റ്റുകള്‍ ഇവിടെയുള്ളതു നന്നായി.

  വിലയേറിയ എക്വിപ്മെന്റ്സ് പറ്റിയില്ലെങ്കില്‍ ഫര്‍ണിച്ചറോ, തീയറ്റര്‍ മെറ്റീരിയത്സോ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഉണ്ടാക്കാറുള്ള Poor Patients' Fund-ലേക്ക് സംഭാവനായാലും രോഗികള്‍ക്ക് ഉപകാരമാകുമെന്ന് തോന്നുന്നു.
  (ആര്‍.സി.സി യിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ക്ലിനിക്ക് ഇതിനു ലോകോത്തര മാതൃകയാണ്)

  പൈസയുടെ Misuse-നുള്ള സാധ്യത വളരെ കൂടുതലുള്ള ഇടമാണ്. പ്രത്യേകിച്ച് സ്ഥലം തിരോന്തരവും!. (എന്റെ നാടായതോണ്ട് പറയുവല്ലേ;)
  ജാഗ്രതൈ!!!

  ഈ സന്നദ്ധ മനസ്സുകള്‍ക്ക് ഒരു വലിയ സലാം :)

  ReplyDelete
 23. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ സര്‍ക്കാരിന്റെ കൈയ്യില്‍ കാശില്ലാത്തത് കൊണ്ടാണ് വെയ്ക്കാത്തത് എന്ന് എനിക്ക് ഇപ്പോഴും വിശ്വാസം വരുന്നില്ല. സര്‍ക്കാര്‍ കാര്യം അവര്‍ നോക്കട്ടെ എന്ന് പറഞ്ഞ് കണ്ണട്യ്ക്കുന്നില്ല എങ്കിലും വേണമെങ്കില്‍ ഏതെങ്കിലും കോര്‍പ്പറേറ്റ് ഭീമന്മാരെ കൊണ്ട് സ്പോണ്‍സര്‍ ചെയ്യിച്ചൂടെ സര്‍ക്കാരിന്? കേരള സര്‍ക്കാര്‍ സഹായം അഭ്യര്‍ത്ഥിച്ചാല്‍ ഒരു 10 വെന്റിലേറ്ററുകളെങ്കിലും സൌജന്യമായി കിട്ടില്ലേ?

  ഇന്ത്യയുടെ, കേരളത്തിന്റെ മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ് ചെയ്യാന്‍ എന്നാല്‍ കഴിയുന്ന സഹായം ചെയ്യാന്‍ എനിക്ക് മനസ്സ് നിറയെ സന്തോഷം മാത്രമേ ഉള്ളൂ. പക്ഷെ മെഡിക്കല്‍ കോളെജിലേക്ക് ആംബുലന്‍സും വെന്റിലേറ്ററും വാങ്ങുന്നതിന് ഇക്കാസ് പറഞ്ഞപോലെ ഉള്ള ഒരു വശം എന്നെ അലോസരപ്പെടുത്തുന്നുണ്ട്.

  ഇനി ഇപ്പൊ ഈ വക പ്രശ്നങ്ങളാണോ അതോ ഒരു 10 പേരുടെ ജീവനാണോ വലുത് എന്ന് ചോദിച്ചാല്‍ എനിക്ക് സംശയമൊന്നും ഇല്ല. മനുഷ്യ ജീവന്‍ തന്നെ വലുത്. അത് സേവ് ചെയ്യാന്‍ നമ്മളാല്‍ കഴിയുന്നത് ചെയ്യാം.

  ReplyDelete
 24. ഞങ്ങളെ കൊണ്ടാവുന്ന സഹായം വാഗ്ദാനം ചെയ്യുന്നു.

  ചുവപ്പുനാടയില്‍ കുടുങ്ങയില്ലെന്ന് പ്രത്യാശിക്കാം.

  ReplyDelete
 25. ബ്ലോഗിലൂടെ അല്ലാണ്ടെ തന്നെയും, എല്ലാര്‍ക്കുമുള്ള പേഴ്സണല്‍ ഗ്ഗ്രൂപ്പ് മെയിലിങ് (വീട്ടുകാര്‍/നാട്ടുകാര്‍/അപ്പീസുകാര്‍) എന്നിവരെയൊക്കെ ഉള്‍ക്കോള്ളിച്ച് എല്ലാരും ഒരു ഗ്രൂപ്പ് മെയിലും വിടുമല്ലോ. ഈ പോസ്റ്റിന്റെ റ്റെക്സ്റ്റ് കോപ്പി ചെയ്ത്റ്റാല്‍ മതിയാവും. അഞ്ചെങ്കില്‍ അഞ്ച് പത്തെങ്കില്‍ പത്ത്.

  പിന്നെ ചോദ്യങ്ങളും സംശയങ്ങളും എനിക്കുമുണ്ട്. ഇത് പോലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കര/നാവിക സേനയും എല്ലാം കൂടെ ആയിരങ്ങള്‍ ഇട്ട് മിഷനറി വാങ്ങി എറണാകുളം ജനറല്‍ ആസ്പ്ത്രിയില്‍ കൊടുത്തത, പെരും മഴയത്ത് എടുത്ത് മാറ്റി പോലും ഇടാണ്ടെ പൊടിഞ് പോയതിനു ഞാന്‍ ദ്ര്കഷസാക്ഷിയാണു. ഇത് വെറും വാങ്ങി കൊടുക്കലല്ലാണ്ടെ, ഇതിന്റെ എല്ലാ കാര്യങ്ങളും കാര്യക്ഷമമായിട്ട് തന്നെ നടത്തി കിട്ടണം. തീര്‍ച്ചയായും രാഷ്ട്രീയക്കാരും മെഡിക്കല്‍ ലോബികളും ഒക്കേനും ഇടപെടുമിതില്‍.

  കേരളത്തില്‍ ഞാനുണ്ടാവും എന്തെങ്കിലും കോര്‍ഡിനേഷന്‍ തീര്‍ച്ചയായും ചെയ്യാം. പത്ത് ലക്ഷം രുപ എന്നൊക്കെ പറയുന്നത്, എല്ലാരും കൂടെ ഒത്ത് പിടിച്ചാല്‍ വളരെ പെട്ടന്ന് സ്വരൂപിയ്ക്കാവുന്നതെയുള്ളു. മുന്‍ കൈ എടുക്കുന്ന ഒരാളുടെ എക്ക്കൌണ്ട് തിരൂവന്തപുരത്തോ കൊച്ചീലോ (മൂര്‍ത്തിയുണ്ടല്ലോ തിരുവനനന്ത പുരത്ത്?) തുറന്ന് അതിലേയ്ക് വെസ്റ്റേണ്‍ യൂണിയന്‍ വഴി അയച്ചാല്‍ മതി. ഒരോരുത്തരും. അല്ലാണ്ടെ പിരിയ്ക്കലും അയയ്ക്കലും ഒക്ക്ക്കേനും നടക്കില്ല. അനുഭവം ഗുരു. ഇതാവുമ്പോ ഫണ്ട് കെക്യ്യില്‍ വരുന്ന തോതില്‍ പത്തോ നൂറോ ഒക്കേനും റ്റ്രാന്‍സ്ഫര്‍ ആക്കാം,ആരോടും പറയേമ്ം വേണ്ട. അങ്ങനേയേ ഫണ്ട് സ്വരൂപിയ്ക്കല്‍ നടക്കൂ. അല്ലാണ്ടെ പോസ്റ്റില്‍ കുറെര്‍ കമന്റ് വന്നത് കൊണ്ടും, എന്റെം എന്റേം എല്ലാ സപ്പോര്ര്ട്ടും എന്ന് കമന്റെഴ്ശുതില്‍ ജീവിതത്തിന്റെ തിരക്കിനിടയില്‍ എല്ലാരും മറക്കും. പോസ്റ്റിട്ട്ട ആള്‍ക്ക് ചുമ്മ പിന്നേം പിന്നേം മെയിലോ കമന്റോ ഒക്കേ ഇടാനും ബുദ്ധിമുട്ടാവും. അതോണ്ട് എത്രയും വേഗം വേണ്ടത്, ഒരു ബാങ്ക് എക്കൌണ്ടാണു. പത്ത് ലക്ഷം രുപ ഒക്കെ മറയുന്ന ഒരു ബാങ്ക് എക്കൌണ്ട് കൊണ്ട് വല്യ പ്രശ്നങ്ങളൊoന്നും വരാന്‍ പോണില്ല. വേണങ്കില്‍ അത്യാഹിതമൊക്കെ വന്ന് പെട്ടാലോ ന്ന് കരുതി ഒന്നോ രണ്ടോ നോമിനികളേയും മറ്റും വയ്ക്കാം.. ഞാനുണ്ടാവും എന്തിനും. കൊച്ചീലെത്തിയാല്‍, എന്നെ കൊണ്ട് ആവുന്ന പിരിവിനും ഇമെയില്‍ ഫോള്ഓ അപ്പിനും, വല്ല ചെറിയ രീതിയില്‍ എവിടെയെങ്കില്‍ം ചെന്ന് സ്പോണ്‍സര്‍ഷിപ്പിനോ ഒക്കെ ഞാന്‍ ശ്രമിയ്ക്കാം. വല്യ സംഖ്യയില്‍ ഉന്നം വയ്ക്കാതെ ചെറിയ തുട്ടുകളാണെന്ന്കിലും വീഴുന്നത് വീഴട്ടെ. മീറ്റിനു കൂടിയ ദുഫായ് ബ്ലോ‍ാഗേഴ്സ് ഒക്കെ തന്നെ 100 ദിര്‍ഹംസ് വച്ച് രണ്ട് മാസം പിരിച്ചൂടേ? വിദേശ ഫണ്ട് ഒന്നും ഭീഷണിയാവില്ല, സോഴ്സും റ്റാര്‍ഗറ്റും ഒക്കേനും റ്റ്രാന്‍സ്പരന്റ് ആയിട്ട് ഇന്റര്‍നെറ്റില്‍ കിടക്കുമ്പോഴ്.

  ഇക്കാസ് /ദില്‍ബ്സ് പറഞ പോലെ ക്രിക്കറ്റില്‍ കളിച്ച് വന്ന ശ്രീശാന്തിനു ലക്ഷങ്ങള്‍ കേരള സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുമ്പോഴ്, ഫണ്ടാണോ മെഡിക്കല്‍ കോളേജിന്റെ പ്രശ്നം? ഇത് തികച്ചും പിടിപ്പ് കേട് മാത്രമാണു. കോടികളു ടാറിട്ട് പൂശിയിട്ടും, പിന്നേം കുളമാവുന്ന റോറ്ഡ് പോലെ തന്നെ ഇതുമൊക്കെ. എന്നാലും നമ്മുക്ക് ഒരു പുതിയ വഴി വെട്ടി തുറക്കാം, ,എന്തേലും ഇത് പോലെ ചെയ്ത് കാണിച്ച്.

  ReplyDelete
 26. ഇതൊരു നല്ല തുടക്കമാവട്ടെ...

  ReplyDelete
 27. അങ്ങിനെ ഒരു എക്വിപ്പമെന്റ് കൊടുത്താല്‍ (കാശായിട്ട് കൊടുക്കുന്നത് റിസ്ക്) മെഡിക്കല്‍ കോളേജില്‍ സ്വീകരിക്കുമോ? ഇതല്പം ശങ്കയുണ്ട്?
  അങ്ങിനെ മുന്‍പും ആളുകള്‍ ശ്രമിച്ചിട്ടുള്ളത് മുടങ്ങിപ്പോയത് അറിയാം? കാശായിട്ട് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് ഏല്‍പ്പിക്കാന്‍ പറയുകയാണ് ചെയ്യാറ്...

  ആദ്യം വേണ്ടത് അത് അവരെക്കൊണ്ട് സ്വീകരിപ്പിക്കാനുള്ള ഒരു വിദ്യയാണ്. അതും വെറും വാക്കല്ലാണ്ട് ഒരു റിട്ടണ്‍ എഗ്രീമെന്റോ മറ്റോ.

  അത് സംഭവിപ്പിച്ച് കിട്ടിയാ കാശ് താനെ പിരിഞ്ഞോളും.

  ReplyDelete
 28. ഞാനുമുണ്ടെ ഇവിടെ.. എന്നെക്കൊണ്ടാവുന്ന വിധം ഞാനും ഹെല്‍പ്പാം. അതുല്യ ചേച്ചി പറഞ്ഞതുപോലെ ഞാന്‍ മൂറ്ത്തി മാഷിനെ കോണ്ടാക്റ്റ് ചെയ്തുകൊള്ളാം.. കൂടെ ജോലി ചെയ്യുന്നവരോടും, മെയിലു വഴിയും എന്റെ ഒരു ഇന്റര്‍നെറ്റ് ഫോറമുണ്ട് (കുറെനാളായി അതില്‍ കയറിയിട്ടൂ.. എന്നാലും സാരമില്ല, അതൊന്നുകൂടി ആക്റ്റിവ് ആക്കാം..) അതിലുള്ളവരോടും എല്ലാവരോടും പറയാം..വളരെക്കൂടൂതലൊന്നും ചെയ്യാന്‍ സാധിക്കുകയില്ല, എന്നാലും എന്നെക്കൊണ്ടാവുന്ന വിധത്തില്‍ ഞാന്‍ ചെയാന്‍ തയ്യാറാണ്‍. അറിയിച്ചാല്‍ മതി..:)

  പണ്ട് ഫണ്ട് പിരിക്കാന്‍ നടന്ന ഒരു എക്സ്സ്പീരീയന്‍സ് ഉണ്ട്. റെസിപ്റ്റ് വല്ലതുംചെയ്യുന്നേല്‍ അതു കൂടി തന്നാല്‍ അതു വെച്ചു പിരിക്കാന് നോക്കാം.. മുഴുവന്‍ സമയം ഇറങ്ങി നടക്കാന്‍ പറ്റില്ല, കൂടെയുള്ളവര്‍ക്കും, പണ്ട് വര്‍ക്ക് ചെയ്ത ഓഫീസിലുമെല്ലാം കൊടുക്കും, കുറച്ചു കാശെങ്കിലും പിരിഞ്ഞുകിട്ടുമല്ലൊ..പുറത്തുള്ള സുഹൃത്തുക്കളോടും പറയാം. ആരും സഹായിക്കാതെയിരിക്കില്ല..ചെറുതെങ്കില്‍ ചെറുത്..അപ്പൊ എല്ലാവരും റെഡിയല്ലെ??

  ReplyDelete
 29. തിരക്കൊഴിഞ്ഞത് ഇപ്പഴാ, അതുകൊണ്ട് ഒന്നു രണ്ടു പോയിന്റ്സ് പറഞ്ഞേക്കാം എന്നോര്‍ത്തു.

  നേരത്തെ ഇംഗ്ലീഷില്‍ ഇട്ട കമന്റില്‍ എന്റെ എല്ലാ വിധ സപ്പോര്‍ട്ടും നല്‍കിയിരുന്നു.. ഈ മലയാളം കമന്റിലും അതില്‍ യാതൊരു മാറ്റവുമില്ലാതെ തന്നെ ഊട്ടിയുറപ്പിക്കുന്നു.\

  പക്ഷേ, ചില നെഗറ്റീവ് പോയിന്റ്സ് കൂടി ചൂണ്ടിക്കാണിക്കണമെന്നാഗ്രഹിക്കുന്നു.

  ബൂലോഗ കാരുണ്യം എന്ന ഈ ബ്ലോഗ് വഴി പല നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്..പക്ഷേ ഇപ്പോള്‍ നാം ഇവിടെ ചര്‍ച്ച ചെയ്യുന്ന കാര്യം , അതു വേറൊരു മാഗ്നിറ്റ്യൂഡില്‍ ഉള്ളതാണേ! ദുബൈ ബ്ലോഗേഴ്സ് മീറ്റില്‍ കൂടിയ എല്ലാരും 100 ദിര്‍ഹം വച്ച് 2 മാസം പിരിച്ചാല്‍ എന്തെങ്കിലൌം ചെയ്യാമല്ലോ എന്ന അതുല്യേച്ചിയുടെ കമന്റു കണ്ട്. തീര്‍ച്ചയായും അങ്ങനെയൊരു മനസ്സുള്ളതു തന്നെ വലിയ കാര്യമാണ്. പക്ഷേ ബ്ലോഗേഴ്സിനിടയിലെ ഡൊനേഷന്‍ കൊണ്ടു മാത്രം നമുക്ക് “എന്തെങ്കിലും“ ചെയ്യാമെന്നല്ലാതെ ഈ പോസ്റ്റിന്റെ ഉദ്ദേശലക്ഷ്യങ്ങളുടെ 10% പോലും ചെയ്യാനാവില്ലെന്നു നാം ഓര്‍ക്കണം. ആരുടെയും വില കുറച്ചു കാനുകയോ മറ്റോ അല്ല... ബട്ട്.. ബ്ലോഗര്‍മാരുടെ സംഭാവനകള്‍ക്കൊപ്പം തന്നെ നാട്ടിലെയും, പിന്നെ ഗള്‍ഫ്/യൂറോപ്പ്/യു.എസ് പ്രവാസി സന്നദ്ധ സംഘടനകളും ഒരുമിച്ചുള്ളൊരു കൂട്ടായ്മയായിരിക്കും ഈ ഇഷ്യൂവില്‍ കുറച്ചു കൂടി ഫലപ്രദം. പലതുള്ളികള്‍ ചേര്‍ന്നൊരു പെരുമഴക്കാലമാക്കാം നമുക്ക്.. ഇതില്‍ ക്രെഡി ആര്‍ക്ക് എന്നതിലല്ലല്ലോ പ്രാധാന്യം...

  മെഡിക്കല്‍ എക്വിപ്മെന്റ്സില്‍ 12 വര്‍ഷമായി ഉള്ള ഒരാളെന്ന നിലക്കു പറയട്ടേ, 10 ലക്ഷം എന്നത് മെഡിക്കല്‍ എക്വിപ്മെന്റ് ഫീല്‍ഡില്‍ ഒരു തുകയേ അല്ലെ. അത് നാട്ടിലെ ഏതെങ്കിലും ഹോസ്പിറ്റലിനു കാഷ് ആയി സംഭാവന ചെയ്യുന്നത് ആന മണ്ടത്തരം.

  എന്തെങ്കിലും ചെയ്യുകയാണെങ്കില്‍, നാം വാങ്ങി, നാം അവര്‍ക്കു മഷീന്‍ ആയി കൊടുക്കുന്നു..പിന്നെ അതില്‍ അഴിമതിയുടെ ഇഷ്യൂ ഇല്ലല്ലോ..

  പിന്നെ, ആദ്യം നാം അറിയേണ്ടത് നമ്മുടെ ലിമിറ്റേഷന്‍സ് അറിയണം.

  1- ബ്ലോഗര്‍മാര്‍ക്കിടയില്‍ നമുക്കെത്ര സ്വരുക്കൂട്ടാം...?? (ബെല്യേ ഒരു ചോദ്യമാണേ.. എത്ര കമന്റ് സ്വരുക്കൂട്ടാം എന്നല്ല ചോദ്യം)

  2- മറ്റുള്ള സംഘടനകളുമായി ആലോചിച്ച് ഒരു ടാര്‍ജറ്റ് അമൌന്റ് തീര്‍മാനിക്കുക.

  3- നമ്മള്‍ക്കിടയില്‍ തന്നെ ഉള്ള ഒരു കമ്മറ്റിയോ മറ്റോ തീരുമാനിക്കുക ഏതൊക്കെ മഷീന്സ്‍ എവിടെ നിന്നും വാങ്ങണം എന്നു. എല്ലാം തികച്ചും വ്യക്തതയോടെ .
  (ഇക്കാര്യത്തില്‍ എന്റെ എല്ലാ സഹകരണവും പ്രതീക്ഷിക്കാം. വെറും ബ്രാന്‍ഡ് നെയ്മിനു കാശു കൊടുക്കാതെ നല്ല ഉഗ്രന്‍ ക്വാളിറ്റിയുള്ള മെഷീനുകള്‍ ബെസ്റ്റ് വിലക്ക് നമുക്കു സോഴ്സ് ചെയ്യാമെന്നേ. ഞാന്‍ ഒരു വെന്റിലേറ്റര്‍ / അനെസ്തേഷ്യ/ മോണിറ്ററിങ്ങ് എക്വിപ്മെന്റ് സ്പെഷലിസ്റ്റാ.)

  4- പിന്നെ, ഒരൊറ്റ മെഡിക്കല്‍ കോളേജിനെ ഫോക്കസ് ചെയ്യാതെ, 2-3 വെന്റിലേറ്ററുകളോ മറ്റോ സോഴ്സ് ചെയ്ത്, അത് 3 റിജിയണല്‍ ആയ മെഡിക്കല്‍ കോളേജുകളിലോ മറ്റോ ഈക്വല്‍ ആയി ഡിസ്റ്റ്രിബ്യൂട്ട് ചെയ്യുന്നതാവില്ലെ നല്ലത്.. ഞാന്‍ പ്രാദേശികവാദിയൊന്നുമല്ല എങ്കിലും, ജീവന്‍ എന്നത് കാസര്‍ഗോഡായാലും, ചവറയിലായാലും ഒരേ വിലയല്ലേ?

  ഇത് ഇപ്പോ തോന്നിയ ചില പോയിന്റ്സ് മാത്രം. ബാക്കി വഴിയേ സമയം കിട്ടുമ്പോള്‍..

  എല്ലാവരും ക്രിയേറ്റീവ് ആയ സജഷന്‍സ് പറയുമല്ലോ..

  ഓടോ: വ്യക്തിപരമായ ചില കാര്യങ്ങളാല്‍ 1-2 മാസം അല്പം തിരക്കിലാവും.. ഈ ബ്ലോഗിലെ കമന്റ് റ്റ്രാക്കിങ്ങ് ഉണ്ട്..എങ്കിലും ചിലപ്പോള്‍ ചെക് ചെയ്യാന്‍ സമയം ഉന്റായേക്കില്ല. അത്യാവശ്യം എന്തെങ്കിലുമുണ്ടെങ്കില്‍ ദേവേട്ടന്‍, കുറുമാന്‍ മുതലായവര്‍ക്കും മറ്റു പല ബ്ലോഗേഴ്സിനും എന്റെ നമ്പര്‍ അറിയാമല്ലോ? ധൈര്യമായി വിളിക്കാ ..എപ്പഴും!

  ReplyDelete
 30. ഇഞ്ചീ,
  പറഞ്ഞതൊരു പോയിന്റാണ്.. എങ്കിലും, ആ ബ്യൂറോക്രാറ്റിക് ഹഡിത്സ് മാറ്റാന്‍ കഴിവുള്ളോര്‍ നമുക്കിടയില്‍ തന്നെ കാണുമല്ലോ?

  അതിത്ര വല്യേ ഒരു ഇഷ്യൂ ആവുമെന്നോ ഇവിടെ ഒരു സ്റ്റാര്‍ട്ട് കിട്ടുക എന്നതിനേക്കാല്‍ ബുദ്ധിമുട്ടുള്ള കാര്യാണതെന്നു എനിക്കു തോന്നീല്യാ!

  ഇഫ് ദേര്‍ ഈസ് എ .... ;)

  ReplyDelete
 31. ഇഞ്ചീ.. മറ്റൊന്നൂടെ പറേട്ടേ,
  മുക്കിയമന്ത്രീടെ ഫണ്ടിലേക്കു സംഭാവനയോ? ഹഹഹ! ബെസ്റ്റ്..

  വെന്റിലേറ്റര്‍ വാങ്ങാന്‍ നല്‍കിയ കാശ് അടുത്ത മാസം ബി.ജെ.പിക്കാരു കുത്തിക്കൊല്ലാന്‍ പോവുന്ന സി.പി.എം കാരന്റെ വീട്ടിലേക്കുള്ള സഹായ നിധിയായി മാറും !!

  പ്രതീക്ഷ പ്രതീക്ഷ എന്നതിനു ഒരു ലിമിറ്റൊക്കെ ഇല്ലേ ഇഷ്ടാ?


  വല്ലോം ഫിസിക്കല്‍ ആയിട്ട് കൊടുത്താല്‍ നടക്കും!.. കാഷ് വില്‍ നെവര്‍ റീച്ച് ദ നീഡ്ഫുള്‍ എന്നല്ലേ പ്രമാണം? ;) ഏതു പ്രമാണം? ഞാന്‍ ഇപ്പോ ഒണ്ടാക്കീതാ ;)
  എനിക്ക് ഈ സര്‍ക്കാറിലോ ഇനി വരാനിരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിലോ യാതൊരു പ്രതീക്ഷേമില്ല..

  ReplyDelete
 32. വളരെ നല്ല കാര്യം.

  സംഭാവന ചെയ്യാന്‍ തയ്യാര്‍ ആണ്. എപ്പോള്‍, എങ്ങിനെ എന്നത് ഇതില്‍ തന്നെ ഇട്ടാല്‍ കഴിവത് ചെയ്യാം. ഇവിടെ മലയാളം ബ്ലോഗ്ഗേര്‍സ് ഇല്ലെങ്കിലും മറ്റ് സംഘടനകളോ ഒക്കെയായ് ചര്‍ച്ച ചെയ്യാവുന്നതാണ്. കൃത്യമായ പ്ലാന്‍ അറിയുമ്പോള്‍ അതിന് ശ്രമിക്കാം.

  രണ്ടു മൂന്നു കാര്യങ്ങള്‍ നിര്‍ദ്ദേശം ചോദിച്ചിരിക്കുന്നത് കൊണ്ട് പറയാം എന്ന് വിചാരിക്കുന്നു:
  1. പേര്‍സണല്‍ അക്കൌണ്ടിലേയ്ക്ക് videsathu നിന്നും വളരെ അധികം പൈസ വന്നാല്‍, അല്ലെങ്കില്‍ കണക്കില്‍ കവിഞ്ഞ പൈസ (നാട്ടില്‍ നിന്നാണെങ്കിലും) വന്നാല്‍ പിന്നീട് ഇന്‍കം tax പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അത് ഏറ്റെടുക്കുന്നവര്‍ക്ക് പ്രശ്നമില്ലെങ്കില്‍ കുഴപ്പമില്ല.

  2. വിദേശത്ത് നിന്നും പണം ഉള്ള പരിപാടി ആയതിനാല്‍ FCRA നമ്പര്‍ (Foreign Contribution Regulation Act) ഉള്ള ഏതെങ്കിലും നന്നായ്‌ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ കൂടെയുള്ള ഒരു Joint പ്രൊജക്റ്റ് ആയ്‌ എടുത്താല്‍ മറ്റ് വിദേശ സംഘടനകള്‍ക്ക്‌ സംഭാവന നല്‍കാന്‍ സാധിക്കും. FCRA നമ്പര്‍ കിട്ടണമെങ്കില്‍ സാങ്കേതികമായ് മൂന്നു വര്‍ഷം എങ്കിലും auditing നടത്തി annual റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച്‌ പ്രത്യേക അപേക്ഷ നല്‍കണം. ഈ നമ്പര്‍ ഇല്ലാതെ വിദേശത്ത് base ഉള്ള സംഘടനകളുടെ സംഭാവന സ്വീകരിക്കാന്‍ നിയമപ്രകാരം പാടില്ല. ഒരു പക്ഷെ negotiate ചെയ്ത് ഇതിന് വേണ്ടി പ്രത്യേക implementation കമ്മിറ്റി ഉണ്ടാക്കാന്‍ എളുപ്പമാവും. "നല്ല" സംഘടനകള്‍ തീര്‍ച്ചയായും കുറച്ചെങ്കിലും ഉണ്ട്!

  3. Long ടേമില്‍ ഇതൊരു adhoc പരിപാടി ആയാല്‍ ഉദ്ദേശിക്കുന്ന പ്രയോജനം കിട്ടുമോ എന്ന സംശയം. സാധാരണയായ് ചെയ്യാറുള്ളത് ഒരു സന്നദ്ധ സംഘടന രജിസ്റ്റര്‍ ചെയ്ത് അതിന് ഭാരവാഹികളെ നിശ്ചയിച്ച് അവര്‍ വഴി കാര്യങ്ങള്‍ നടത്തുക എന്നുള്ളതാണ് (for long term). ഈ സന്നദ്ധ സംഘടന രജിസ്റ്റര്‍ ചെയ്യാന്‍ ബുദ്ധിമുട്ടില്ലെങ്കിലും വിദേശ പണം കൈപ്പറ്റാന്‍ കുറച്ചു സമയം പിടിച്ച പണി ആണ്. പക്ഷെ ഇപ്പോള്‍ തുടങ്ങിയാലെ കുറച്ചു നാള്‍ കഴിഞ്ഞും ഇതു മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയൂ. (അങ്ങിനെ വേണം എന്നുണ്ടെങ്കില്‍). ഒരു അഭിപ്രായം ആണേ.

  മറ്റൊന്ന്: സാമൂഹ്യ പ്രവര്‍ത്തനത്തില്‍ താത്പര്യം ഉള്ളതിനാല്‍ ബൂലോഗകാരുണ്യത്തില്‍ എന്നെ കൂടി ചേര്‍ക്കാന്‍ അപേക്ഷ.

  ReplyDelete
 33. ഞാനുമുണ്ട്..

  അപ്പോള്‍ പെട്ടെന്നു തന്നെ ഒരു കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാം.

  ഈ പോസ്റ്റിന്റെ ലിങ്ക് പഴയ സുഹൃത്തുക്കള്‍ക്കെല്ലാം അയക്കുന്നു. ഇത് ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കണോ?

  ReplyDelete
 34. ഇടിവാളേ
  എതിരവന്‍ എഴുതിയത് കണ്ടില്ലേ? ഇതൊക്കെ ഉണ്ടായതാ. ഒരു കപ്പല്‍ മെഡിക്കല്‍ എക്യുപ്പ്മെന്റെ സാധനം തിരിച്ച് വിട്ടതാ. നോര്‍ക്കയാണ് അത് ചെയ്തത് എന്ന് ഓര്‍മ്മ. ഇവിടുത്തെ ഡോക്റ്റേര്‍സ് അസ്സോസിയേഷന്‍, നേര്‍സസ് അസ്സോസിയേഷനുകള്‍ ഒക്കൈങ്ങിനെ ശ്രമിച്ച് നോക്കിയിട്ടുണ്ട്.

  പലരും കൊടുക്കാന്‍ സന്നദ്ധരായിട്ട് മുന്നോട്ട് വരുമ്പോള്‍ ഇതിന്റെ ഒക്കെ പുറകേ വരുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. കാരണം ഗവണ്മെന്റ് സ്ഥാപനത്തിനു അങ്ങിനെ കോണ്ട്രിബ്യൂഷന്‍ ആക്സ്പറ്റ് ചെയ്യാന്‍ എന്തൊക്ക്യോ പൊല്ലാപ്പുകളുണ്ട്. ഇല്ലെങ്കില്‍ നമ്മളല്ലേ ഭരിക്കണേ നമ്മളതിണ്ടാക്കും...അത്രന്നേ.
  കൊടുക്കുന്നവന്റെ കൊടീടെ നിറം വരെ നോക്കിക്കളയും...

  പൈസ പിരിഞ്ഞു കിട്ടാന്‍ എന്‍.ആര്‍.ഐ കളുടെ അടുത്തൂന്ന് എളുപ്പാണ് എന്റെ അനുഭവത്തില്‍. മിക്കവരും സന്നദ്ധരാണ്. നന്നായി കോണ്ട്രിബ്യൂട്ട് ചെയ്യും.

  പക്ഷെ അതല്ലാം ചെയ്തിട്ട് അത് വേസ്റ്റായിപ്പോവാതെ ഇരിക്കാനാണ് പറഞ്ഞത്. ദേവന്‍ എഴുതിയതുപോലെ അങ്ങിനെ ആരോ ഒക്കെ ഉണ്ടന്നല്ലേ തിരുവനന്തപുരത്ത്, അവരുടെ അടുത്ത് സംസാരിക്കുന്നതാവും എന്റെ നോട്ടത്തില്‍ ആദ്യത്തെ സ്റ്റെപ്പ്.

  ReplyDelete
 35. ആവേശപൂര്‍വ്വം പങ്കെടുക്കുകയും നിര്‍ദ്ദേശങ്ങളും ആശങ്കകളും പങ്കുവയ്ക്കുകയും ചെയ്യുന്നവര്‍ക്കെല്ലാം നന്ദി. ഒന്നു രണ്ടു കണ്‍സേണുകളെപ്പറ്റി എന്റെ ചില്ലറ ചിന്തകള്‍.

  ഒന്ന്: സര്‍ക്കാരിനു കാശുണ്ടാവാം പക്ഷേ അവ വാര്‍ഷിക ബഡ്ജറ്റില്‍ മെഡിക്കല്‍ കോളെജില്‍ ഇന്ന ഇന്ന ഐറ്റത്തിനെന്ന് ഈയര്‍മാര്‍ക്ക്‌ ചെയ്യാത്തിടത്തോളം ആര്‍ക്കും സര്‍ക്കാരു കാശെടുത്ത്‌ ഇതിനു മുടക്കാന്‍ കഴിയില്ല. സുനാമി ഫണ്ടെടുത്ത്‌ ഉച്ചക്കഞ്ഞി വിതരണം നടത്താന്‍ ഭക്ഷ്യമന്ത്രിക്കും അധികാരമില്ല.

  കോര്‍പ്പറേറ്റ്‌ സ്പോണ്‍സേര്‍ഡ്‌ സഹായം നിയമം അനുവദിക്കില്ല. ജനാധിപത്യരാജ്യമല്ലേ, കമ്പനികളോട്‌ സര്‍ക്കാരുകള്‍ കൃതാര്‍ത്ഥരായിരിക്കാന്‍ പാടില്ല എന്ന കാരണമാവും.

  ആള്‍ട്ര്റ്റൂയിസ്റ്റിക്ക്‌ എന്ന സെറ്റ്‌ അപ്പില്‍ നമ്മള്‍ക്ക്‌ അനുവാദമുണ്ടോ എന്ന് സൂരജും മറ്റു ചിലരും അന്വേഷിക്കട്ടെ.

  രണ്ട്‌: ബ്ലാങ്കറ്റ്‌ ബാന്‍ ആണു ഇത്തരം സാമഗ്രികള്‍ വാങ്ങി ദാനം ചെയ്യുന്നതിനെങ്കില്‍ നമുക്ക്‌ നിവൃത്തിയില്ല. വേണ്ടെന്ന് വയ്ക്കാനേ പറ്റൂ. അതല്ല, പെര്‍മിഷന്‍, പെര്‍മിറ്റ്‌, അഫിഡാവിറ്റ്‌, ആഡിറ്റ്‌ തുടങ്ങിയ ഫോര്‍മാലിറ്റീസ്‌ ആണെങ്കില്‍ നമുക്ക്‌ അത്യാവശ്യം പേപ്പര്‍ പുഷ്‌ ചെയ്യാനുള്ള സെറ്റ്‌ അപ്പ്‌ ഉണ്ടാക്കാം. യന്ത്രങ്ങളെ ഹൌസ്‌ ചെയ്യാനും പ്രവര്‍ത്തിപ്പിക്കാനും സ്ഥകവും സ്റ്റാഫുമുണ്ടോ എന്ന മാതിരി കാര്യങ്ങള്‍ അതിനു ശേഷം അന്വേഷിച്ച്‌ ഉറപ്പ്‌ വരുത്താം

  മൂന്ന്: സി പി എം, സി പി ഐ, ബി ജെപി എന്നീ കക്ഷികളോട്‌ ഇതില്‍
  ചളമാക്കില്ലെന്ന് 100%ഉറപ്പ്‌ വാങ്ങിക്കാന്‍ കഴിവ്‌ നമുക്കുണ്ട്‌. ആരെങ്കിലും കോണ്‍ഗ്രസ്സിനെ പക്ഷത്തെ കൈകാര്യം ചെയ്യാന്‍ പറ്റുന്നവരുണ്ടോ? ഇല്ലെങ്കില്‍ അതിനുള്ള പരിപാടി കണ്ടുപിടിക്കണം.

  നാല്‌: അതല്ല ഈര്‍ക്കില്‍ പാര്‍ട്ടികളും ലോക്കല്‍ കമ്മീഷനാഗ്രഹി/ബുദ്ധികീവികളുമാണ്‌ പ്രശ്നമുണ്ടാക്കുന്നതെങ്കില്‍ അവന്മാരെ വിരട്ടിയോ കൈകാര്യം ചെയ്തോ പിരിച്ചു വിടാന്‍ സംവിധാനം നമുക്ക്‌ തിരുവനന്തപുരത്ത്‌ സെറ്റ്‌ അപ്പ്‌ ആക്കാം (തറയായാല്‍ നമ്മള്‍ കൂതറയാവൂല്ലേ)

  അഞ്ച്‌: മേല്‍ പറഞ്ഞ എല്ലാ നടപടികളും ഭംഗിയായി പൂര്‍ത്തിയായിക്കഴിഞ്ഞ ശേഷം നമ്മള്‍ ഒരു പ്രോജക്റ്റ്‌ പ്ലാനും ബഡ്ജറ്റും തയ്യാറാക്കി ഒരോ രാജ്യത്തും ബ്ലോഗര്‍മാരുടെ കോ ഓര്‍ഡിനേറ്ററെയും ആഡിറ്റ്‌ സിസ്റ്റവും സെറ്റ്‌ അപ്പ്‌ ചെയ്ത ശേഷമേ ഫണ്ട്‌ പിരിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കേണ്ട കാര്യമുള്ളു.

  ആറ്‌: നമ്മള്‍ നേരിട്ട്‌ ഒന്നും കയറി കമ്മിറ്റ്‌ ചെയ്യാതെ ഒരു എസ്ക്രോ അക്കൌണ്ട്‌ സെറ്റ്‌ ചെയ്യുകയാണു വേണ്ടത്‌. സാധനം ഇന്‍സ്റ്റാള്‍ ചെയ്ത്‌ പ്രവര്‍ത്തിപ്പിച്ച്‌ കാണിച്ച ശേഷം സപ്പ്ലയര്‍ക്ക്‌ ഡ്രോ ചെയ്യാം.


  എല്ലാവരുടെയും ആശയങ്ങളും നിര്‍ദ്ദേശ/തിരുത്തുകളും കമന്റായി എത്തി തീരുമ്പോള്‍ നമുക്ക് ഒരു ഫീസിബിലിറ്റി സ്റ്റഡി നടത്താം

  ReplyDelete
 36. ഉറക്കം തൂങ്ങി അടിച്ചതു മുഴുവന്‍ അക്ഷരത്തെറ്റ്.

  ഇടിവാളേ തിരുവനന്തപുരത്തു നിന്നു തുടങ്ങട്ടോഎന്നു ചോദിച്ചത് ഒരു ഫൂള്‍ പ്രൂഫ് പരിപാടി ഉരുത്തിരിയാന്‍ അവിടെ നമ്മുക്ക് കൂടുതല്‍ എളുപ്പമാണെന്ന ഒരു ഊഹത്തിലാണേ, എവിടെയായാലും നമുക്ക് സന്തോഷം തന്നെ. വൃധാവ്യായാമമാവരുതെന്നേയുള്ളു. (പിന്നെ കാശ്. അത് പിരിക്കുന്നത് നമ്മളാണെങ്കില്‍ നമ്മള്‍ വിചാരിക്കുന്നതു തന്നെ നടക്കും. ഒരു നിധിയിലും വിധിയിലും പോവൂല്ലാന്ന് നൂറേല്‍ നൂറുറച്ചിട്ടേ കാശിന്റെ കാര്യം ആലോചിക്കാവൂ)

  ReplyDelete
 37. സംഭാവനക്കും സഹകരണത്തിനും തയ്യാറാണു്.

  ഇവിടുത്തെ (ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്തെ) പല പ്രമുഖ കമ്പനികളും ജീവനക്കാരന്‍ സംഭാവന ചെയ്യുന്ന അത്രയും തുക സംഭാവന ചെയ്യുന്നവരാണു്. അതിനു് അല്പം ഫോര്‍മാലിറ്റി ഉണ്ടെന്നു മാത്രം. ഏറ്റവും പ്രധാനപ്പെട്ടതു്, സംഭാവന ഒരു ചാരിറ്റമിള്‍ ഓര്‍ഗനൈസേഷന്‍ വഴി ആയിരിക്കണമെന്നതാണു്. ഷിക്കാഗോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെയര്‍ ആന്‍ഡ് ചെയര്‍ എന്ന സംഘടന വഴിയാണു് ഇതു് ചെയ്യാറുള്ളതു്. ഇതു് മലയാളിയാല്‍ നടത്തപ്പെടുന്ന സംഘടനയാണു്. വളരെ വിശ്വാസ്യമായതുമാണു്.

  പറഞ്ഞു വരുന്നതു്, അമേരിക്കയിലുള്ള സന്നദ്ധരായ ബ്ലോഗര്‍മാര്‍ക്കു് ഈ സംഘടനവഴി സംഭാവന ചെയ്യാവുന്നതാണു്. പലപ്പോഴും മാചിംഗ് ഫണ്ട് കിട്ടുമെന്നതിനാല്‍ നമ്മുടെ ‍സംഭാവന അധികരിപ്പിക്കാന്‍ ഇതിലും നല്ല മാര്‍ഗമില്ല. കൂടുതല്‍ വിവരങ്ങള്‍ തരാന്‍ ഞാന്‍ തയ്യാറാണു്.

  (എനിക്കു് വ്യക്തിപരമായി ഈ സംഘടനയോടു് യാതൊരു ബന്ധവുമില്ല എന്നു കൂടി പറഞ്ഞു കൊള്ളട്ടെ.)

  ReplyDelete
 38. തിരുത്തു്: മുകളില്‍ സൂചിപ്പിച്ച സംഘടനയുടെ പേരു് കെയര്‍ ആന്‍ഡ് ഷെയര്‍ എന്നാണു്. അവരുടെ വെബ്സൈറ്റ്.

  ReplyDelete
 39. മെഡിക്കല്‍ കോളേജുകളില്‍ സന്നദ്ധ സംഘടനകള്‍ വാര്‍ഡുകളും മറ്റും പണിഞ്ഞ് കൊടുത്തിരിക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങിനെയാവാമെങ്കില്‍, ഉപകരണങ്ങള്‍ സംഭാവനയായി സ്വീകരിക്കുന്നതിന്‌ തടസ്സം ഉണ്ടാവുമോ?

  ഇനി, അങ്ങിനെയൊരു കീറാമുട്ടി ഉണ്ടെങ്കില്‍ തന്നെ, മെഡി. കോളെജ് കാമ്പസ്സിനുള്ളില്‍ ഒരു ചാരിറ്റി സംഘടനയുടെ കീഴില്‍ എന്നപോലെ ഇത് രൂപികരിക്കാന്‍ കഴിയുമോ? വെന്റിലേറ്റര്‍ പോലുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ പ്രാധാന്യവും, ഏതു സ്മയവും ഡോക്റ്റര്‍മാരുടെ മേല്‍നോട്ടം വേണ്ടതിന്റെ ആവശ്യകതയും മനസ്സിലാക്കിക്കൊണ്ടു തന്നെ ചോദിക്കുന്നതാണ്‌.

  ReplyDelete
 40. വളരെ കോം‌പ്ലിക്കേറ്റഡ് ആയുള്ള മിഷന്‍ ആണിതെന്നു തോന്നുന്നു.
  പക്ഷേ ഒരിക്കല്‍ക്കൂടി ആര്‍ക്കും തോന്നാത്ത വളരെ നല്ല ഒരു ആശയമായി വന്നതിന് ദേവേട്ടാ
  എന്റെ കൂപ്പ് കൈ.

  എന്റെ ചില ചിന്തകള്‍:
  ഫ്രീ ആയ സംഭാവനകള്‍ സ്വീക‌രിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വിലക്കുള്ളതിനെ കുറ്റമായിപ്പറയാന്‍ പറ്റില്ല. അങ്ങിനെ വന്നാല്‍, പല പ്രൈവറ്റ് മെഡിക്കല്‍ എക്വിപ്പ്മെന്റ് ഭീമന്മാരും സന്നദ്ധസംഘടനകള്‍ വഴി എന്ന ലേബലില്‍ അവരുടെ എക്വിപ്പ്‌മെന്റ് അവിടേയെല്ലാം സ്ഥാപിച്ച് കളയും! പിന്നെ അപ്‌ഗ്രേഡ്, മൈന്റനന്‍സ്, പിന്നെ സര്‍‌വ്വോപരി നാളത്തെ ബിസിനസ്സിന് ഇന്ന് കാല്‍ വയ്കാന്‍ ചെറിയ ഒരിടം (ഒട്ടകത്തിനുറങ്ങാന്‍ സ്ഥലം പോലെ) എന്ന പല ഗൂഡ ഉദ്ദേശ്യങ്ങളും അതിനു പിന്നില്‍ കാണും. അതാണ് അങ്ങിനെ റെസ്ട്രിക്ഷന്‍ ഉള്ളെതെന്ന് തോന്നുന്നു.
  പക്ഷേ എങ്ങിനെ വന്നാലും മെഡിക്കല്‍ കൊളേജിന് വെന്റിലേറ്റര്‍ വാങ്ങാന്‍ അംഗീകൃതമായ ഒരു പ്രൊസീഡിയര്‍ ഉണ്ടാവുമല്ലോ. അത് അവര്‍ ചെയ്യട്ടെ, കാശ് നമ്മള്‍ കൊടുക്കാം എന്ന് പറഞ്ഞാല്‍ ഒരു പക്ഷേ സമ്മതിക്കുമായിരിക്കും. അതായത്, ഫണ്ടിംഗ് മാത്രം പുറത്ത് നിന്ന്, റ്റെന്‍ഡറിംഗ്, വെന്‍ഡര്‍ സെലെക്ഷന്‍, സെര്വ്വീസ് എഗ്രിമെന്റ് എല്ലാം സര്‍ക്കാര്‍/മെഡിക്കല്‍ കോളേജ് മുറ പോലെ.

  പത്ത് ലക്ഷം ചില്ലറകാര്യമല്ല. ഞാനൊന്നും അത്രയും കാശ് ജീവിതത്തില്‍ കാശായി കണ്ടിട്ടില്ല. മുടക്കുന്നത് പാഴാവാതെ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു എന്നും ഉറപ്പാക്കണം. അതു കൊണ്ട്, ഈ പ്രൊജെക്റ്റ് ഒരു ലോംഗ് റ്റേം പ്രൊജെക്റ്റ് ആയി പോവേണ്ടത് നന്നായിരിക്കും എന്ന് തോന്നുന്നു. നാടിന് ആവശ്യമുള്ള മെഡിക്കല്‍ ഇന്‍ഫ്രാ‌സ്‌ട്രച്ചര്‍ ആയിരിക്കട്ടെ, ഈ പ്രൊജെക്റ്റിന്റെ ഉദ്ദേശ്യം. അങ്ങിനെ വന്നാല്‍ ഒരു വെന്റിലേറ്ററില്‍ ഒതുക്കാതെ പല സ്ഥലത്തും പലതും ചെയ്യാന്‍ നമുക്ക് കഴിഞ്ഞേക്കും. അതിന് നല്ലൊരു ഇന്‍ഫൊര്‍മേഷന്‍ സോഴ്സ് ആയി ഒരു ഡെഡിക്കേറ്റഡ് വെബ്‌സൈറ്റ് ഉണ്ടാക്കിയാല്‍ നന്നായിരിക്കുമോ?
  ഉദാഹരണത്തിന് www.saveamalayaleeslife.org എന്നൊക്കെ മിഷന്‍ സ്റ്റേറ്റ്‌മെന്റ് വ്യക്തമാക്കുന്ന നിലക്ക് ഒരു വെബ്സൈറ്റ്? ബൂലോഗ കാരുണ്യത്തിന്റെ മേല്‍‌നോട്ടത്തില്‍? ബ്ലോഗര്‍മാരല്ലാത്ത പലരും ഇതറിയാനും, ഇത്തിരി‍കൂടി ലാര്‍ജ്‌സ്കെയില്‍ ആകാനും ഇത് ഉതകും എന്ന് തോന്നുന്നു. (കാരണം ബൂലോഗ കാരുണ്യ ബ്ലോഗില്‍‍ ഈ പോസ്റ്റിനു മേല്‍ വേറെ ഏതെങ്കിലും അത്യാവിശ്യ പോസ്റ്റ് വന്ന് ഇത് ക്രമേണ വിസ്മൃതിയില്‍ ആവാനുള്ള ചാന്‍സ് കാണുന്നു). പിരിവ് അല്പം സമയം എടുത്താലും ഈ വിഷയത്തിന്റെ പ്രസക്തിയും നമ്മുടെ ഫോക്കസ്സും നഷ്ടപ്പെടാതെ ഇരിക്കും എന്ന് തോന്നുന്നു.മാത്രമല്ല, ഇതിന് വലിയൊരു ലാര്‍ഹ് സ്കെയില്‍ പാര്‍ട്ടിസിപ്പേഷന്‍ ആവശ്യവുമല്ലേ?

  സംഭാവന അവസാന സ്റ്റെപ്പ് ആണ്. വളരെ വലിയ ഒരു മിഷനാണ് ഇതെന്നതിനാല്‍ ദേവേട്ടന്‍ സൂചിപ്പിച്ച ഫീസിബിലിറ്റി സ്റ്റഡിയുടെ ഫലങ്ങള്‍ അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  ഒരിക്കല്‍ കൂടി, ഈ വലിയ ഉദ്ദ്യമത്തിനും അതിന്റെ പിന്നിലെ മനസ്സുകള്‍ക്കും എന്റെ നമസ്കാരം.

  എന്റെ പരിധിക്കുള്ളില്‍ ഉള്ള എന്തു റിസോഴ്സും ഇതിലേക്ക് സസന്തോഷം വാഗ്ദാനം ചെയ്യുന്നു.

  ReplyDelete
 41. പത്രത്തില്‍ പടം വരാന്‍ വേണ്ടിയും പേരു കിട്ടാന്‍ വേണ്ടിയും ജീവ പര്യന്തത്തിനും, വധ ശിക്ഷക്കും വിധിക്കപ്പെട്ടു കിടക്കുന്നവരെ രണ്ടു ദിവസം കൊണ്ട് നിരപരാധി എന്നു വിളിച്ചു പത്തും ഇരുപതും ലക്ഷം രൂപ പിരിച്ചു മാപ്പു മേടിക്കാന്‍ കഴിയുന്ന ഉമ്മനും രവിയും മറ്റു ഗള്‍ഫ് മുതലാളി പന്നന്മാരും ഉള്ളപ്പോള്‍ വണ്ടി ഇടിച്ചും അസുഖം ബാധിച്ചും മറ്റും ജീവ ശ്വാസം കിട്ടാന്‍ വേണ്ടി രണ്ടു വെന്റിലേറ്റര്‍ മെഡിക്കല്‍ കോളേജില്‍ മേടിച്ചു വക്കാന്‍ ബൂലോഗരോ???

  ഫൊക്കാന മോന്മാര്‍ ശേഖരിച്ച സാധനങ്ങളുടെ ക്വാളിറ്റിയേ കുറിച്ചും മറ്റും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു എങ്കിലും അവര്‍ അയച്ചത് സ്വീകരിക്കാന്‍ കൂടി ആരും തയ്യാറായില്ല നാട്ടില്‍. സാധനം തുരുമ്പെടുപ്പിച്ചു കളയിച്ചു.

  ഏതെങ്കിലും അവശര്‍ക്ക് നേരിട്ടു കാശെത്തിക്കുന്ന പരുപാടി ആണെങ്കില്‍ ഞാന്‍ എനിക്കു കഴിയുന്ന സഹായങ്ങള്‍ ചെയ്യാം എന്നു ഉറപ്പു നല്‍കുന്നു. ഒന്നുമല്ലേലും ഇച്ചിരി പുണ്യം കിട്ടുമല്ലോ.

  ReplyDelete
 42. നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴത്തെ ജോലിയും അതിന്റെ സമയവും ഒരു തടസ്സമാവുന്നു എന്നു അറിയിക്കുന്നു. എല്ലാം ശരിയായി വരുമ്പോള്‍ എന്നാല്‍ കഴിയുന്ന സഹായം എന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതാണ്.

  ReplyDelete
 43. ഇത് ഡിസ്കസ്സ് ചെയ്തോന്നറിയില്ല.
  ഇത്രയും തുകയൊക്കെ അതും ഗവര്‍മെന്റ് സ്ഥാപനത്തിന് കൊടുക്കുമ്പൊല്‍ നോണ്‍‌പ്രൊഫിറ്റ് സോസിഅറ്റി, ചാരിറ്റബിള്‍ ട്റസ്റ്റ് ഒക്കെയായി ബൂലോഗകാരുണ്യം റെജിസ്റ്റര്‍ ചെയ്യേണ്ടേ ദേവേട്ടാ?
  കണ്ണൂസ്‌ജി പറഞ്ഞത് പോലെ നിലവിലുള്ള ഒരു സംഘടനയുടെ പേരില്‍ സഹായം കൊടുക്കാനും ആലോചിക്കാവുന്നതാണ്.

  ReplyDelete
 44. നല്ല ഉദ്യമം. കുറച്ച് പേരുടെ സഹായം സ്വന്തം നിലയിലും ശ്രമിക്കാം.

  ReplyDelete
 45. കമന്റുകള്‍ മുഴുവന്‍ വായിച്ചില്ല.

  വിഷയത്തിന്റെ പ്രസക്തി മനസിലായി. എന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ഞാനും വാഗ്ദാനം ചെയ്യുന്നു. സംരംഭം വിജയിക്കട്ടെ എന്നു പ്രാര്‍ത്ഥിയ്ക്കുന്നു, ആശംസിയ്ക്കുന്നു.

  ഇക്കാസോ, തമ്മനും എന്നിവരുടെ ആശങ്കകളില്‍ ഞാനും പങ്കുചേരുന്നു. ജീവന്‍‌രക്ഷാഉപാധി എന്ന നിലയില്‍ വെന്റിലേറ്ററിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സാമ്പത്തികമായ പ്രശ്നമുണ്ടാവുമെന്നു തോന്നുന്നില്ല്ല. എന്നു തന്നെയല്ല ഇത്തരം ഒരാവശ്യമായി ആരെങ്കിലും മുന്‍പോട്ടുവന്നാല്‍ സഹകരിയ്ക്കാന്‍ സ്വകാര്യവ്യക്തികളും സന്നദ്ധസംഘടനകളും മുന്‍പോട്ടൂ വരികയും ചെയ്യും.

  ഈ പ്രശ്നത്തില്‍ പണമല്ല കാര്യക്ഷമതയാണ് പ്രശ്നം എന്നാണ് എന്റെ അഭിപ്രായം.

  എല്ലാവിധഭാവുകങ്ങളും നേരുന്നു.

  ReplyDelete
 46. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് വിലയേറിയ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിക്കൊടുക്കുന്നത്താല്‍ അവ എത്ര നാള്‍ ഉപയോഗിക്കും എങ്ങനെ ഉപയോഗിക്കും എന്നീ ആശങ്കകള്‍ ബാക്കി നില്‍ക്കുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഇപ്പോള്‍ തന്നെ ആവശ്യത്തിനു സ്റ്റാഫില്ല. ഉള്ളവരില്‍ ‍പലര്‍ക്കും ജോലിഭാരം ഇപ്പോള്‍ തന്നെ കൂടുതലാണ്. അവര്‍ക്കാര്‍ക്കും പുതിയ ഒരു ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ കാര്യമായ താത്പര്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല. പല മെഡിക്കല്‍ കോളജുകളിലും തുരുമ്പെടുത്ത ഉപകരണങ്ങള്‍ ഇഷ്ടമ്പോലെയുണ്ട്. എറണാംകുളം ജെനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറി നവീകരിക്കാന്‍ ലെനിന്‍ രാജേന്ദ്രന്‍ മരിക്കുന്നതിനു മുമ്പ് സര്‍ക്കാരിലേല്‍പ്പിച്ച രണ്ടുലക്ഷം ഇന്നും അവിടെ കിടക്കുകയാണ്. പൈസ ഉണ്ടായാല്‍ പോലും ചെയ്യാന്‍ മടി. അഥവാ എന്തെങ്കിലും ചെയ്താല്‍ തന്നെ അതിന്റെ മെയിന്റനെന്‍സും ഇല്ല. ഫലം നമ്മള്‍ കഷ്ടപ്പെട്ട് പിരിച്ചെടുത്ത് സ്ഥാപിക്കുന്ന ഉപകരണങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ തുരുമ്പെടുക്കും.

  അതുകൊണ്ട്, സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് കൊടുക്കുന്നതിനു പകരം സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് നല്‍കി, സൌജന്യമായി പാവപ്പെട്ട രോഗികള്‍ക്ക് ഈ ഉപകരണങ്ങളുടെ സേവനം നല്‍കുന്നതായിരിക്കില്ലേ നല്ലത് ? സ്വകാര്യമെഡിക്കല്‍ കോളജുകളില്‍ ഇപ്പോള്‍ തന്നെ സൌജന്യ ചികിത്സയും വാര്‍ഡുകളുമുണ്ടെന്നാണ് അറിയുന്നത്. ഒരു കരാറടിസ്ഥാനത്തില്‍ നല്‍കുകയാണെങ്കില്‍ മെയിന്റെനന്‍സും മറ്റു അനുബന്ധ ജോലികളും അവര്‍ തന്നെ ചെയ്യും. ഇടയ്ക്ക് ഒരു മോണിറ്ററിങ് മതിയാവും. എന്റെ എളിയ ഒരു അഭിപ്രായമാണ്.

  ReplyDelete
 47. ഇതിനോടൊപ്പമോ, അതല്ല, ഇതല്ലെങ്കില്‍ വേറെന്ത് എന്നതിനായിട്ടോ ചെയ്യാവുന്നതായിട്ട് എനിക്ക് തോന്നിയത്:

  ഇക്കാസും മറ്റും പറഞ്ഞതുപോലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഒരു ഉപകരണം സ്ഥാപിക്കുന്നതിനെക്കാള്‍ പ്രയാസമുള്ള കാര്യമായി തോന്നുന്നത് അതിന്റെ നടത്തിപ്പാണ്. പദ്ധതി മുടക്കാനും അതിന്റെ നടത്തിപ്പിന് തടസ്സം വരുത്താനുമുള്ള സ്ഥാപിത താത്‌പര്യക്കാര്‍ മുതല്‍ ജീവനക്കാരുടെ അപര്യാപ്തത/താത്പര്യമില്ലായ്മ, തുടങ്ങി ധാരാളം കാരണങ്ങള്‍ കാണും അവയുടെ നേരാംവണ്ണമുള്ള ഉപയോഗത്തിന് തടസ്സമായി. അതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നായി എനിക്ക് തോന്നുന്നത് ആവശ്യക്കാര്‍ തന്നെ അതിന്റെ നടത്തിപ്പ് മോണിറ്റര്‍ ചെയ്യുക എന്നതാണ്-അതായത് പാവപ്പെട്ട/ സാധാരണക്കാരായ ആവശ്യക്കാര്‍.

  അതായത് ബ്ലോഗര്‍മാര്‍ വഴിയോ അല്ലാതെയോ ഒരു ഉപകരണം മെഡിക്കല്‍ കോളേജിന് സംഭാവന ചെയ്തു എന്ന് കരുതുക. അത് എയര്‍പ്പോര്‍ട്ട്/സീപ്പോര്‍ട്ടില്‍ വരുന്നത് മുതല്‍ അത് സ്ഥാപിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ മാത്രം മോണിറ്റര്‍ ചെയ്താല്‍ പോര, അതിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും അത് കേടായാല്‍ ഉടന്‍ നന്നാക്കാനുള്ള കാര്യങ്ങളും ആരെങ്കിലും അതിന് എപ്പോഴെങ്കിലും പാരവെയ്ക്കുന്നുണ്ടെങ്കില്‍ ആ കാര്യങ്ങളും യഥാസമയം മോണിറ്റര്‍ ചെയ്യാനും അറിയിക്കേണ്ടവരെ അറിയിക്കാനും അതിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പ് വരുത്തുന്നതിനും ഒന്നോ രണ്ടോ അതില്‍ കൂടുതലോ ഫുള്‍ ടൈം ആള്‍ക്കാര്‍ തന്നെ വേണ്ടിവരും. അപ്പോള്‍ അങ്ങിനെയൊരു സെറ്റപ്പും കൂടി/അല്ലെങ്കില്‍ ആദ്യം അങ്ങിനെയൊരു സെറ്റപ്പ് ഉണ്ടാക്കാന്‍ പറ്റുമോ?

  ഇത് ഒരു പാരലല്‍ സംവിധാനമായി മെഡിക്കല്‍ കോളേജിന്റെ ഭരണകാര്യങ്ങളിലെ ഇടപെടലായി മാറാനും പാടില്ല. നിയമപരമായി അത് സാധിക്കില്ല. ഒന്നോ രണ്ടോ പേരെ കോണ്ട്രാക്ട് അടിസ്ഥാനത്തില്‍ നിയമിക്കാനുള്ള സംവിധാനവും അവര്‍ക്ക് ശമ്പളം കൊടുക്കാനും മറ്റും...

  (എഴുതി വന്നപ്പോള്‍ നടക്കുന്ന ഒരു സംഗതിയായി തോന്നുന്നില്ല. ഒരു ജോലി കൊടുക്കുക എന്ന് പറഞ്ഞാല്‍ മാസാമാസം ശമ്പളം, പിന്നെ അതിന്റെ പുലിവാലുകള്‍... ആര് ചെയ്യും? എങ്ങിനെ ചെയ്യും?... എന്തായാലും കമന്റ് ഇവിടെ കിടക്കട്ടെ)

  ഒരു ഉപകരണം സംഭാവനായായി കൊടുക്കുന്നത് പോലെയോ അതിലുമോ ബുദ്ധിമുട്ടാണ് അതിന്റെ നടത്തിപ്പും അതിന്റെ പ്രയോജനം കിട്ടേണ്ടവര്‍ക്ക് കിട്ടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതും. എങ്ങിനെയെല്ലാം സാധിക്കാം അത് എന്നും‌കൂടി നമുക്ക് ആലോചിക്കണമെന്ന് തോന്നുന്നു. ഒരു ഫുള്‍ ടൈം മോണിറ്ററിംഗ് അതിന്റെ എല്ലാ മേഖലയിലും-നമ്മുടെ ഇന്‍പുട്ടുകളോടും കൂടി. നടക്കുമോ? നടക്കേണ്ടതുണ്ടോ?

  എല്ലാവിധ ആശംസകളും.

  ReplyDelete
 48. ഫൊക്കാനയുടെ എക്വിപ്മെന്റ്സ് നശിച്ചു പോയത് നിര്‍ഭാഗ്യകരം! സച്ചിന്‍ ടെന്‍ഡുല്‍കറിനു ഫെരാരി കസ്റ്റം ഡ്യ്യൂട്ടി ഇല്ലാതെ ഇറക്കാന്‍ നോക്കിയ നാട്ടിലാണിതു സംഭവിച്ചത്. കഷ്ടം.

  പക്ഷേ, നാട്ടില്‍ നിന്നു തന്നെ വാങ്ങിയാല്‍ ഇമ്പോര്‍ട്ട്/കസ്റ്റംസ് കോമ്പ്ലിക്കേഷന്‍ ഇല്ലല്ലോ? 1-2 നല്ല ഇന്റര്‍നാഷണല്‍ വെന്റിലേറ്റര്‍ മാനുഫാക്ചുറേര്‍സ് ഇന്‍ഡ്യയില്‍ തന്നെ മാനുഫാക്ച്വറിങ്ങ് നടത്തുന്നുണ്ട്..ബാംഗ്ലൂരില്‍.. അതാവുമ്പോ ഇത്ര കോമ്പ്ലിക്കേഷന്‍സ് ഇല്ലല്ലോ? പിന്നെ, അവര്‍ തന്നെ പല എക്സിബിഷനുകളിലും ഉപയോഗിച്ച “ഡെമോ” യൂണിറ്റുകള്‍ 50% വിലക്കു ലഭിക്കുമെന്നാണു എന്റെ വിശ്വാസം. (പരിചയം വച്ച്)

  പക്ഷേ, ആദ്യത്തെ സ്റ്റെപ് എന്നത്, നാം ഡൊനേറ്റ് ചെയ്ത മഷീന്‍സ് മെഡിക്കല്‍ കോളേജുകാല്‍ ആക്സപ്റ്റ് ചെയ്യുമോ എന്നാണ്! അതു ഓക്കേയാണേല്‍ പിന്നെ വല്യ പ്രശ്നമില്ല...

  പിന്നെ..ഇന്‍സ്റ്റലേഷന്‍ / മെയ്ന്റനന്‍സ് ..അത്ര വല്യ ഇഷ്യൂ ഒന്നുമല്ല. ഇന്‍സ്റ്റലേഷന്‍+ട്രെയ്നിങ്ങ് എന്നത് കമ്പനിക്കാര്‍ (സപ്ലൈര്‍) ചെയ്യണം എന്ന ഒരു ക്ലോസ് വച്ചാല്‍ മതി... (ഇല്ലേല്‍ ഞാന്‍ ചെയ്യാന്നേ.. ഒരു വെന്റിലേറ്ററല്ലേ ;) )

  മെയ്നറനന്‍സിനു, ഓരോ ഹോസ്പിറ്റലിനും അവരുറ്റെ ഇന്‍-ഹൌസ് ബയോമെഡിക്കല്‍ എഞ്ചിനീയറു കാണും.. മെയ്ന്റനന്‍സ് എന്നത് അത്ര വല്യ ഇഷ്യൂ ആണെന്നു എനിക്ക് തോന്നുന്നില്ല.\\

  ആണെങ്കില്‍, അതിനും നമുക്ക് വഴിയുണ്ടാക്കാന്നേ...

  ReplyDelete
 49. ഒരു ചെറ്യേ ഓ.ടോ:

  വക്കാര്യേ.. എവിട്യാ ഇഷ്റ്റാ? കണ്ടതില്‍ സന്തോഷം!

  ReplyDelete
 50. ഒരു പ്രവാസിയായതിന്റെ തെറ്റിദ്ധാരണകളായിരിക്കാം.. പക്ഷേ അഭിപ്രായമാണേ..

  ബ്ലോഗര്‍മാര്‍ ഒറ്റക്കു ചെയ്യുന്നതിലും നല്ലത് “നാട്ടിലുള്ള’ ചില ചാരിറ്റി ഓര്‍ഗനൈസേഷനുകളുമായി ഡിസ്കസ് ചെയ്തു കൂടെ നമുക്കിത്?

  ആര്‍ട്ട് ഓഫ് ലിവിങ്ങ് ആള്‍ക്കാരെ പറ്റി എന്താനു അഭിപ്രായം? സുനാമി പുനരധിവാസത്തില്‍ അവര്‍ വളാരേയധികം നല്ല കാര്യങ്ങള്‍ ചെയ്തെന്നാനു കേട്ടറിവ്. അതുപോലെ തന്നെ ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ദുബൈ വളണ്ടിയേഴ്സും പാവപ്പെട്ടവരെ സഹായിക്കുന്നതില്‍ വളരേ ആക്റ്റീവ് ആണെന്നും അറിയാം..

  ഇവരുറ്റെ ട്രിവാന്‍ഡ്രം ടീമുമായി നല്ല ബന്ധമുള്ള ആരെങ്കിലുമുണ്ടോ? ബ്ലോഗര്‍മ്മാരല്ലാത്ത ചില ആര്‍ട്ട് ഓഫ് ലിവിങ്ങ് ദുബൈ വളണ്ടിയേഴ്സുമായി ഞാന്‍ ഇതു ഡിസ്കസ് ചെയ്യാം, ഒരു പക്ഷേ അവര്‍ക്ക് കാര്യമായി എന്തേലും ചെയ്യാനാവും! ഒരു കലക്റ്റീവ് എഫര്‍ട്ട് ആയിരിക്കും ഉചിതം എന്നു തോന്നുന്നു...

  ദേ ഇതു പോലുള്ള ( http://itival.blogspot.com/2006/08/blog-post_21.html ) ആപ്പ ഊപ്പ ചാരിറ്റിക്കാരുമായി കോപ്പറേറ്റു ചെയ്യാതിരിക്കുന്നതാAഉ നല്ലത്. അല്ലെങ്കില്‍ പണ്ടു സീതിഹാജി പറഞ്ഞ മാതിരി ആവും! ;)

  എന്റെ പോസ്റ്റിന്റെ പരസ്യം ഇവിടെ പതിച്ചതിനു മാപ്പ്..പക്ഷേ അനുചിതമല്ല എന്നു തോന്നിയതിനാലാണിതു ചെയ്തത്!

  ReplyDelete
 51. ശോ.. ഈ വി.എം ഞാന്‍ തന്ന്യാട്ടോ ;)

  സസ്നേഹം ഇടിവാള്‍

  ReplyDelete
 52. അരവിന്ദ്ജീ പറഞ്ഞ മാതിരി ഒരു വെബ്സൈറ്റ്‌ തുടങ്ങുന്നത്‌ നന്നായിരിക്കും എന്നാണ്‌ എന്റെ അഭിപ്രായം. അതുപോലെ അതുല്യേച്ചി പറഞ്ഞ പോലെ ഒരു അക്കൗണ്ട്‌ തുടങ്ങിയാല്‍ പണം അയക്കുന്നത്‌ എളുപ്പമാവും. എന്തായാലും അപ്ഡേറ്റ്‌സ്‌ അറിയിക്കുമല്ലോ?
  എല്ലാവരും അവരുടെ ഫ്രണ്ട്സ്‌ സര്‍ക്കിളില്‍ സര്‍ക്കുലേറ്റ്‌ ചെയ്താല്‍ ഇതിന്‌ നല്ല പ്രചാരം നല്‍കാന്‍ സാധിക്കും.

  ReplyDelete
 53. കണ്ണൂസ്‌ജി പറയുന്നപോലെ വേറൊരു സംഘടനയുടെ പേരില്‍ സംഭാവന കൊടുത്താല്‍ ബൂലോഗ കാരുണ്യത്തിന് എന്താണ് പ്രസക്തി?

  നമുക്കു ചെയ്യാന്‍ ഏറ്റവും നല്ല കാര്യം ബൂലോഗ കാരുണ്യത്തെ ഒരു ട്രസ്‌റ്റ് ആക്കി മാറ്റുകയാണ്, ബ്ലോഗര്‍‌മാര്‍ ഇതിനെ ഒരു ചാരിറ്റി പ്രവര്‍ത്തനം മാത്രമായിട്ടാണ് കാണുന്നതെങ്കിലും പുറത്തു നിന്നും ധനസഹായം ലഭിക്കാന്‍ ട്രസ്‌റ്റ് എന്ന മേല്‍‌വിലാസം സഹായിക്കുമെന്ന് കരുതാം

  ഓ.ടോ: അണ്ണാറക്കണ്ണനുംതന്നാലായത് എന്ന പോലെ..എന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ഞാനും ചെയ്യാം .താഴെ കൊടുത്ത മൂന്ന് ഐ.ഡികളിലും ഞാന്‍ മെസ്സേജ് അയച്ചിട്ടുണ്ട് പരിഗണിക്കുമല്ലോ?

  ReplyDelete
 54. കുട്ടന്‍ മേനോന്‍ പറഞ്ഞതുപോലെ സ്വകാര്യആശുപത്രികളുമായി സഹകരിയ്ക്കുന്നതാണ് പ്രായോ‍ഗികം എന്നു തോന്നുന്നു.

  ReplyDelete
 55. ബൂലോകകാരുണ്യത്തില്‍ അംഗമാ‍മാകാന്‍ താത്പര്യമുള്ളവര്‍ അവരവരുടെ ഇമെയില്‍ ഐഡി സമേതം ഇവിടെ ഒരു കമന്റ് വക്കാന്‍ അപേക്ഷ

  ReplyDelete
 56. സൂരജിന്റെ ആധികാരികവും വസ്തുനിഷ്ടവുമായ ഒരു പഠന റിപ്പോര്‍ട്ടു പ്രതീക്ഷിക്കുന്നു.
  വളരെ നല്ല ഒരു മിഷന്‍.
  എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നു.
  പണം ഒരു പ്രശനമാവില്ല. പക്ഷെ പരിപാലനമാണു പ്രശ്നമാവുകയാണെന്നാണു എന്റെ തോന്നല്‍.

  ReplyDelete
 57. Kuttan Menon

  "എറണാംകുളം ജെനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറി നവീകരിക്കാന്‍ ലെനിന്‍ രാജേന്ദ്രന്‍ മരിക്കുന്നതിനു മുമ്പ് സര്‍ക്കാരിലേല്‍പ്പിച്ച രണ്ടുലക്ഷം ഇന്നും അവിടെ കിടക്കുകയാണ്." Is it true?

  ReplyDelete
 58. This comment has been removed by the author.

  ReplyDelete
 59. ഒരു ചാരിറ്റി സ്ഥാപനത്തെ നമ്മള്‍ സ്വരൂപിച്ച ഫണ്ട് ഏല്പ്പിക്കുക എന്നതല്ല, ഇങ്ങനെ ചാരിറ്റി സ്ഥാപനങ്ങള്‍ക്ക് മെഡിക്കല്‍ കോളെജ് കാം‌പസില്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഉണ്ടെങ്കില്‍ അവിടെ നമ്മുടെ മെഷീന്‍ സ്ഥാപിക്കുക എന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചത്. അത് ബൂലോഗകാരുണ്യത്തിന്റെ പേരില്‍ തന്നെ ആവാമല്ലോ. ജീവന്‍ രക്ഷാ ഉപകരണം ആയതിനാല്‍ എപ്പോഴും ഡോക്റ്റര്‍മാരുടെ ശ്രദ്ധയും സേവനവും ഉറപ്പു വരുത്തണം എന്നു മാത്രം.

  അനോണി, ലെനിന്‍ രാജേന്ദ്രന്‍ ആയിരിക്കില്ല നവാബ് രാജേന്ദ്രന്‍ ആയിരിക്കും കുട്ടന്‍‌മേനോന്‍ ഉദ്ദേശിച്ചത്.

  ReplyDelete
 60. കമന്റ്കള്‍ കിട്ടാന്‍

  ReplyDelete
 61. അനോനി, ഒരു പിശകായിരുന്നു. നവാബ് രാജേന്ദ്രന്‍ !!. (രണ്ടിനും താടിയുള്ള കാരണം തെറ്റി വന്നതാണേ.. പൊറുക്കുക.)

  ReplyDelete
 62. ഇവിടെ ഒന്നു കൂടേ ഓര്‍ക്കണം ഒരു മെഷീന്‍ (എന്തു യന്ത്രവുമാകട്ടെ) അത് നല്ല രീതിയില്‍ പരിപാലിക്കുന്നില്ലെങ്കില്, അതു കൊണ്ട് ഉദ്ദേശിച്ച പ്രയോജനമുണ്ടാകുന്നില്ല, നമ്മുടെ സര്‍ക്കാര്‍ സര്‍വീസുകളീലെ പ്രശ്നവുമതാണ്‌, ഒരു ക്വാര്‍ട്സ് ക്ലോക്ക് ആരെങ്കിലും സംഭാവന ചെയ്തു എന്നിരിക്കട്ടെ, അതിലെ ബാറ്റെറി തീരുമ്പോ മാറ്റിയില്ലെങ്കിലെന്തു പ്രയോജനം? പത്ത് ലക്ഷമോ പത്ത് രൂപയോ എന്നതല്ല, അതുപയോഗിക്കുന്നവര്‍ കൂടി ആത്മാര്‍ഥതകാട്ടണം, അതുപയോഗിക്കാന്‍പഠിക്കാനെങ്കിലും. നമ്മുടെ നാട്ടിന്റെ ശാപമാണത്. ഇപ്പൊ ഞാനടക്കം എല്ലാരും ഇതുമായി സഹകരിക്കാന്‍ തയാറാണ്, എല്ലാരും ചേര്‍ന്ന് ആവശ്യമായ ഒരു യന്ത്രം വാങ്ങിക്കൊടുത്തെന്നിരിക്കട്ടെ, രണ്ട് വര്‍ഷം കഴിഞ്ഞൊന്നു ചെന്നു നോക്കുക, അപ്പൊ വീണ്ടും പിരിവെടുത്ത് വാങ്ങേണ്ട അവസ്ഥയിലായിരിക്കും, അല്ലെങ്കിലേതെങ്കിലുമൊരു രോഗി മരിച്ചെന്നിരിക്കട്ടെ കൂടെയുള്ളവര്‍ കൈത്തരിപ്പു തീറ്ക്കാഅന്‍ ഉടന്‍ കൈവെക്കുന്നത് ഇത്തരം യന്ത്രങ്ങളിലും മറ്റുമാണ്. ഇത്തരക്കാരെ എങ്ങനെ ബോധവല്ക്കരിക്കും എന്നതാണ്‍ പ്രശ്നം, കണ്ടില്ലെ ഹെല്മറ്റ് ഉപയോഗിക്കാന്‍ പറഞ്ഞാല്‍ അത് ഉദ്യോഗസ്ഥര്ക്ക് കൈക്കൂലിക്കുള്ള പരിപാടിയാണ്, അല്ലെങ്കില്‍ ആരെങ്കിലും ഹെല്മെറ്റ് കമ്പനിയുമാക്കിയുണ്ടാക്കിയ രഹസ്യ കരാറിന്റെ ഭാഗമാണേന്ന് പറയുന്നത്.വികാരത്തിന്റെ പുറത്ത് സംഭാവന കൊടുക്കാന്‍ തയാറുള്ളത് പോലെ വികാരപ്പുറത്ത് സമരക്കാരും മറ്റും അത് നശിപ്പിക്കാനും തയാറായി നില്പുണ്ട്, ഇക്കാസോ,thamanU ഇഞിപ്പെണ്ണ്, എതിരന്‍ കതിരവന്‍, അതുല്യ,കരിം മാഷ്, ഇടിവാള്‍..കുട്ടന്‍മേനൊന്‍ . അതു പോലെ പല പ്രഗല്ഭരും എഴുതിയ കമ്മന്റുകള്‍ ക്ക് കീഴെ ഒരൊപ്പ് കൂടി...

  ReplyDelete
 63. സമ്മേളനങ്ങളില്‍ ഒടുവിലത്തെ പ്രാസംഗികന്മാര്‍ പറയും പോലെ...
  ഇവിടെ എത്തിയപ്പോള്‍ താമസിച്ചു പോയി. എനിക്ക് പറയാനുള്ളതെല്ലാം എനിക്ക് മുന്‍പ് സംസാരിച്ചവര്‍ പറഞ്ഞുകഴിഞ്ഞു.
  എങ്കിലും അറിഞ്ഞ ചില കാര്യങ്ങള്‍ വച്ചിട്ട് ഒരു കാര്യം പറയാം. സന്നദ്ധ സംഘടനകള്‍ നല്‍കുന്ന സംഭാവനകള്‍ മെഡിക്കല്‍ കോളേജുകള്‍ സ്വീകരിക്കാറുണ്ട്. മെഡിക്കല്‍ കോളേജിലെ ചില സ്ഥലങ്ങളിലും സംവിധാനങ്ങള്‍ലിലും ഒക്കെ അത്തരം സംഘടനയുടെ പേരുകള്‍ ആലേഖനം ചെയ്ത കാഴ്ച (ഇരിപ്പിടങ്ങള്‍ല്‍ മുതല്‍ കുടിവെള്ളം വരെ) ഒരു ഓര്‍മ്മചിത്രം പോലെ മനസില്‍ എവിടെയോ കിടക്കുന്നു. റോട്ടറി ക്ല്ലബ്ബുകളും റൌണ്ട് ടേബിളും ലയണ്‍സ് ക്ലബ്ബും ഒക്കെ ആയിട്ട്.
  എന്തായാലും നാട്ടും പുറങ്ങളിലെ ആശുപത്രികളില്‍ സ്വീകരിക്കും. മെഡിക്കല്‍ കോളേജുകള്‍ക്കായി വേറേ നിയമം ഉള്ളതായും തോന്നുന്നില്ല. പക്ഷെ അവയൊക്കെ സന്നദ്ധ സംഘടനകള്‍ നല്‍കണം എന്നു മാത്രം, റാന്‍ബാക്സിയോ സിപ്ലയോ‍ ഗ്ലാക്സോയോ പ്രോക്ടര്‍ ആന്റ് ഗാംബിളോ നല്‍കിയാല്‍ പോരാ...

  പക്ഷെ അവര്‍ക്ക് ഉപയോഗിക്കാനാവുന്നതിന്റെ / അതിന്റെ രീതിയുടെ / പ്രായോഗികതയുടെ ഫീസിബിലിറ്റി സ്റ്റഡി നടത്തുന്നതാവും മെച്ചം.

  ആവുന്ന സഹായം ഉറപ്പായും വാഗ്ദാനം ചെയ്യുന്നു.
  ഒരിക്കല്‍ ഞാനും അവിടെ ശ്വാസത്തിനായി ദീനതയോടെ നോക്കി കിടക്കേണ്ടതാണല്ലോ...

  ഒരു ചെറിയ കാര്യം : രണ്ടു ദിവസമായി ഇവിടെ ഈ പോസ്റ്റില്‍ മൌനമാണ് എന്നു കാണുന്നു.
  ഇനി എന്താണ് അടുത്തത്?

  ReplyDelete
 64. ഇതാണ് കുഴപ്പം ചര്‍ച്ച ഇപ്പൊഴേ വഴി മുട്ടിയിയിരിക്കുന്നു.

  ReplyDelete
 65. മനോരമയിലെ ഈ വാര്‍ത്ത എല്ലാവരുടെയും ശ്രദ്ധയ്ക്കായി പോസ്റ്റ് ചെയ്യുന്നു. അപ്പൊ ഉപകരണങ്ങളില്ലാത്തതല്ല, തലയ്ക്കു മണ്ഡരി ബാധിച്ച ജോലിക്കാരുടെ ആര്‍ത്തിയാണ് നമ്മുടെ നാട്ടിലെ പ്രശ്നം!

  ReplyDelete
 66. ഈ പോസ്റ്റും ചര്‍ച്ചയും കണ്ടെത്തിയതും വായിച്ചതും ഇപ്പോളാണ്. അനുഭവം വെച്ച് ഏറെ എഴുതാനുണ്ട്. എന്തായാലും ചര്‍ച്ച നടക്കട്ടെ.

  നാട്ടിലെ മെഡിക്കല്‍ ഉപകരണരംഗത്ത് ക്രിയാത്മകമായ ഒരു ഇടപെടല്‍ നടത്തുന്നതിന് അതിസാഹസികം എന്നുതന്നെ പറയാവുന്ന ഒരു പദ്ധതി മനസ്സിലുണ്ട്. പക്ഷേ ഇത്രയ്ക്കൊന്നും എളുപ്പമാവില്ല അത്. പണം കൈകാര്യം ചെയ്യല്‍ / സ്ഥിരമായ, നിസ്വാര്‍ത്ഥമായ ഉത്തരവാദിത്തം തുടങ്ങിയ അപകടങ്ങളും ഉണ്ടാവും. അവിടം വരെ എത്താന്‍ ഇനിയും സമയമായില്ല എന്നുതോന്നുന്നു. മുന്‍പേ അതിനെക്കുറിച്ചു പറഞ്ഞ് ഈ നല്ല ചര്‍ച്ചയും കുളമാക്കാന്‍ ഒരു കാരണം ഉണ്ടാക്കിവെക്കുന്നില്ല.

  ഇവിടങ്ങളില്‍ ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ മൊത്തമായി (അതിനുവേണ്ട കെട്ടിടങ്ങളും ഉപകരണങ്ങളും ചിലപ്പോഴൊക്കെ വിശേഷജോലിക്കാരുടെ ശമ്പളം പോലും അടക്കം)ദാനമായി ആണ് കിട്ടുന്നത് പലപ്പോഴും. സ്വകാര്യകമ്പനികളുടെ മഹത്തായ സത്കൃത്യം, അല്ലേ?
  ഇത്തരം ദാനങ്ങള്‍ക്കുള്ളിലെ ഒളിച്ചിരിക്കുന്ന കുടുക്കുവിദ്യകള്‍ ഉപയോഗിച്ചാണ് ഈ കമ്പനികള്‍ പിന്നീട് മുഴുത്ത അട്ടകളായി തടിച്ചുവീര്‍ക്കുന്നത്.

  മെയിന്റനന്‍സ് കോണ്ട്രാക്റ്റാണു മാഷേ കാര്യം, “മെയിന്‍ ടെനന്റ്സ് “ കോണ്ട്രാക്റ്റ്. നാട്ടിലും പ്രധാന വില്ലന്‍ അവന്‍ തന്നെ. അവനെയാണു നാം ആദ്യം ഉന്നം വെക്കേണ്ടത്.

  ബാക്കി പിന്നെ.

  ReplyDelete
 67. This comment has been removed by the author.

  ReplyDelete
 68. രജിസ്റ്റര്‍ ചെയ്യാത്ത ഒരു സംഘടനയോ അതെല്ലെങ്കില്‍ ഒരു കൂട്ടം വ്യക്തികളോ മെഡിക്കല്‍ ഉപകരണങ്ങള്‍ മെഡിക്കല്‍ കോളേജിന്‌ സംഭാവന ചെയ്യുന്നതില്‍ എന്തെങ്കിലും നിയമതടസ്സമുണ്ടോ എന്നറിയാന്‍ വേണ്ടി കേരള ആരോഗ്യവകുപ്പ്‌ സെക്രട്ടറി Mr.Viswas Mehta യുമായി എന്റെ സുഹൃത്ത്‌ വഴി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ അഭിപ്രായമനുസരിച്ച്‌ ഇതിന്‌ യാതൊരു നിയമതടസ്സവുമില്ല.second hand machinary സ്വീകരിക്കുന്നതല്ല.ഇന്‍ഡ്യയില്‍ നിന്നുള്ള മെഷീന്‍ ആണെങ്കില്‍ കസ്റ്റംസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കുറക്കാമെന്നും, ഫൊക്കാന നല്‍കിയ ഉപകരണങ്ങള്‍ second hand ആയതുകൊണ്ട്‌ പ്രശ്നങ്ങള്‍ ഉണ്ടായെന്നും, അദ്ദേഹം പറഞ്ഞു.

  കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ എന്റെ സുഹൃത്ത്‌ Dr. Raju Karuppal, (Dept.Ortho.), ആ കോളേജിലെ അധികൃതരുമായി ബന്ധപ്പെട്ടതിനുശേഷം അറിയിച്ചത്‌ വ്യക്തികളും സ്ഥാപനങ്ങളും ഇതുപോലെ ഉപകരണങ്ങള്‍ മെഡിക്കല്‍ കോളേജിന്‌ നല്‍കാറുണ്ടെന്നും അതിന്‌ യാതൊരു നിയമ തടസ്സവുമില്ല എന്നുമാണ്‌. ഡോ. രാജുവിന്റെ അഭിപ്രായത്തില്‍ കേരളത്തിലെ അഞ്ച്‌ മെഡിക്കല്‍ കോളേജുകളില്‍ വെന്റിലേറ്റര്‍ വളരെ ആവശ്യമാണെന്നും അത്‌ കിട്ടിയാല്‍ ഉപയോഗിക്കപ്പെടാതിരിക്കില്ല എന്നുമാണ്‌. ഒരു ICU വില്‍ 20 ബെഡില്‍ ഏതാണ്ട്‌ എല്ലാ രോഗികള്‍ക്കും വെന്റിലേറ്റര്‍ ആവശ്യമായി വരുന്നുണ്ട്‌. ആവശ്യത്തിന്‌ കിട്ടാതെ രോഗികള്‍ മരിക്കുന്നുമുണ്ട്‌. മെഡിക്കല്‍ ഉപകരണങ്ങള്‍ ആശുപത്രികള്‍ ഉപയോഗിക്കുന്നില്ല എന്ന് പത്രവാര്‍ത്തകള്‍ വരുന്നത്‌ Health Service ന്റെ കീഴില്‍ വരുന്ന ആശുപത്രികളിലാണ്‌. ഈ ആശുപത്രികളില്‍ ആവശ്യത്തിന്‌ സ്റ്റാഫ്‌ ഉണ്ടാകാറില്ല. പക്ഷെ Medical Education Service ന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജുകളില്‍ trained staff ന്‌ കുറവില്ല. ഉപകരങ്ങള്‍ക്ക്‌ ആവശ്യം ഏറെയുമുണ്ട്‌. പ്രതേകിച്ചും സാധാരണ ജനങ്ങള്‍ക്ക്‌. മെഡിക്കല്‍ കോളെജില്‍ വെന്റിലേറ്റര്‍ പോലുള്ള ഉപകരണങ്ങള്‍ over use ആവുകയല്ലാതെ ഉപയോഗിക്കാതിരിക്കുന്ന അവസ്ഥ ഉണ്ടാവില്ലെന്ന് ഡോ.രാജു പറയുന്നു.

  Dr.Raju വുമായി ബന്ധപ്പെടണമെങ്കില്‍ മൊബൈല്‍ നംബര്‍: 9447330002 ( Pls. give my reference:- C.K Sasi, Advocate, Supreme Court, New Delhi).

  എന്റെ എല്ലാവിധ സഹായങ്ങളും ഉണ്ടാവുന്നതാണ്‌.

  ReplyDelete
 69. ചര്‍ച്ച എവിടെ വരെ എത്തി?


  ഒറ്റകെട്ടായാ‍ല്‍ എന്തൊക്കെ ചെയ്യാ‍ന്‍, എങ്ങിനെയൊക്കെ ചെയ്യാന്‍ സാധിക്കും?


  അടുത്ത നടപടി എന്ത്?


  എന്താ‍ണ് കണ്‍ക്ലൂഷന്‍?

  ReplyDelete
 70. പ്രിയ സുഹൃത്തുക്കളേ,
  നിനച്ചിരിക്കാതെ തിരക്കുകള്‍ വന്നതുകൊണ്ട് കുറച്ചു ദിവസം മറ്റൊരു കാര്യത്തിനും ഇറങ്ങാന്‍ പറ്റാഞ്ഞതാണ്‌, ക്ഷമിക്കുമല്ലോ.

  അഭിപ്രായങ്ങളെല്ലാം പ്രിന്റ് എടുക്കുകയാണ്‌ വിശദമായി വായിക്കാന്‍, പ്രത്യേകിച്ച് വഡവോസ്കിയുടെ അപ്ഡേറ്റ്.

  നാളെ (ഞായറാഴ്ച്ച) നമുക്കുവേണ്ടി ഒരാള്‍ ബന്ധപ്പെട്ട അധികൃതരെ കണ്ട് കാര്യവിവരങ്ങള്‍ തിരക്കാമെന്നേറ്റിട്ടുണ്ട്, ഒന്നു രണ്ട് ദിവസത്തിനകം കൃത്യമായ വിവരങ്ങള്‍ കിട്ടിയേക്കും.

  താമസം കൊണ്ട് ആരുടെയും ഉത്സാഹം കെട്ടിട്ടില്ലെന്ന് പ്രതീക്ഷിക്കട്ടെ.

  ReplyDelete
 71. എല്ലാവരോടും.....
  ദീപികയില്‍ ഇപ്പോഴുള്ള പരമ്പര ഒന്നു വായിച്ചിട്ട് ഇതിനിറങ്ങാന്‍ അപേക്ഷ...
  പരമ്പര ദീപികയുടെ ഓണ്‍ലൈന്‍ എഡിഷനില്‍ ഉണ്ട്.

  ReplyDelete
 72. Anoni,
  Please give that link in Deepaka!

  thanks

  ReplyDelete
 73. Goto deepika.com.
  പരമ്പരയുടെ പേര് വഴിയാധാരമാകുന്ന രോഗികള്‍

  ReplyDelete
 74. OK Thxs. Link here.

  http://www.deepika.com/feature/story.asp

  ReplyDelete
 75. എന്റെ കമന്റില്‍ ഞാന്‍ പറഞ്ഞിരുന്നു ഉപകരണങ്ങള്‍ ഉപയോഗിക്കാത്തത്‌ Health Serviceന്റെ കീഴിലുള്ള ആശുപത്രികളിലാണെന്ന്. മെഡിക്കല്‍ കൊളേജുകളില്‍ മെഡിക്കല്‍ ഉപകരങ്ങള്‍ ഉപയോഗിക്കാതിരിക്കുക സാധ്യമല്ല എന്നാണ്‌ എനിക്ക്‌ കിട്ടിയ വിവരം.ദീപികയിലെ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന ആശുപത്രികളെല്ലാം തന്നെ Health Service ന്റെ കീഴിലുള്ള ജില്ലാ-താലൂക്ക്‌ ആശുപത്രികളാണ്‌.

  ReplyDelete
 76. ഇതിന്റെ അപ്ഡേറ്റ് ആരെങ്കിലും ഒന്നു പോസ്റ്റ് ചെയ്തിരുന്നെന്കില്‍...

  ReplyDelete