Tuesday, December 7, 2010

കുട്ടികള്‍ക്കുള്ള യൂണിഫോം - ഒരു അപ്‌ഡേറ്റ്

സുഹൃത്തുക്കളേ

വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്കായി സ്കൂള്‍ യൂണിഫോം നല്‍കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നു എന്ന് സസന്തോഷം അറിയിക്കട്ടെ. ഈ പ്രവര്‍ത്തനത്തിന്റെ  ഇതുവരെയുള്ള വിവരങ്ങള്‍ താഴെ കുറിക്കുന്നു.

യൂണിഫോം വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സെര്‍വ് ഇന്ത്യാ ആദിവാസി സ്കൂളിലെ അദ്ധ്യാപകന്‍ സാമുവല്‍ സാര്‍, മറ്റ് 2 അദ്ധ്യാപകര്‍ എന്നിവരുമായി നവംബര്‍ 30ന് വയനാട്ടിലെ മാനന്തവാടിയില്‍ വെച്ച് ബൂലോക കാരുണ്യത്തിന്റെ പ്രതിനിധി ചര്‍ച്ച നടത്തി. ഡിസംബര്‍ 3ന് അദ്ധ്യാപകര്‍ ഇക്കാര്യം ഔര്‍ദ്യോഗികമായി സ്കൂള്‍ പി.ടി.എ. മീറ്റിങ്ങില്‍ അവതരിപ്പിച്ചു. ഈ അദ്ധ്യയന വര്‍ഷം അവസാനിക്കാന്‍ ഇനി 4 മാസത്തില്‍ താഴെ മാത്രമേ സമയം ഉള്ളൂ എന്നതിനാലും, യൂണിഫോം തുന്നിയെടുക്കാന്‍ 2 മാസത്തിലധികം സമയം എടുക്കുമെന്നതിനാലും ഇക്കൊല്ലത്തിന് പകരം അടുത്ത അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ യൂണിഫോം വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

ആദിവാസികളില്‍ സഹായം എത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നമ്മള്‍ക്കൊപ്പം നില്‍ക്കുന്ന സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ചെതലയം എന്ന സ്ഥലത്തുള്ള ശ്രീ.കുഞ്ഞഹമ്മദിക്കയുടെ രണ്ട് പെണ്‍മക്കള്‍ അടക്കമുള്ള 4 യുവതികളും, മനോജ് എന്ന പേരുള്ള യുവാവുമാണ് കുട്ടികള്‍ക്ക് വേണ്ട യൂണിഫോം തുന്നുന്ന ജോലി ഏറ്റെടുത്തിരിക്കുന്നത്.

06 ഡിസംബര്‍ 2010ന് അവര്‍ സ്കൂളില്‍ ചെന്ന് കുട്ടികളുടെ അളവുകള്‍ എടുത്തുകഴിഞ്ഞു. 3 കുട്ടികള്‍ മാത്രമാണ് അന്നേ ദിവസം സ്ക്കൂളില്‍ വരാതിരുന്നത്. അവരുടെ അളവെടുക്കല്‍ സൌകര്യം പോലെ മറ്റൊരു ദിവസം ചെയ്യുന്നതാണ്. 1 മുതല്‍ 6 ക്ലാസ്സ് വരെയുള്ള കുട്ടികളുടെ അളവാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. മൊത്തം 289 കുട്ടികളാണ് ക്ലാസ്സ് 1- 6 വരെയുള്ളത്.  ഇതിലേക്ക് അടുത്ത കൊല്ലത്തെ ക്ലാസ്സ് 1ലെ കുട്ടികള്‍ കൂടെ ചേര്‍ക്കപ്പെടും. അതും 40 ന് മുകളില്‍ കുട്ടികള്‍ കാണുമെന്ന് പ്രതീക്ഷിച്ചാല്‍, ഏകദേശം 329 കുട്ടികള്‍ എന്ന് കണക്കാക്കാം.

അടുത്ത അദ്ധ്യയന വര്‍ഷമാകുമ്പോള്‍ ഇക്കൊല്ലത്തെ ക്ലാസ്സ് 7 ലെ കുട്ടികള്‍ സ്കൂള്‍ വിട്ടുപോകുകയും, അതോടൊപ്പം അടുത്ത കൊല്ലം പുതിയ ക്ലാസ്സ് 1 ലേക്ക് കുട്ടികള്‍ വരുമെന്നുമിരിക്കെ, അടുത്ത കൊല്ലം ജൂണ്‍ ആദ്യവാരത്തില്‍ അപ്പോഴത്തെ ക്ലാസ്സ് 1ന്റെ അളവ് കൂടെ എടുത്ത് അത്രയും കുട്ടികള്‍ക്കുള്ള തുണികള്‍ കൂടെ തുന്നിയാല്‍ മതിയല്ലോ. അതിനകം തന്നെ ഇപ്പോള്‍ എടുത്ത അളവ് പ്രകാരമുള്ള യൂണിഫോമുകള്‍ തുന്നി തീര്‍ന്നിട്ടുമുണ്ടാകും.

മൊത്തം ആവശ്യം വരുന്ന തുണിയുടെ കൊട്ടേഷന്‍ രണ്ടോ മൂന്നോ സ്ഥലങ്ങളില്‍ നിന്ന് എടുത്ത് അതില്‍ വിലക്കുറവ് മാത്രം നോക്കാതെ നിലവാരം കൂടെ ഉറപ്പ് വരുത്തി തുണി വാങ്ങി, ഉടനെ തന്നെ തുന്നല്‍ ജോലികള്‍ ആരംഭിക്കുന്നതാണ്.

യൂണിഫോം തുണിയുടെ സാമ്പിളിന്റെ ചിത്രം താഴെ നോക്കൂ. നീല നിറത്തിലുള്ളത് പാന്റ് / പാവാടയും, നീലയും വെള്ളയും കലര്‍ന്ന തുണി ഷര്‍ട്ടിന്റേതുമാണ്.


ജൂണ്‍ ആദ്യവാരത്തിലോ രണ്ടാമത്തെ വാരത്തിലോ സ്കൂളില്‍ ചെന്ന് വസ്ത്രങ്ങള്‍ വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അതെന്നാണ് ചെയ്യാനാകുന്നതെന്നും മറ്റുമുള്ള കാര്യങ്ങള്‍ ബൂലോക കാരുണ്യം വഴി എല്ലാവരേയും അറിയിക്കുന്നതാണ്. താല്‍പ്പര്യമുള്ളവര്‍ക്ക് അന്നേ ദിവസം സ്കൂളില്‍ എത്തി ഈ പ്രവര്‍ത്തനങ്ങളില്‍ നേരിട്ടുള്ള പങ്കാളിത്തവും നല്‍കാവുന്നതാണ്.

സഹായ സഹകരങ്ങള്‍ക്ക് എല്ലാവരോടും നന്ദി അറിയിക്കുന്നു. തുടര്‍ന്നും സഹായങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.

12 comments:

 1. good to know.. thanks niru for the updates..

  ReplyDelete
 2. Manoj
  thanks for the update,
  all the best for the project.

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. നല്ല കാര്യം.

  എല്ലാ പിന്തുണയും, ആശംസകളും!

  ReplyDelete
 5. എല്ലാവിധത്തിലുള്ള സഹായങ്ങള്‍ക്കും തയ്യാര്‍ !. ആശംസകള്‍

  ReplyDelete
 6. നല്ല ഉദ്യമം.....
  ഭാവുകങ്ങള്‍........

  ReplyDelete
 7. ഈ നിശ്ശബ്ദസേവനം മഹത്തരമായി തുടരട്ടെ... എല്ലാ വിധ ആശംസകളും...

  ReplyDelete
 8. ബൂലോഗകാരുണ്യം - ജനുവരി അപ്ഡേറ്റ്
  http://boologakarunyam.blogspot.com/2011/02/blog-post.html

  ReplyDelete
 9. വളരെ നല്ല കാര്യം.

  ReplyDelete
 10. നല്ല ഒരു സംരംഭം.
  ഈ 'സെര്‍വ് ഇന്ത്യ' സ്കൂള് നെ കുറിച്ച് കൂടുതല് അറിയാ‍ന്‍ താല്പര്യം ഉണ്ട്.
  ദയവായി ഈ സ്കൂള് ന്റെ വിശദമായ മേല്‍വിലാസ വും, സ്കൂള് മാനെജ്മെന്റ് നെ കുറിച്ചും കൂടുതല് വിവരം വും നല്കുക.

  ReplyDelete